DSC05943editd

ഇന്ന് ഓഗസ്റ്റ് 10. IOCL ഓർമ്മദിനം!

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഞാൻ എന്റെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും സുപ്രധാന തീരുമാനമെടുത്തത്. ഒരുപാട് ഹരിയ്ക്കലും ഗുണിയ്ക്കലും കഴിഞ്ഞാണ് തീരുമാനമെടുത്തതെങ്കിലും ഹരണവും ഗുണനവും അക്കങ്ങൾ തമ്മിലുള്ള കളികൾ മാത്രമാണെന്ന് എന്നെ ഓർമ്മിപ്പിച്ച ഒരു വർഷം കടന്നുപോയിരിക്കുന്നു. ഒരിക്കൽ എന്റെ അച്ഛൻ പറയുകയുണ്ടായി, “23ആം വയസ്സിൽ നിന്നെ പിടിച്ച് കെട്ടിച്ചിരുന്നെങ്കിൽ നീ ഒരിടത്ത് സെറ്റിൽ ആയേനെ, എത്ര നന്നായേനെ” എന്ന്. അച്ഛൻ അത് കളിയായി പറഞ്ഞതാണെങ്കിലും ‘ചീത്ത’യാവാനാണ് എന്റെ നിയോഗമെന്ന് എനിക്ക് നന്നായറിയാം. മണ്ടത്തരം, വട്ട്, ഭ്രാന്ത് എന്നൊക്കെ എന്റെ തീരുമാനത്തെ വിശേഷിപ്പിച്ച പലരും ഇന്നും എന്റെ ചുറ്റുമുണ്ട്. അവരെക്കാൾ വലിയ മണ്ടന്മാർ ഈ ലോകത്ത് വേറെയില്ല എന്നറിയാതെ അവർ ജീവിക്കുന്നു. പാവങ്ങൾ!!

RM MovieRaga
This is a comment I got on the Movieraga page of Rear Mirror. I don’t know who wrote this but I’m pretty sure that it’s someone who knows me very well. This means a lot to me. I don’t wanna know who you are. Pls stay anonymous!

നിങ്ങൾ ഒരു കടുവയെ കൂട്ടിലടയ്ക്കുന്നു. അതിനു നാല് നേരവും വയറു നിറയെ ആഹാരം കൊടുക്കുന്നു. കൂട് മോടി പിടിപ്പിക്കുന്നു. അതിനു വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു. ഒരിക്കൽ കടുവ കൂട് പൊളിച്ച് പുറത്തു കടക്കുന്നു. ഒറ്റയ്ക്ക് വേട്ടയാടാൻ ആരംഭിക്കുന്നു. ഓടുന്നു. ചാടുന്നു. പരിക്ക് പറ്റുന്നു. വീണ്ടും ഓടുന്നു. ചാടുന്നു. ഇര പിടിക്കുന്നു. പക്ഷെ എന്നും കടുവ തന്റെ കൂടിനെപ്പറ്റി ഓർക്കും. താൻ ചിന്തിച്ചു കൂട്ടിയതും തനിക്ക് പലതും ചെയ്യാനുള്ള ഊർജ്ജം തന്നതും ആ കൂടാണെന്ന് നന്ദിയോടെ സ്മരിക്കും!

ഓഗസ്റ്റ് 10നെക്കുറിച്ച് രണ്ടു വാക്കെഴുതുമ്പോൾ പരദീപിനെപ്പറ്റി ഞാൻ പറയാതിരിക്കുന്നതെങ്ങനെ. നാല് വർഷത്തെ കോളേജ് ജീവിതം എന്നെ എത്ര മാറ്റിമറിച്ചോ അതിന്റെ നൂറു മടങ്ങാണ് പരദീപ് നാല് വർഷം കൊണ്ട് എന്നിലുണ്ടാക്കിയ മാറ്റം! This is not your destiny എന്ന് എന്നെ സദാ ഓർമ്മിപ്പിയ്ക്കാൻ എനിക്കൊരു സുഹൃത്ത് വേണമായിരുന്നു. അതായിരുന്നു പരദീപ്! എനിക്ക് എന്നോട് തന്നെ സംവദിയ്ക്കാൻ ഇതിലും നല്ലൊരു സ്ഥലം എന്റെ ജീവിതത്തിൽ വേറെ കിട്ടിയിട്ടില്ല എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. എനിക്ക് എന്നെത്തന്നെ മനസ്സിലാക്കിത്തന്നതും ഞാൻ കാണാതെ പോയ പലതിനെയും കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചതും എന്റെ ജീവിതത്തിലെ priorities മൊത്തം മാറ്റിമറിച്ചതും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള kick തന്നതും ഒക്കെ പരദീപ് തന്നെ!

Paradip

പ്ളസ് ടുവിനു പഠിക്കുമ്പോൾ തുടങ്ങിയ ശീലമായിരുന്നു ഒറ്റയ്ക്ക് സംസാരിക്കുക എന്നത്. ആദ്യം കണ്ണാടിയിൽ നോക്കിയായിരുന്നു സംസാരം. പിന്നെപ്പിന്നെ കണ്ണാടി വേണ്ടാതായി. പരദീപിലെ 1107 B ക്വാർട്ടറിലെ കണ്ണാടിയിൽ പൊടിപിടിച്ചു, Soliloquy ഞാൻ തുടർന്നു. വീട്ടിലെ കസേര, മേശ, ലാപ്ടോപ്, ഫാൻ, കട്ടിൽ, തലയണ എല്ലാം ഞാൻ സ്ഥിരം സംസാരിക്കുന്ന എന്റെ സുഹൃത്തുക്കളായി. സ്വയം ശകാരിക്കലും ഉപദേശിക്കലും ആശ്വസിപ്പിക്കലും എല്ലാം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നു. What is the best self-improvement tool എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും soliloquy എന്ന്. ആർക്കും ധൈര്യമായി പരീക്ഷിച്ചു നോക്കാം. 🙂

ഒരു ഓർമ്മദിനത്തിൽ പറയേണ്ടതിനെക്കാൾ കൂടുതൽ ഓർമ്മകൾ പങ്കുവെച്ചു കഴിഞ്ഞു. ടണ്‍ കണക്കിന് ഓർമ്മകൾ ഇനിയും കിടക്കുന്നു പറയാൻ. പക്ഷെ അതെല്ലാം നെഞ്ചിനകത്ത് തന്നെയാണ് ഇരിക്കേണ്ടത്. ഞാൻ എപ്പോഴും കരുതുന്ന പോലെ We live to make memories. ഓർമ്മകൾ ഉണ്ടാക്കാൻ വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ അതിനു സ്വപ്നങ്ങളുടെ അകമ്പടി കൂടിയുണ്ടെങ്കിലോ? സ്വപ്നങ്ങളെ അങ്ങനെ വെറുതെ കൂടെക്കൂട്ടാൻ പറ്റില്ല. പിറകേ പോകണം. മറ്റു പലരെയും പോലെ ഞാനും എന്റെ സ്വപ്നങ്ങൾക്ക് പിറകെയാണ്!! കാലിടറിയേക്കാം, പരാജയപ്പെട്ടേക്കാം. പക്ഷേ എഴുന്നേൽക്കും. വീണ്ടും നടക്കും. അങ്ങറ്റം വരെ!