“അമ്മേ, എന്റെ വാച്ച്‌ എവിടെപ്പോയി?” ആറ്റുനോറ്റു വാങ്ങിയ വാച്ചാണ്‌. സ്ക്കൂളിൽ പോവാൻ സമയമായി. കൂട്ടുകാരെയെല്ലാം പുതിയ വാച്ച്‌ കാണിക്കണം. ഗമ കാണിക്കാൻ വേറൊന്നും വേണ്ടല്ലോ! “വാങ്ങിച്ചിട്ട്‌ ഒരു ദിവസമേ ആയുള്ളൂ. അപ്പോഴേയ്ക്കും കൊണ്ടുക്കളഞ്ഞോ?!” എന്ന്‌ അമ്മ കുറ്റപ്പെടുത്തി. മനസ്സിലെ ദേഷ്യവും സങ്കടവും ഒത്തുചേർന്ന്‌ അശ്രുക്കളായി രൂപാന്തരപ്പെട്ടു. സാന്ത്വനിപ്പിക്കാനായി അമ്മ ഓടിയെത്തിയെങ്കിലും സ്ക്കൂൾ ബസ്സിലെ ഒരു സീറ്റ്‌ എന്റേതായിക്കഴിഞ്ഞിരുന്നു.

അശ്രുബിന്ദുക്കൾ കൺതടങ്ങളിൽ തളംകെട്ടിക്കിടന്നപ്പോൾ വല്ലാത്തൊരസ്വസ്ഥതയായിരുന്നു. വഴിമാറിപ്പോയ വസന്തം തിരികെ വന്നതുപോലെ മിഴിനീർകണങ്ങൾ മൃദുലമായ വിരലുകളാൽ നീക്കപ്പെട്ടു. അമ്മയാണോ അത്‌? പതുക്കെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. “മോൻ കരയണ്ടാട്ടോ. ഒന്നൂല്ല്യാ. ഡോക്ടർ ഇപ്പൊ വരും.” നഴ്സിന്റെ ആ വാക്കുകളിൽ സാന്ത്വനത്തിന്റെ നനുത്ത സ്പർശമുണ്ടായിരുന്നെങ്കിലും അലമാലകൾ തീർത്ത്‌ ഇരമ്പിയടുക്കുന്ന കടലിനെ തടഞ്ഞുനിർത്താൻ അത്‌ മതിയാവുമായിരുന്നില്ല.

സ്കൂൾ ബസ്സിലെ തിരക്കിനിടയിൽ ബാഗിലെ എന്തോ ഒന്നിൽ കൈയുടക്കി. തുറന്നു നോക്കിയപ്പോൾ അതാ ഇരിക്കുന്നു വാച്ച്‌. അതുവരെ കാണിച്ച ദേഷ്യമെല്ലാം ആരോടായിരുന്നെന്ന്‌ ചിന്തിച്ചുനോക്കി. മറവിയെ പഴിചാരി രക്ഷപ്പെടാമായിരുന്നെങ്കിലും പാവം അമ്മയ്ക്കുണ്ടായ വിഷമം എന്നിൽ കുറ്റബോധമുണ്ടാക്കി. അതുകൊണ്ടുതന്നെ പുതിയ വാച്ച്‌ കെട്ടി ഗമ കാണിക്കാനും തോന്നിയില്ല. “ഹായ്‌, പുതിയ വാച്ചാണല്ലോ നന്ദു. എത്രയാ സമയം?” നിധിയാണ്‌ ചോദിച്ചത്‌. അതിനിടയ്ക്ക്‌ അവൾ അത്‌ ശ്രദ്ധിച്ചിരിക്കുന്നു. എപ്പോഴും അവൾ അങ്ങനെയാന്‌. സന്ദർഭം നോക്കാതെ മിണ്ടാൻ വരും. ദേഷ്യം പുറത്തു കാണിക്കാതെ മനസ്സില്ലാമനസ്സോടെ ഞാൻ സമയം നോക്കി.

“അയ്യോ മോനേ, കൈ അനക്കരുത്‌. വേദനിക്കും. വെള്ളം വേണെങ്കി ആന്റി എടുത്തുതരുവല്ലോ.” വെളുത്ത തുണി ചുറ്റിയിരിക്കുന്ന കൈയ്യിലേയ്ക്ക്‌ ഒന്നു നോക്കി. മനസ്സിലെ ഭാരം ശരീരത്തിലും ഉള്ളതായി അനുഭവപ്പെട്ടു. നഴ്സിന്റെ സഹായത്തോടെ ഒന്നെഴുന്നേറ്റ്‌ ചുമരിൽ ചാരിയിരുന്നു. വറ്റിവരണ്ട മരുഭൂമിയെ തളിരണിയിക്കാനെന്നപോലെ ദാഹജലം അന്നനാളത്തിലൂടെ ഒഴുകി.

ചോറ്റുപാത്രം എടുക്കാൻ മറന്നതുകാരണം ഉച്ചയ്ക്ക്‌ അച്ഛനാണ്‌ ഭക്ഷണം സ്ക്കൂളിൽ എത്തിച്ചത്‌. അച്ഛനെപ്പോഴും പറയാറുള്ള വാക്കുകൾ ആവർത്തിച്ചു. “നന്നായി വെള്ളം കുടിച്ചിട്ടുവേണം കഴിക്കാൻ തുടങ്ങാൻ.” കഴിച്ചുകഴിയുന്ന വരെ അച്ഛൻ കാത്തുനിന്നു. പോകുന്നതിനു മുൻപ്‌ ഒരു സന്തോഷവാർത്തയും അറിയിച്ചു. വൈകീട്ട്‌ ചേച്ചി വരുന്നുണ്ട്‌. സ്ക്കൂളിൽ നിന്ന്‌ വിനോദയാത്രയ്ക്ക്‌ പോയതാണ്‌. ഒരു ദിവസം നേരത്തെയാണ്‌ വരുന്നത്‌. ഒരുപാട്‌ വിശേഷങ്ങളുണ്ടാവും പറയാൻ. ഒപ്പം എനിക്കുവേണ്ടി വല്ലതും കരുതിയിട്ടുമുണ്ടാവും.

“നന്ദൂട്ടാ, നെന്റെ ചേച്ചി വന്നിട്ട്‌ണ്ട്‌”, മുത്തശ്ശിയുടെ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ മനുവിന്റെ വീട്ടിലെ തത്തയെ അനുസ്മരിപ്പിച്ചു. അകത്ത്‌ ചേച്ചി ടൂർ വിശേഷങ്ങൾ പറയുകയായിരുന്നു. കോടമഞ്ഞ്‌ മൂടിയ മലകൾ കണ്ടതും, ബോട്ടിൽ സവാരി നടത്തിയതും, ബീച്ചിൽ നീന്തിക്കുളിച്ചതും എല്ലാം. “നന്ദൂ, ദാ നിനക്കിഷ്ടപ്പെട്ട സാധനം”, ചേച്ചി വാൽസല്യത്തോടെ ഒരു പൊതി എന്റെ നേരെ നീട്ടി. റിമോട്ടിലോടുന്ന കാർ!! മനുവിന്റെ കയ്യിലുള്ളതിനെക്കാൾ ഭംഗിയുള്ള വണ്ടിയാണ്‌ എന്നതിൽ തെല്ലൊന്നഹങ്കരിച്ചു. സന്തോഷം കൊണ്ട്‌ ചേച്ചിയുടെ കവിളിൽ ഒരുമ്മയും കൊടുത്ത്‌ അപ്പോൾത്തന്നെ കളിയാരംഭിച്ചു.

“നന്ദൂട്ടാ, വേഗം കുളിച്ച്‌ റെഡിയാവൂ. ഒരു കല്ല്യാണവീട്‌ വരെ പോണം”, അച്ഛനാണ്‌ പറഞ്ഞത്‌. നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു. കൃത്യനിഷ്ഠയുടെ ആൾരൂപമായ അച്ഛൻ, പറഞ്ഞസമയമായ 7 മണിക്ക് തന്നെ ഞങ്ങളെ യാത്രയ്ക്കായ് സജ്ജരാക്കി. എന്തിനും ഏതിനും മുൻപേ പായുന്ന എന്റെ മനസ്സ് പോലെ, പിറകോട്ടു നോക്കാതെ കുതിക്കുന്ന എന്റെ വാച്ചിലെ ചെറുസൂചിയെ 7 മണിയോടടുപ്പിച്ച് നിർത്താൻ കൂടി ഈ കൃത്യനിഷ്ഠ ഞാൻ ഉപയോഗിച്ചു. അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. ഞങ്ങൾ അഥവാ, ഞാനും ചേച്ചിയും അച്ഛനും അമ്മയും മുത്തശ്ശിയും, പിന്നെ വാഗൺ ആറും!!

ഹോണിനു മുകളിൽ എപ്പോഴുമുണ്ടാകുന്ന അച്ഛന്റെ വലത്തേ കൈ അധികം വൈകാതെ തന്റെ ജോലിയാരംഭിച്ചു. “ട്‌ർർർ….പീ…പോം!!” എന്റെ മനസ്സിന് പുത്തൻ റിമോട്ട് കാറിലെത്താൻ പിന്നെ സൂചികളുടെ ആവശ്യം വേണ്ടി വന്നില്ല.

ഹെഡ്‌ലൈറ്റ്‌ കത്തുന്നു. മുന്നോട്ട്‌ നീങ്ങുന്നു. കസേരയുടെ കാലുകൾക്കിടയിലൂടെ അടുത്ത മുറിയിലേയ്ക്കുള്ള വളവിലെത്തുന്നു. വളയുന്നതിനിടയിൽ ധൃതിയിൽ നടന്നു വന്ന അമ്മയുടെ കാൽ തട്ടി കാർ മറിയുന്നു. പൂർവ്വസ്ഥിതിയിലെത്താനാവാതെ ചക്രങ്ങൾ കറങ്ങിക്കൊണ്ടേയിരിക്കുന്നു.

ബോധം വന്നപ്പോൾ ആശുപത്രിക്കിടക്കയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. കുറേ നേരം ഉറക്കെ കരഞ്ഞിട്ടും ആരും വന്നില്ല. അമ്മയോ അച്ഛനോ മുത്തശ്ശിയോ ചേച്ചിയോ, ആരും!! ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിൽ അവരെ കാണാനാവുമായിരിക്കും!!

“എന്തിനാ നന്ദൂട്ടൻ കരയുന്നേ?? എല്ലാരൂണ്ടല്ലോ മോന്‌. ഈ ഡോക്ടറങ്കിളുണ്ട്‌, നഴ്സ്‌ ആന്റിയുണ്ട്‌. അങ്ങനെ എല്ലാരും.”

“എല്ലാരും”!! സ്വയം കേൾക്കാൻ വേണ്ടി മാത്രം ആ വാക്ക്‌ ഞാൻ ആവർത്തിച്ചു. ചില്ല്‌ പൊട്ടിയ വാച്ചിൽ ഞാൻ സമയം നോക്കി. ചലനമറ്റ സൂചികൾ അപ്പോഴും കാണിച്ചു – 7 മണി…!!!