” ഒരു മനുഷ്യനിൽത്തന്നെ ഒരുപാട് മനുഷ്യരുണ്ട് ” – Fernando Pessoa (Portuguese Poet)
” ദൈവവും ചെകുത്താനും സത്യസന്ധനും തെമ്മാടിയും ദയാലുവും കാമവെറിയനും വിശാലഹൃദയനും സ്വാർത്ഥനും സംഗീതജ്ഞനും സാഹിത്യകാരനും എഞ്ചിനീയറും ഈ അനോണിമസ്സും എല്ലാം ഞാൻ തന്നെ ” – Anonymous
ഒരു ദൂരയാത്ര കഴിഞ്ഞ് മടങ്ങുകയാണ് ഞാൻ. കൂടെ അവളും ഉണ്ട് . ഒരു ദുഃസ്വപ്നം പോലെയാണ് അത് സംഭവിച്ചത് . കണ്ണ് തുറന്നപ്പോൾ കൂരാക്കൂരിരുട്ട് . നീട്ടിപ്പിടിച്ചാൽ വിരലിനെപ്പോലും വിഴുങ്ങിക്കളയുന്ന അന്ധകാരം. ഉന്നം വെച്ച് നടക്കാനായി ചന്ദ്രന്റെ വെളിച്ചം പോലുമില്ല. ഓക്സിജൻ വലിച്ചെടുക്കാനും കാർബൺ ഡയോക്സൈഡ് പുറത്തുവിടാനുമായി എനിക്കും അവൾക്കും പുറമെ വേറെയാരും ചുറ്റുവട്ടത്തൊന്നുമില്ല. “പേടിയാവുന്നു” എന്ന ഒറ്റ വാക്ക് കൊണ്ട് അവൾ എന്റെ ഹൃദയമിടിപ്പ് ഡബിൾ വോളിയത്തിലാക്കി. ഒന്നും എന്നെ ഏശിയിട്ടില്ല എന്ന് വരുത്തിത്തീർക്കാനായി അവളുടെ കൈ പിടിച്ച് ഞാൻ മുന്നോട്ട് നടന്നു. ഉള്ളിലെ പേടി മറച്ചുവെച്ചുകൊണ്ട് എന്നിലില്ലാത്ത ധീരത അവളുടെ നെഞ്ചിലേയ്ക്ക് പകർന്നു കൊടുക്കാനായി ഞാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.
കുറച്ചു ദൂരം നടന്നപ്പോൾ ചന്ദ്രന്റെ ഒരു കൊച്ചവതാരം പോലെ കുറച്ച് വെളിച്ചം ഞങ്ങൾക്ക് വീണുകിട്ടി. ഒരു ലോഡ്ജിൽ നിന്നായിരുന്നു കുഞ്ഞുചന്ദ്രൻ പ്രകാശം പരത്തിക്കൊണ്ടിരുന്നത് . അർദ്ധരാത്രിയിലെ യാത്ര അത്ര പന്തിയല്ലാത്തതുകൊണ്ട് അവളെയും കൂട്ടി അന്ന് രാത്രി ആ ലോഡ്ജിൽ തങ്ങാമെന്ന് ഞാൻ കണക്കുകൂട്ടി. അവൾക്കും മറ്റൊരഭിപ്രായമില്ലായിരുന്നു. എന്നാൽ കുഞ്ഞുചന്ദ്രന്റെ വെളിച്ചത്തെക്കാളേറെ ഞങ്ങളെ വരവേറ്റത് ഒരു പറ്റം കഴുകന്മാരുടെ തൊട്ടാൽ വിരൽ മുറിയുന്ന നോട്ടങ്ങളായിരുന്നു. നോട്ടങ്ങളൊന്നും അവളുടെ ദേഹത്ത് തട്ടാതിരിക്കാനായി ഞാൻ സ്വന്തം ശരീരം കൊണ്ട് അവയെല്ലാം തടുത്തുകൊണ്ടിരുന്നു. അവിടെ മുറിയെടുക്കുന്നത് പോയിട്ട് നിൽക്കുന്നതു പോലും അപകടമാണെന്ന് മനസ്സിലാക്കി തറയിലും ദേഹത്തും തട്ടിച്ചിതറിയ ഏതാനും ചോദ്യങ്ങളെ അവഗണിച്ച് ഞാൻ അപ്പോൾത്തന്നെ അവളെയും കൂട്ടി തിരിച്ചു നടന്നു.
അന്ധകാരം അപ്പോഴും ഞങ്ങളെ വിഴുങ്ങാനായി വാ പൊളിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഒരായിരം ചോദ്യങ്ങളടങ്ങിയ അവളുടെ ഭയം കലർന്ന ദയനീയ നോട്ടത്തെ ചെറുത്തുനിൽക്കാനായി ഞാനവളുടെ കൈ മുറുകെപ്പിടിച്ചു. പേടി കൊണ്ടോ അതോ തണുപ്പ് കൊണ്ടോ ഞങ്ങളുടെ രണ്ടുപേരുടെയും കൈകൾ മരവിച്ചിരുന്നു.
ഒന്നോ രണ്ടോ കിലോമീറ്റർ മുന്നോട്ട് നടന്നപ്പോൾ ആശ്വാസത്തിന്റെ ഒരു ചെറുതിരി കൊളുത്തിക്കൊണ്ട് ഒരാൾ എതിരെ വരുന്നത് ഞങ്ങൾ കണ്ടു. ഏറ്റവും അടുത്തുള്ള കവലയിലേയ്ക്ക് 5 കിലോമീറ്റർ ദൂരമുണ്ടെന്നും അസ്സമയം ആയതുകൊണ്ട് അവിടെച്ചെന്നാലും ഒരോട്ടോ പോലും കിട്ടാൻ സാധ്യതയില്ലെന്നും പറഞ്ഞ് കത്തിച്ച ചെറുതിരി അയാൾ തന്നെ ഊതിക്കെടുത്തി. എവിടെ നിന്ന് വരുന്നു, എങ്ങനെ ഇവിടെയെത്തി എന്നു തുടങ്ങിയുള്ള ഏതാനും അനാവശ്യ ചോദ്യങ്ങൾ അന്ധകാരത്തിന്റെ തുറന്ന വായിലേയ്ക്ക് തിരിച്ചുവിട്ടുകൊണ്ട് ഞങ്ങൾ നടത്തം തുടർന്നു. അപ്പോഴേയ്ക്കും മരവിപ്പ് കൈയ്യിൽ നിന്നും നടന്നു കയറി ഹൃദയത്തിനുള്ളിൽ ഇരിപ്പുറപ്പിച്ചിരുന്നു.
നാലിൽക്കൂടുതൽ ചെരുപ്പുകൾ റോഡിലുരയുന്ന ശബ്ദം കേട്ട് ഞാൻ ഇടങ്കണ്ണിട്ട് തിരിഞ്ഞുനോക്കി. മൂന്നാലു പേർ ഞങ്ങളെ പിന്തുടരുന്നതാണ് ഞാൻ കണ്ടത് . എല്ലാവർക്കും എന്റെ അതേ മുഖച്ഛായയാണെന്നത് എന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ കൈകൾ അവളുടെ കണ്ണുകളെ പുറകോട്ട് തിരിയുന്നതിൽ നിന്നും വിലക്കുന്നതിൽ വിജയിച്ചെങ്കിലും എന്റെ മനസ്സ് ഭയത്തോടും കാലുകൾ റോഡിനോടും കൂടുതൽ ശക്തിയോടെ മല്ലിട്ടുകൊണ്ടിരുന്നു. പക്ഷേ, ഞൊടിയിടയിൽ മൂന്ന് വൈശാഖുമാർ മുപ്പതായി! മുപ്പത് മുന്നൂറായി! എന്റെ കൈകളും പരാജയപ്പെട്ടു തുടങ്ങി.
അടുത്ത നിമിഷം കുറേയാളുകൾ മുന്നിൽ നിന്നും നടന്നടുക്കുന്നത് കാണാനായി. എന്റെ ക്ലോണുകളായിരുന്നു അവരും. ദൈന്യതയും അമ്പരപ്പും ആരാണ് മുമ്പൻ എന്ന ഇഞ്ചോടിഞ്ച് പോരാട്ടം അവളുടെ കണ്ണുകളിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഇനി മുന്നോട്ടാഞ്ഞിട്ട് കാര്യമില്ല എന്ന് സ്വയം മനസ്സിലാക്കിയതു പോലെ കാലുകൾ റോഡുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ഹൃദയമിടിപ്പ് പൂർവ്വാധികം ശക്തിയോടെ ‘നാക്കുമുക്കി’നെ വെല്ലുമാറ് വേഗത്തിൽ തുടർന്നുകൊണ്ടിരുന്നു.
ഒടുവിൽ ആയിരം വൈശാഖുമാർ ഒന്നിച്ച് ഞങ്ങളെ വളഞ്ഞു. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് . ഒരാൾക്ക് എന്നെക്കാൾ വലിയ കണ്ണുകളാണുള്ളത്, ഒരാൾക്ക് വലിയ കഴുത്ത്, ഒരാൾക്ക് വലിയ ചെവികൾ, മറ്റൊരാൾക്ക് വലിയ കൈകൾ, വേറൊരാൾക്ക് വലിയ നെഞ്ചിൻകൂട് ! എല്ലാവരും ചേർന്നുള്ള തിരക്കിൽപ്പെട്ട് എനിക്ക് അവളുടെ കൈയ്യിനുമേലുള്ള പിടി വിടേണ്ടിവെന്നെങ്കിലും അവൾ അവളുടെ വലതുകൈ കൊണ്ട് എന്റെ ഇടതു കൈയ്യിൽ വിടാതെ പിടിച്ചിരുന്നു. പെട്ടെന്നേറ്റ ആഘാതമായി ആയിരത്തിൽ ഒരുവന്റെ ഇരുമ്പുമുഷ്ടി എന്റെ നെഞ്ചിൻകൂട് തകർത്ത് നിർത്താതെ മിടിച്ച് കിതയ്ക്കുന്ന ഹൃദയത്തെ പുറത്തെടുത്തു. മറ്റൊരുവന്റെ ആഞ്ഞുള്ള പ്രഹരം എന്റെ തലയോട്ടിയെ രണ്ടായി പിളർത്ത് തലച്ചോറിനെ പുറത്തെടുത്തു. പുറകിലുള്ളവർ തങ്ങളാലാവും വിധം ശ്രമിച്ചിട്ടും എന്റെ കൈയ്യിനു മേലുള്ള അവളുടെ പിടുത്തം വിടുവിയ്ക്കാനായില്ല. തലച്ചോറും ഹൃദയവും നഷ്ടപ്പെട്ട ഞാൻ ഗ്രഹണത്തിനായി ചന്ദ്രൻ വന്നടുക്കുമ്പോൾ വെറുതേ നിന്നുകൊടുക്കുന്ന സൂര്യനെപ്പോലെ ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുകയായിരുന്നു.
ഒരുപാട് നേരം ശക്തിയോടെ പിടിച്ചു നിന്ന് ഒടുക്കം വൈശാഖുമാരുടെ കൈക്കരുത്തിന് വഴങ്ങി അവൾക്ക് കൈയ്യിലെ പിടുത്തം വിടേണ്ടിവന്നെങ്കിലും എന്റെ നീട്ടിപ്പിടിച്ച വിരലുകളിലൊന്നിൽ അവൾക്ക് പിടി കിട്ടി. എന്റെ ഇടതു കൈയ്യിലെ മോതിരമിടാത്ത മോതിരവിരലായിരുന്നു അത് . പെട്ടെന്നേതോ ശക്തി ആവാഹിച്ച പോലെ ആയിരങ്ങളൊരുമിച്ച് തൊണ്ട പൊട്ടുമാറുച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച് എന്റെ ചെവിയ്ക്കുള്ളിൽ കുത്തിനിറയ്ക്കാൻ തുടങ്ങി.
“അറാറാ നാക്കുമുക്ക് നാക്കുമുക്ക് നാക്കുമുക്ക് …”
പെട്ടെന്ന് ഞാൻ ഞെട്ടിയെഴുന്നേറ്റു. മൊബൈലിൽ അലാറം നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. സമയമാണെങ്കിൽ 8:30 കഴിഞ്ഞു. ഇന്നും പതിവുപോലെ ഓഫീസിൽ പോകാൻ വൈകിയിരിക്കുന്നു. പല്ല് തേയ്ക്കാനായി ബ്രഷും എടുത്ത് ധൃതി പിടിച്ച് ഓടിയ ഞാൻ കാൽ വഴുതി കൈയ്യും കുത്തി വീണു. ഓർക്കാപ്പുറത്ത് നിലത്തുവീണ കൈകളെ സൂക്ഷിച്ചു നോക്കിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇടതു കൈയ്യിൽ വെറും നാല് വിരലുകൾ. മോതിരവിരൽ നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ വെറും ശൂന്യത മാത്രം!







