എഴുതാനായി ജനിച്ചവനോ, ജനിച്ച അന്നു മുതൽ എഴുതിത്തുടങ്ങിയവനോ അല്ല ഞാൻ! മനസ്സിൽ ഉരുത്തിരിയുന്ന ചിന്തകൾ, ആദർശങ്ങൾ, അതു ശുദ്ധമണ്ടത്തരമാണെങ്കിൽപ്പോലും കുറിച്ചുവെയ്ക്കാൻ ശ്രമിക്കും. സംഗീതം, സാഹിത്യം, സിനിമ എന്നീ ‘സ’കാരങ്ങളിൽ ഞാൻ എന്നെ കാണുന്നു. ഓർമ്മകളാണ്‌ എന്നെ മുന്നോട്ടു നയിക്കുന്നത്‌. സ്വപ്നങ്ങൾ എന്റെ സഹയാത്രികരും! നിന്ന നിൽപ്പിൽ പകൽക്കിനാവുകൾ കാണും. രാത്രിയിലെ ബസ്‌ യാത്രയിൽ ജനാലയ്ക്കടുത്തിരുന്ന്‌ പുറത്തെ തണുത്ത കാറ്റിനെ മുഴുവൻ എന്നിലേയ്ക്കാവാഹിച്ച്‌ അനന്തതയിലേയ്ക്ക്‌ നോക്കിയിരുന്ന്‌ സ്വപ്നം കാണും. വരണ്ട മണ്ണിന്‌ പുതുജീവൻ നൽകുന്ന മഴയെ ഗാഢമായി പ്രണയിക്കും. അവളുടെ സൌന്ദര്യത്തിൽ സ്വയം മതിമറക്കും. ഒറ്റയ്ക്കിരിക്കുമ്പോൾ നിശ്ശബ്ദതയുടെ സംഗീതം കേൾക്കും. ഓർമ്മകളിലൂടെ ഒരു പര്യടനം നടത്തും. ചിരിക്കും, കരയും, പാട്ടുകൾ പാടും! അങ്ങനെ അനേകം ഭ്രാന്തുകൾ!! അതാണ്‌ ഞാൻ!

മലപ്പുറം ജില്ലയിൽ ജനിച്ചു വളർന്ന്‌ കോളേജ്‌ ഓഫ്‌ എൻജിനീയറിങ്ങ്‌ തിരുവനന്തപുരത്തു നിന്ന്‌ ബിടെക്‌ ബിരുദവും നേടി ഇപ്പോൾ ഒറീസയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ഒരു കുഞ്ഞു മെക്കാനിക്കൽ എൻജിനീയർ! സംഗീതം ഉള്ളിലുള്ളതുകൊണ്ട്‌ ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചുപോരുന്നു. എന്റെയുള്ളിലെ കലാവാസന എളുപ്പം തിരിച്ചറിഞ്ഞ്‌ അത്‌ പരിപോഷിപ്പിച്ച്‌ എന്നെ ഇന്നത്തെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട അച്ഛനാണ്‌ എല്ലാ കലകളിലും എന്റെ ആദ്യഗുരു! ആ അച്ഛന്റെ അനുഗ്രഹത്തോടെ ബൂലോകത്തിലെ എന്റെ യാത്ര ഞാൻ ആരംഭിയ്ക്കുകയാണ്‌. എന്നിലെ കുറവുകൾ ഒരു തുടക്കക്കാരന്റെ പരിചയക്കുറവായി മാത്രം കരുതുക!