ഞാൻ, ഓർമ്മകളിലൂടെ സഞ്ചരിച്ച്‌ ഓർമ്മകളിൽ ജീവിക്കുന്ന ഒരു നൊസ്റ്റാൾജിക്‌ മനുഷ്യജീവി! ഈ ഓർമ്മകൾ ചിലപ്പോൾ സ്വപ്നങ്ങളായി പരിണമിക്കും, മറ്റു ചിലപ്പോൾ പ്രതീക്ഷകളായും. അതുമല്ലെങ്കിൽ ഇരുണ്ട പാതയിലെ വിജനതയിൽ എന്നെ തനിച്ചാക്കി അവ മാഞ്ഞു പോവും. ഇരുട്ടിനെ പ്രണയിക്കുന്ന ഞാനോ, അതിൽ ആനന്ദം കണ്ടെത്തും. “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന് പണ്ടച്ഛൻ പാടിത്തന്നതോർക്കും. ഒടുവിൽ വെളിച്ചം കണ്ണുകളെ തുളച്ചുകയറുമ്പോൾ ഇരുട്ടിൽ ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം ഒന്നുപോലും ബാക്കിയില്ലാതെ വിസ്മൃതിയിലാണ്ടുപോവും. എങ്കിലും ഇരുട്ടിന്റെ സംഗീതം വിദൂരതയിൽ നിന്നെന്ന പോലെ അപ്പോഴും കാതിൽ മുഴങ്ങുന്നുണ്ടാവും. സ്വപ്നാടനത്തിനായി എന്നെ തിരികെ വിളിക്കുകയാണോ എന്നു തോന്നിപ്പിക്കും വിധം!

ഇരുട്ടിന്‌ ഞാൻ കൊടുക്കുന്ന ഉത്തമ പങ്കാളിയാണ്‌ ഏകാന്തത! ചിലപ്പോൾ ഇരുട്ടിനെ ഉപേക്ഷിച്ച്‌ ഏകാന്തതയെ മാത്രം ഞാൻ കൂടെക്കൂട്ടാറുണ്ട്‌. സ്വയം തിരഞ്ഞെടുക്കുമ്പോൾ ഒരു പുണ്യവും മറ്റുള്ളവർ സമ്മാനിക്കുമ്പോൾ ഒരു ശാപവുമാണ്‌ ഏകാന്തത! ജനലഴികൾ കടന്ന്‌ മഴത്തുള്ളികൾ എന്റെ മുഖത്ത്‌ വീഴുമ്പോൾ ഈ ഏകാന്തതയെ ഞാൻ പ്രണയമെന്നു വിളിക്കും. നീണ്ട വിരഹത്തിനു ശേഷം അവളെ കണ്ട നിർവൃതിയിൽ ഒരായിരം പ്രേമഗാനങ്ങൾ ഞാൻ പാടും. നശ്വരമായ മറ്റു ലൌകികഭോഗങ്ങളെല്ലാം മറക്കും. ഒടുവിൽ വെളിച്ചം അവളെ എന്നിൽ നിന്നകറ്റുമ്പോൾ തുറുങ്കിലടയ്ക്കപ്പെട്ട ചിന്തകളുമായി മനസ്സ്‌ അപ്പോഴും ലക്ഷ്യബോധമില്ലാതെ അലയുന്നുണ്ടാവും.

കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ നോക്കി ഞാൻ സംസാരിക്കുമ്പോൾ ഇതേ ഏകാന്തതയ്ക്ക്‌ ആത്മബലത്തിന്റെ ഛായയാണ്‌. എന്നെ ഞാനാക്കുന്ന ആത്മബലം! അപ്പോൾ, ഓർമ്മകളും ഓർമ്മകളിലെ കഥാപാത്രങ്ങളും എനിക്കു തന്ന ഇന്നത്തെ ഞാൻ, അഥവാ എന്റെയുള്ളിലെ ഞാൻ, എന്നോട്‌ മന്ത്രിക്കും,

“കാലമിനിയുമുരുളും,
വിഷു വരും, വർഷം വരും, തിരുവോണം വരും,
പിന്നെയോരോ തളിരിലും പൂവരും കായ്‌വരും
അപ്പൊഴാരെന്നുമെന്തെന്നുമാർക്കറിയാം…”

മൂന്നാം ക്ലാസ്സിലെ യുവജനോത്സവവേദിയിൽ ശ്രീ. എൻ. എൻ. കക്കാടിന്റെ ‘സഫലമീ യാത്ര’ എന്ന ഈ കവിത ചൊല്ലുമ്പോൾ അപക്വമായ എന്റെ മനസ്സിനറിയുമായിരുന്നില്ല ജീവിതമാകുന്ന ചരടിൽ കോർത്തെടുക്കുന്ന മുത്തുകളാണ്‌ ഓർമ്മകളെന്ന്‌.

ഇന്ന്‌ ഇന്നലെയെയും നാളെ ഇന്നിനെയും വിളിക്കുന്ന പേര്‌! ഓർമ്മകൾ!! നാം ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും അടുത്ത നിമിഷം ഓർമ്മയാവുന്നു. ആ ഓർമ്മകളിൽ മുഴുകി നാം വീണ്ടും ജീവിക്കുന്നു. അപ്പോഴും കാലചക്രം ഉരുണ്ടുകൊണ്ടേയിരിക്കും. ഓർമ്മകൾ വീണ്ടും ഉണ്ടായിക്കൊണ്ടേയിരിക്കും. അതിൽ എല്ലാം മറന്നലിഞ്ഞുചേരാനുള്ള മനുഷ്യന്റെ തൃഷ്ണ മാത്രം മാറാതെ ബാക്കിനിൽക്കും. ഒടുവിൽ ആറടിമണ്ണിൽ എല്ലാം അവസാനിക്കുമ്പോൾ സഹജീവികൾക്ക്‌ സ്വജീവിതം തന്നെ ഓർമ്മയായി സമർപ്പിച്ചുവെന്ന സംതൃപ്തിയോടെ ഇഹലോകം വെടിയും.

രാത്രി ഏറെയായിരിക്കുന്നു. ഓർമ്മകൾ സ്വപ്നങ്ങളായി കൺമുന്നിൽ തെളിയാൻ തുടങ്ങിയിരിക്കുന്നു. ഞാൻ ഉറങ്ങുകയാണ്‌. ഇന്നലെകളിലൂടെയാണെന്റെ യാത്ര. സ്വയം മറന്നുള്ള യാത്ര!! എന്റെ സ്വപ്നാടനം!!