ഞാൻ അപ്പോഴും ചിന്തിക്കുകയായിരുന്നു. വർഷങ്ങൾ പിന്നിടുന്നു. ഋതുക്കൾ മാറിമാറി വരുന്നു. ഇലകൾ പൊഴിയുന്നു. പുതിയവ തളിർക്കുകയും ചെയ്യുന്നു. എന്നാൽ പൊഴിഞ്ഞു വീഴുന്ന ഓരോ ഇലകളും തന്നിൽ ആലേഖനം ചെയ്യപ്പെട്ട കഥകൾ മറ്റിലകൾക്ക്‌ പകർന്നുകൊടുക്കുന്നു. മനസ്സിൽനിന്നും മായ്ക്കാനാവാത്ത കഥകൾ! ഈ ജന്മം മുഴുവൻ നാം പേറി നടക്കുന്ന കഥകൾ!!

2011 ഫെബ്രുവരി ഒമ്പതാം തീയ്യതി ഇഹലോകം വെടിഞ്ഞ എന്റെ വലിയച്ഛന്റെ ഓർമ്മയ്ക്കായ്‌…

രാവിലെ തന്നെ അച്ഛന്റെ വിളി വന്നപ്പോൾ ഞാനൊന്നു പേടിച്ചതാണ്‌. ഒട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്ത കേട്ടപ്പോൾ മനസ്സിൽ എവിടെയൊക്കെയോ നൊന്തു. ഓഫീസിൽ പോകാനുള്ള തിടുക്കമെല്ലാം മറന്ന്‌ ഒരഞ്ചു നിമിഷം കിടക്കയിൽ കണ്ണുമടച്ചിരുന്നു.

അപ്രതീക്ഷിതമായിരുന്നില്ല കോയമ്പത്തൂർ വലിയച്ഛന്റെ മരണം! മാസങ്ങളോളമായി മോശമായ ആരോഗ്യനില തുടരുകയായിരുന്നു. ഒടുവിലത്തെ രണ്ടാഴ്ചകളിലാണ്‌ ആരോഗ്യം വല്ലാതെ വഷളായത്‌. ഇനിയൊന്നും ചെയ്യാനില്ലെന്നു പറഞ്ഞ്‌ ഡോക്ടർമാർ പോലും കൈമലർത്തി. ഒടുക്കം എന്നെന്നേയ്ക്കുമായി വലിയച്ഛൻ മറയുമ്പോൾ അവസാനമായി ആ മുഖം ഒന്നു കാണാനോ ആ പാദങ്ങൾ ഒന്നു തൊട്ടു വന്ദിക്കാനോ ഉള്ള ഭാഗ്യം പോലും എനിക്കുണ്ടായില്ല. രാവിലെ പുറപ്പെട്ടാലും വൈകീട്ട്‌ സംസ്ക്കാരത്തിനു മുമ്പ്‌ അവിടെ എത്തിപ്പെടാൻ കഴിയുമായിരുന്നില്ല.

അമ്മമ്മയുടെ പിറന്നാളിനാണ്‌ സ്വതവേ ഊർജ്ജസ്വലനായ വലിയച്ഛനെ തീർത്തും ക്ഷീണിതനായി ഞാൻ കണ്ടത്‌. ആരോഗ്യസ്ഥിതി അത്രകണ്ട്‌ മോശമായ വിവരം അന്നാണ്‌ ഞാനടക്കമുള്ള പലരും അറിയുന്നതു തന്നെ. പ്രായാധിക്യം അധികമൊന്നും ബാധിക്കാതിരുന്ന ആ ദേഹം അത്രമേൽ ശോഷിച്ചതു കണ്ട്‌ വല്ലാത്തൊരു വിങ്ങലായിരുന്നു മനസ്സിൽ. ഇനിയെന്നു കാണും എന്നു നിശ്ചയമില്ലാത്തതുകൊണ്ട്‌ വലിയച്ഛൻ ആഗ്രഹിച്ച പാട്ടു തന്നെ ഞാൻ അന്ന്‌ പാടിക്കൊടുക്കുകയും ചെയ്തു. സ്വരമുള്ള പാട്ടു പാടാൻ ആവശ്യപ്പെടാറുള്ള വലിയച്ഛൻ അന്നു മാത്രം ‘കല്ലായിക്കടവത്തെ’ എന്ന പാട്ട്‌ കേൾക്കാൻ ആഗ്രഹിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്കിന്നും അറിയില്ല. അതും രണ്ടു തവണയാണ്‌ എന്നെക്കൊണ്ടത്‌ പാടിച്ചത്‌. വലിയച്ഛനു വേണ്ടി പാടുന്ന അവസാനത്തെ പാട്ടാണതെന്നറിയാതെ ഞാൻ പാടുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചതാണ്‌. എന്നത്തെയും പോലെ ഒരക്ഷരം ഉരിയാടാതെ പാട്ട്‌ കഴിയുന്ന വരെ വലിയച്ഛൻ അതിൽത്തന്നെ ലയിച്ചിരുന്നു.

വൈകീട്ട്‌ സംസ്ക്കാരം നടക്കുന്ന സമയം ഞാൻ ഓഫീസിലായിരുന്നെങ്കിലും ഉള്ളിലെ വിങ്ങൽ നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നില്ല. അച്ഛൻ വിളിച്ച്‌ എല്ലാ കർമ്മങ്ങളും കഴിഞ്ഞെന്നു പറഞ്ഞപ്പോൾ എനിക്ക്‌ തിരിച്ചൊന്നും പറയാനില്ലായിരുന്നു. അവസാനമായി ഒന്നു കാണാൻ പോലും അനുവദിച്ചില്ലല്ലോ എന്ന്‌ ദേവിയോട്‌ സങ്കടം പറഞ്ഞെങ്കിലും ഒരു കണക്കിന്‌ ആ അവസ്ഥയിൽ കാണാതിരുന്നത്‌ നന്നായെന്നു തോന്നി. എന്റെ ഓർമ്മകളിലെങ്കിലും വലിയച്ഛൻ എന്നും ഉന്മേഷവാനായി ഇരിക്കട്ടെ!

ചിന്തകളിൽ മുഴുകി നേരം പോയതറിഞ്ഞില്ല. ആ രാത്രിയും പകലിനു വഴിമാറാൻ ഇനിയധികസമയം വേണ്ട. ഉറങ്ങാൻ കിടന്നെങ്കിലും നിദ്രാദേവി അരികിൽ വരാൻ കൂട്ടാക്കിയില്ല. വിദൂരതയിൽ നിന്നെവിടുന്നോ, അതോ എന്റെയുള്ളിൽനിന്നുതന്നെയോ, ഞാൻ ആ വാക്കുകൾ കേട്ടു, “ഒരു സ്വരമുള്ള പാട്ട്‌ പാട്‌ മോനേ…”