Search

അകക്കണ്ണ്

എന്നിലെ ഞാന്‍!

Category

ആത്മഗതങ്ങള്‍

കലയോ കലാകാരനോ?


15581657-seamless-patterns-black-white-01

കോഴിയോ കോഴിമുട്ടയോ എന്ന പോലെ അത്ര കുഴപ്പിയ്ക്കുന്ന ചോദ്യമൊന്നുമല്ല. ഒരേയൊരു കാര്യം ഓര്‍ത്താല്‍ മതി. അപ്പോള്‍ ഉത്തരം കിട്ടും. കലാസൃഷ്ടിയ്ക്കാണോ കലാകാരനാണോ ആസ്വാദകരുടെ സപ്പോര്‍ട്ട് ഇല്ലാതെ നിലനില്പ്പില്ലാത്തത്? തീര്‍ച്ചയായും കലാകാരനാണ്. കല, അത് കാലാതീതമാണെങ്കില്‍ (ടൈംലെസ്സ്) ഒന്നും ചെയ്യാതെ തന്നെ നിലനില്‍ക്കും. പക്ഷേ നമ്മള്‍ മണ്ടശിരോമണികള്‍ എന്നും എപ്പോഴും കലാകാരന് പിറകെ മാത്രമേ ഓടിയിട്ടുള്ളൂ. ഒരാള്‍ ഒരു പാട്ടിറക്കിയാല്‍ ആ പാട്ടിനെ മനസ്സിലാക്കുന്നതിനെക്കാള്‍ നമുക്ക് ഉത്സാഹം ആ പാട്ടിലൂടെ അയാളെ മനസ്സിലാക്കുന്നതിലാണ്. അങ്ങനെ അയാള്‍ക്ക് നമ്മള്‍ ഒരു ഇമേജും പതിച്ചു കൊടുക്കും. ആ ഇമേജിന്റെ പേരിലാണ് അയാളുടെ രണ്ടാമത്തെ പാട്ടിനെ നമ്മള്‍ അറിയുക, അളക്കുക! ഇതെല്ലം അയാള്‍ നമ്മളെക്കൊണ്ട് ചെയ്യിക്കുന്നതാണോ? അല്ലേയല്ല! “മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോയി” പോലെയുള്ള പ്രയോഗങ്ങളെല്ലാം അങ്ങനെ വന്നതാണ്. വിഗ്രഹം ഉണ്ടാക്കാന്‍ ഒരിക്കലും അയാള്‍ നമ്മളോട് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

ഒരുദാഹരണം പറയാം. വിശ്വാസികള്‍ വിശ്വസിക്കുന്നത് ദൈവമാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ചത് എന്നാണല്ലോ. അങ്ങനെയെങ്കില്‍ ദൈവം കലാകാരനും പ്രപഞ്ചം അയാളുടെ കലയും ആകുന്നു. നമ്മള്‍ പ്രപഞ്ചത്തെ/പ്രകൃതിയെ ആരാധിക്കണം എന്നാണ് പാവം ദൈവം പോലും ആഗ്രഹിക്കുന്നത്. കാരണം ഏതൊരു നല്ല കലാകാരനും അയാളുടെ കല എല്ലാവരിലേയ്ക്കും എത്തണം എന്നേ ആഗ്രഹിക്കാറുള്ളൂ, അല്ലാതെ അയാളെ എല്ലാവരും പൂവിട്ടു പൂജിക്കണം എന്നല്ല. എന്നാല്‍ നമ്മള്‍ ചെയ്യുന്നതെന്താ? പ്രപഞ്ചം എന്ന കലാസൃഷ്ടിയെ അവിടെ ഉപേക്ഷിച്ച് ദൈവം എന്ന കലാകാരന്റെ പിറകെ പായുന്നു. സത്യത്തില്‍ ദൈവം ഈസ് ഫെഡ് അപ്പ്‌ വിത്ത്‌ അസ്‌! അങ്ങേരിത് പറഞ്ഞ് മടുത്തതാ. നമ്മള്‍ പക്ഷേ ഒരിക്കലും അനുസരിക്കില്ല.

ഇനിയെങ്കിലും നമുക്ക് ശ്രമിക്കാവുന്ന ഒരു കാര്യമാണ്, ആര്‍ട്ടിനെ ആര്‍ട്ടിസ്റ്റില്‍ നിന്ന്‍ ഡിറ്റാച്ഡ് ആയി കാണാന്‍. ഈ പറയുന്ന പോലെ അത്ര എളുപ്പമല്ല ഇത് ചെയ്യാന്‍. ആദ്യം ഈ വിഗ്രഹം ഉണ്ടാക്കല്‍ പരിപാടിയൊക്കെയങ്ങ് മാറ്റിവെയ്ക്കണം. ഈ “സ്റ്റാര്‍ സ്ട്രക്ക്” എന്ന അവസ്ഥയൊക്കെ വെറും സൂപ്പര്‍ഫീഷ്യല്‍ മാത്രമാണെന്ന് തിരിച്ചറിയണം. നമ്മള്‍ തന്നെ ക്രിയേറ്റ് ചെയ്യുന്ന കുറച്ച് നേരത്തേയ്ക്കുള്ള ആനന്ദമാണതെന്ന് മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു. എന്നിട്ട് ആരെങ്കിലും “art or the artist?” എന്ന്‍ ചോദിച്ചാല്‍ ഒരു സംശയവും കൂടാതെയങ്ങ് പറഞ്ഞേക്കണം, “art, always!” എന്ന്‍.

ലുക്ക്‌-ഗുഡ് മിറര്‍


look good mirror

ഹോട്ടലിലെ വാഷ്‌റൂമില്‍ കൈ കഴുകിയ ശേഷം തല പൊന്തിച്ചു നോക്കിയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. അര മണിക്കൂര്‍ മുമ്പ് വീട്ടിലെ കണ്ണാടിയില്‍ കണ്ട ഞാനേ അല്ല. സുന്ദരനായിരിക്കുന്നു! സ്വാഭാവികമായും കുറച്ച് സന്തോഷമൊക്കെ തോന്നി. ഒന്നുകൂടി സ്വന്തം സൗന്ദര്യം കണ്ടാസ്വദിച്ച് കുറച്ച് വെള്ളം തളിച്ച് മുടി മിനുക്കി, മൂന്നാല് അസ്സല്‍ നാര്‍സിസ്സിസ്റ്റിക്ക് പോസുകള്‍ ചെയ്ത് കാണിച്ച ശേഷം ഞാന്‍ വാഷ്‌റൂമിന് പുറത്തിറങ്ങി. അങ്ങ് ദൂരെയുള്ള ടേബിളില്‍ ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ ഞാന്‍ സ്വയം കൂടുതല്‍ സുന്ദരനായെന്ന അപ്പോള്‍ പതിച്ചു കിട്ടിയ എക്സ്ട്രാ കോണ്‍ഫിഡെന്‍സിന്റെ ബലത്തില്‍ നോക്കി. ഊണ് പറയാനിരുന്ന ഞാന്‍ ബിരിയാണിയും പറഞ്ഞു. മൊത്തത്തില്‍ മനസ്സിനും വയറിനും സുഖം കിട്ടി.

പറഞ്ഞു വന്നത് വാഷ്‌റൂമില്‍ വെച്ച് എന്നെ സന്തോഷിപ്പിച്ച ആ കണ്ണാടിയെക്കുറിച്ചാണ്. പൊതുവെ ഷോപ്പിംഗ്‌ മാളുകളുടെ വാഷ്‌റൂമിലാണ് ഇങ്ങനെ ആളുകളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്ന കണ്ണാടികള്‍ ഞാന്‍ കണ്ടിട്ടുള്ളത്. കണ്ണാടി സെല്‍ഫികള്‍ ഒരുപാട് വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. സത്യത്തില്‍ ഈ “ലുക്ക്‌-ഗുഡ്” കണ്ണാടികള്‍ നമ്മുടെ കോണ്ഫിഡെന്‍സ് ലെവല്‍ നമ്മളറിയാതെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മോശം ദിവസത്തിലൂടെ കടന്ന് പോകുന്ന ഒരാളുടെ മൂഡ്‌ വരെ നന്നാക്കുന്നു. എല്ലാറ്റിലുമുപരി നമുക്ക് ഒരു “ഇമ്പോര്‍ട്ടന്റ് ഫീല്‍” തരുന്നു.

ഒരു ലുക്ക്‌-ഗുഡ് മിറര്‍ പോലെയായിരിക്കണം നമ്മളോരോരുത്തരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളോട് സംസാരിക്കുന്നവരുടെ കോണ്ഫിഡെന്‍സ് ബൂസ്റ്റ്‌ ചെയ്യാന്‍ നമുക്ക് കഴിയണം. അയാളുടെ അതുവരെയുള്ള മോശം മൂഡ്‌ മാറ്റി മുഖത്തൊരു ചിരി വിടര്‍ത്താന്‍ നമുക്ക് കഴിയണം. മറ്റാരും കൊടുക്കാത്ത അത്ര ഇമ്പോര്‍ടന്‍സ് അയാള്‍ക്കുണ്ടെന്ന്‍ ഫീല്‍ ചെയ്യിക്കാനും കഴിയണം.

പറയാന്‍ വളരെ എളുപ്പമാണ്. ചിലര്‍ക്കൊക്കെ ഇത് ചെയ്യാനും എളുപ്പമാണ്. ചെയ്തുകൊണ്ടേയിരിയ്ക്കുക എന്നതാണ് വിഷമം പിടിച്ച പണി. ഇതുവരെ ശ്രമിച്ചു നോക്കിയിട്ടില്ലെങ്കില്‍ ഇന്ന് തന്നെ തുടങ്ങിക്കോളൂ.

‘Art’ificial Dreaming


artificial dreaming

Yesterday I SAW a DREAM. The DREAM unfolded through several SEGMENTS.

SEGMENT 1:

I attended my friend’s wedding, took part in the grand feast that followed, then I went to the airport, said bye-bye to another friend who left for Qatar, then I visited my cousin’s place, wished her happy birthday, spent some quality time with her, then I joined my filmy friends at a common place for a healthy discussion about a new release. On my way back home, I met a girl who solo travelled the entire world. She took me to SEGMENT 2.

SEGMENT 2:

I was taking a walk through the beautiful streets of Prague. I got super-excited to see Franz Kafka Monument and I posed for a selfie. Then I jammed with some random street musicians and later on joined them for lunch. Then I took the next flight to explore the next part of the globe. But the music I played at street was still playing in my head. It took me to SEGMENT 3.

SEGMENT 3:

It was the biggest project I’ve ever been a part of. A collective fusion composition of 5 musicians from different parts of the world and I was one of them. It took hours for us to rehearse the 8 minute long song. Finally the hard work was paid off. The final take of the song was perfect. The video team took a month’s time for editing the video of our live performance. They did a splendid job. The shots looked so fresh and real that they could take me to an all new SEGMENT 4.

SEGMENT 4:

I was standing on the walkway surrounding the Maidan with my team. It was a cool evening. We were waiting for the drizzle and it started exactly when we wanted. We all got drenched in no time including the sweet old couple who were about to go in front of the camera. The shoot went really well. My DOP delivered more than what I had expected. It was a dream to shoot my film at Kolkata. Though I’ve visited Kolkata only once, the city has appeared a hundred times in my dreams. “The city undoubtedly is every filmmaker’s delight”, I said to myself before I FINISHED my DREAM.

..

.

Now, please re-read the entire write-up by replacing:

  1. SAW with OPENED
  2. DREAM with CHROME or CHROME WINDOW
  3. SEGMENT with TAB
  4. FINISHED with CLOSED

TAB 1 was Facebook, TAB 2 was MissWalkingShoes, TAB 3 was The Live Room and TAB 4 was Nandan.

സാരംഗ് – പ്രത്യേകതയില്ലായ്മയാണ് ഇവിടുത്തെ പ്രത്യേകത


My friend Sreenivasan and myself with Gautham and family
My friend Sreenivasan and myself with Gautham and family

നമ്മളില്‍ പലരും രക്ഷിതാക്കളില്‍ നിന്നും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള വാക്കുകള്‍ ആണ് “നിന്നെയൊക്കെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയിട്ട് ഞങ്ങക്കൊക്കെ ഇത് തന്നെ കിട്ടണം” എന്നത്. ഞാന്‍ ഇതെഴുതുമ്പോള്‍ പോലും പല രക്ഷിതാക്കളും ഈ ക്ലീഷേയ്ഡ് വാക്കുകള്‍ ഉരുവിടുന്നുണ്ടാവും. സത്യത്തില്‍ ഈ ‘വളര്‍ത്തി വലുതാക്കല്‍’ എന്ന് മുതലാണ്‌ തുടങ്ങിയത്??? വളരാന്‍ ഉള്ള സ്പേസ് നമുക്ക് നിഷേധിച്ച അന്ന് മുതല്‍ എന്ന് പറയേണ്ടി വരും. ഈ സ്പേസ് ആണ് സത്യത്തില്‍ ‘സാരംഗ്’!

'Sarang'
‘Sarang’

വര്‍ഷങ്ങള്‍ക്കു മുമ്പ് ഗോപാലകൃഷ്ണന്‍ മാഷിനെയും വിജയലക്ഷ്മി ടീച്ചറെയും കുറിച്ച് വായിച്ചത് വീണ്ടും ഓര്‍മ്മിക്കാന്‍ ഇടയാക്കിയത് കഴിഞ്ഞ മാസം ഇറങ്ങിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പാണ്. ഡി-സ്കൂളിംഗ്, ബദല്‍ വിദ്യാഭ്യാസം, self sustainable living ഇവയൊക്കെ വായിച്ചറിഞ്ഞാല്‍ മാത്രം പോര, കണ്ട് മനസ്സിലാക്കുകയും കൂടി വേണം എന്ന് തോന്നിയതും ആഴ്ചപ്പതിപ്പ് വായിച്ചപ്പോഴാണ്. അങ്ങനെ ഞാനും എന്നെപ്പോലെ തന്നെ curious ആയ എന്റെ സുഹൃത്ത്‌ ശ്രീനിവാസനും കൂടി ഒരുപാട് നാളത്തെ ആഗ്രഹത്തിനൊടുവില്‍ ‘സാരംഗി’ലേക്ക് വെച്ചുപിടിച്ചു. അട്ടപ്പാടിയും കടന്ന് ഗൂളിക്കടവും കടന്ന് പല്ലിയറയും കടന്ന്, ‘സാരംഗ്’ എന്ന സ്വപ്നഭൂമിയില്‍ പോവുക മാത്രമല്ല, ഒരു ദിവസം മുഴുവന്‍ അവിടെ ചിലവിടുകയും ചെയ്തു. വായിച്ച അറിവുകള്‍ തന്നെ ധാരാളമായിരുന്നു ഗൗതം ചേട്ടനെയും അനുരാധ ചേച്ചിയെയും സ്വന്തക്കാരെപ്പോലെ കരുതാന്‍. പക്ഷേ, വായിക്കാത്ത അറിവുകളായിരുന്നു അവരോടൊപ്പം ചിലവിട്ട സമയം ഞങ്ങള്‍ക്ക് തന്നത്!

ഇത്ര വയസ്സാകുമ്പോള്‍ വിവാഹം കഴിക്കുക; ഇത്ര വയസ്സാകുമ്പോള്‍ ‘സെറ്റില്‍’ ആവുക; ഇത്ര വയസ്സാകുമ്പോള്‍ വീട് വെയ്ക്കുക; ഇത്ര വയസ്സാകുമ്പോള്‍ കുട്ടികളെ പടച്ചു വിടുക, അവരെ നിങ്ങള്‍ വളര്‍ന്ന, സോറി വളര്‍ത്തപ്പെട്ട അതേ ചട്ടക്കൂടിലേക്ക്‌ തള്ളിവിടുക; ഇത്ര വയസ്സാകുമ്പോള്‍ പെന്‍ഷന്‍ ആവുക; പിന്നെ ‘സമാധാനമായി കണ്ണടയ്ക്കുക’ എന്നീ പതിവുചര്യകളടങ്ങുന്ന society-imposed conventional ജീവിതരീതി കണ്ടും കേട്ടും മടുത്ത രണ്ടു പേര്‍ എന്ന നിലയില്‍ ഞാനും ശ്രീനിയും ‘സാരംഗ്’ കണ്ട് തന്നെ അറിയണം എന്ന് ആഴ്ചപ്പതിപ്പ് വായിച്ച അന്നേ തീരുമാനിച്ചതായിരുന്നു. കടന്നു വന്ന പഠന സമ്പ്രദായത്തില്‍ ഒട്ടും തൃപ്തരല്ലാത്തതുകൊണ്ട് തന്നെ alternative schoolഇനെ പറ്റി കൂടുതല്‍ അറിയുക എന്നതായിരുന്നു പ്രധാന ലക്‌ഷ്യം. മൊബൈല്‍ ഗെയിമുകള്‍ക്കും iPadഇനും മുന്‍പില്‍ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന ഇന്നത്തെ hitech കുട്ടികളെ, മരം കേറിയും പഴങ്ങള്‍ പറിച്ചു തിന്നും ഭിത്തിയില്‍ ചാണകം മെഴുകിയും ലജ്ജിപ്പിയ്ക്കുന്ന കുഞ്ഞു ഹിരണ്യയെയും കുഞ്ഞു പാര്‍ത്ഥനെയും ഞങ്ങള്‍ കണ്ടു. വളരാന്‍ ഉള്ള സ്പേസില്‍ കണ്ടും ചെയ്തും അനുഭവിച്ചും അവര്‍ സ്വയം പഠിക്കുന്നതും വളരുന്നതും ഇനിയുള്ള തലമുറയ്ക്കെങ്കിലും ഞങ്ങള്‍ക്ക് കിട്ടാതെ പോയ ആ സ്പേസ് കൊടുക്കണം എന്ന ചിന്ത ഞങ്ങളില്‍ ഉണ്ടാക്കി. സത്യത്തില്‍ ആ കുഞ്ഞുങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു ബദല്‍ വിദ്യാഭ്യാസം എന്നാല്‍ എന്താണെന്ന്.

Hiranya during മരം കയറല്‍
Hiranya during മരം കയറല്‍
Hiranya introducing കൊങ്ങിണിപ്പഴം to us
Hiranya introducing കൊങ്ങിണിപ്പഴം to us

ഷെഡ്യൂള്‍ വെച്ചു ജീവിതം ജീവിച്ചു തീര്‍ക്കുന്ന അ’സാധാരണ’ക്കാര്‍ക്ക് ‘സാരംഗും’ അവിടുത്തെ ‘സാധാരണ’ ജീവിതങ്ങളും ഒരു മാതൃക തന്നെയാണ്. പ്രകൃതിയെ മാതാവായി കാണാന്‍ എത്ര പേര്‍ക്ക് കഴിയുന്നു എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. പ്രകൃതിയെ നോവിക്കാതെ ജീവിക്കാന്‍ മാത്രമാണ് സാരംഗ് പഠിപ്പിക്കുന്നത്‌. ഇഷ്ടികയ്ക്ക് പകരം മണ്‍കട്ടകള്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണവും മുളയും മണ്ണും ചാണകവും കൊണ്ടുള്ള constructionഉം എല്ലാം സത്യത്തില്‍ പഴമയിലേക്കുള്ള തിരിച്ചുപോക്ക് തന്നെ. ‘സാരംഗി’ല്‍ ഉള്ള പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോള്‍ പ്രത്യേകതകള്‍ ഇല്ലെന്ന് ഗൗതം ചേട്ടന്‍ പറഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമാണ്, പ്രത്യേകതയില്ലായ്മയാണ് സാരംഗിന്റെ പ്രത്യേകത എന്നത്!

വൈകുന്നേരം ഗൗതം ചേട്ടനോടും അനു ചേച്ചിയോടും ഹിരണ്യയോടും പാര്‍ത്ഥനോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ക്കറിയാം ഇനിയും ഞങ്ങള്‍ അവിടേക്ക് പോകുമെന്ന്. കാരണം ഇന്നു വരെ ഒരു സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും പഠിക്കാത്ത പലതും ഞങ്ങള്‍ അവിടെ നിന്ന് പഠിച്ചു. Knowledge ഷെയര്‍ ചെയ്തു കൊണ്ടേ education സാധ്യമാകൂ. ഞങ്ങള്‍ക്ക് അവിടെ നിന്ന് കിട്ടിയത് knowledge ആണ്. അത് apply ചെയ്യണം, കൈമാറുകയും വേണം. അത് തന്നെയാണ് സാരംഗിന്റെ ലക്ഷ്യവും!

ഉരുളക്കിഴങ്ങ് നിരോധനം


AlooBan
ജന്തുരാജാവായ ശ്രീ. സിംഹേന്ദ്രനാണ് ആ വാര്‍ത്ത‍ തന്റെ നാട്ടിലെ ജനങ്ങളെ അറിയിച്ചത്. “ജന്തുസ്ഥാനില്‍ ഉരുളക്കിഴങ്ങ് നിരോധിച്ചിരിക്കുന്നു. ഉരുളക്കിഴങ്ങ് പറിയ്ക്കാനോ പാകം ചെയ്യാനോ പാകം ചെയ്തു കഴിക്കാനോ പാടുള്ളതല്ല.” പിടിക്കപ്പെട്ടാല്‍ 5 വര്‍ഷം കഠിന തടവും പിഴയും.

ജന്തുസ്ഥാന്റെ തലസ്ഥാന നഗരിയില്‍ ജനിച്ചു വളര്‍ന്ന്, കത്തുന്ന പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ന്യൂ ജനറേഷന്‍ പയ്യന്‍ (അഥവാ ചങ്ക്) മുയല്‍ മുയലൂസിന് (www.facebook.com/muyal.muyaluzz) ഈ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഓര്‍മ്മ വെച്ച കാലം മുതല്‍ തന്റെ നാക്കിന് രുചി പകര്‍ന്നിരുന്ന ‘ആലൂ പറാഠാ’, ‘ആലൂ മട്ടര്‍’, ‘ആലൂ ഗോബി’, ‘ആലൂ ചോപ്’, ‘ആലൂ ഭുജിയ’, പോരാത്തതിന് ചങ്ക്സിന്റെ പ്രിയപ്പെട്ട ‘ഫ്രഞ്ച് ഫ്രൈസ്’ എന്നിവ ഇല്ലാത്ത ജീവിതം മലയാളിക്ക് ബീഫ് ചില്ലി ഇല്ലാത്ത ഹോട്ടല്‍ പോലെയാണെന്ന് അവന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ പോലും ഇട്ടു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയാന്‍ അവന്‍ ഉടന്‍ തന്നെ പത്രം തുറന്നു നോക്കി (ഓണ്‍ലൈന്‍). വാര്‍ത്ത‍ ഇപ്രകാരമായിരുന്നു.

“രാജ്യത്ത് ഉരുളക്കിഴങ്ങ് മുറിക്കുന്നതിനും വേവിച്ച് ഭക്ഷിക്കുന്നതിനും നിരോധനം. ഒരു സംസ്ഥാനത്തില്‍ തുടങ്ങി മുഴുവന്‍ സംസ്ഥാനങ്ങളിലും നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജെ.ജെ.പി (ജന്തുലോക ജന്തു പാര്‍ട്ടി) അറിയിച്ചു. കുറ്റം ചെയ്‌താല്‍ 5 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

ജന്തുമഹാസഭ സര്‍ക്കാരിന്റെ ഈ തീരുമാനം ശരിവെച്ചു. ജന്തുസ്ഥാനിലെ ജന്തുക്കള്‍ പിതാവായി കരുതുന്ന കിഴങ്ങത്തപ്പനെ ഒരു തരത്തിലും നോവിക്കുന്നത് ജന്തുസംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും, വെട്ടിക്കൊല്ലുകയല്ല ഉരുളക്കിഴങ്ങുകളെ പാലും തേനും ഒഴിച്ച് പൂജിക്കുകയാണ് വേണ്ടതെന്നും സഭ അഭിപ്രായപ്പെട്ടു. കിഴങ്ങുപിതാവിനോടുള്ള ബഹുമാനസൂചകമായി ‘കിഴങ്ങന്‍’ എന്ന് ഒരാളെ വിളിക്കുന്നതും നിയമപരമായി കുറ്റകരമാക്കി. ജന്തുവികാരം വ്രണപ്പെടും എന്നുള്ളതുകൊണ്ടാണ് ഇതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.”

നനഞ്ഞ മിഴികളോടെ പത്രം മടക്കി വെച്ച (മിനിമൈസ് മിനിമൈസ്!!) മുയല്‍ മുയലൂസ് ചൂടേറിയ ചര്‍ച്ചകള്‍ക്കായി ജന്തു വിഷന്‍ ചാനല്‍ വെച്ചു നോക്കി. അവിടെ ജന്തുമഹാസഭാതലവന്‍ ശ്രീ. പുലികേശനും, ജന്തുവികാരം എന്ത് വില കൊടുത്തും തന്റെ ഉള്ളം കൈ കൊണ്ട് വ്രണപ്പെടാതെ സൂക്ഷിക്കുന്ന ശ്രീ. ശ്വാനല്‍ ഈശ്വറും, പ്രശസ്ത ആലൂ ഗവേഷകന്‍ ശ്രീ. ആലൂഷ്യസ് ഗോണ്‍സാല്‍വെസും, സ്വതന്ത്ര ചിന്തകന്‍ ശ്രീ. ജിറാഫ് ജെഫ്രി ജോസഫും കൂട്ടസംവാദത്തിലായിരുന്നു.

പുലികേശന്‍: “വളരെ ശരിയായ തീരുമാനം ആണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ജന്തുപുരാണപ്രകാരം കിഴങ്ങിനെ പിതാവായാണ് കണക്കാക്കപ്പെടുന്നത്. സ്വന്തം പിതാവിനെ ആരെങ്കിലും വേവിച്ച് തിന്നുവോ? മാത്രവുമല്ല, മാതാവായി കരുതുന്ന മധുരക്കിഴങ്ങിനെക്കൂടി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണം എന്നാണ് എന്റെ അഭിപ്രായം.”

ആലൂഷ്യസ് ഗോണ്‍സാല്‍വെസ്: “കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനും പ്രോട്ടീനും ജന്തുക്കള്‍ക്ക് വേണ്ടിയുള്ളതാണ്. അതിനെ പിതാവെന്നോ മാതാവെന്നോ വിളിച്ച് ഉള്ള ആഹാരം കൂടി കളയരുത്.”

ജിറാഫ് ജെഫ്രി ജോസഫ്‌: “ശ്രീ. പുലികേശന്‍, താങ്കളുടെ സ്വന്തം പിതാവ് ഇപ്പോള്‍ ഏത് കാഴ്ചബംഗ്ലാവിലാണെന്ന് ഒന്ന് പറയാമോ? ജന്തുക്കള്‍ എല്ലാം ഒന്ന് അറിയട്ടെ.”

പുലികേശന്‍: *ബീപ് ബീപ് ബീപ്* (Connection Lost)

ശ്വാനല്‍ ഈശ്വറിന്റെ ‘കുര’ പതിവുപോലെ മുയല്‍ മുയലൂസ് മ്യൂട്ട് ആക്കി ആ വിലപ്പെട്ട സമയം കുറച്ച് ആലൂ ചിപ്സ് കഴിച്ച് രണ്ടു വളി വിട്ടു. എന്നിട്ട് ‘ആത്മഗതിച്ചു’.

“ഹോ, ഈ സുഖം വല്ലോം ഇവമ്മാര്‍ക്ക് പറഞ്ഞാ മനസ്സിലാവോ. കിഴങ്ങന്മാര്‍!”

പിറ്റേന്ന്:

പത്ര വാര്‍ത്ത‍:

“ഒരു കിലോ ആലൂ ചിപ്സ് കണ്ടെടുത്തു; യുവാവ് പിടിയില്‍”

വാര്‍ത്ത‍ വായിച്ച മുയല്‍ മുയലൂസിന്റെ FB ഫ്രണ്ട്-കം-ബ്രോയി മ്യാവൂ പോപ്സീന്‍സ് (www.facebook.com/myavoo.popzeinz) വാ പൊളിച്ച് അന്ധാളിച്ചിരുന്നു. ഇന്നലെ വരെ “broii, plzz lyk moi profyl pwic” എന്ന് FB ഇല്‍ മെസ്സേജ് ഇട്ട കക്ഷിയാ. ഇന്നിതാ ജെയിലില്‍.

“എന്റെ SmOkY ഭഗവാനേ”. മ്യാവൂ തലയില്‍ കൈ വെച്ചു. എന്നിട്ട് ഉടനെ FB തുറന്ന് മുയല്‍ മുയലൂസിന്റെ പ്രൊഫൈലില്‍ കയറി നോക്കി. വല്ല ജെയില്‍ സെല്‍ഫിയും ഇട്ടിട്ടുണ്ടോ എന്ന് അറിയണമല്ലോ. ഭാഗ്യത്തിന് ഒന്നും ഇല്ലായിരുന്നു. പകരം കണ്ടത് ആലൂ ചിപ്സിന്റെയും മറ്റും ഫോട്ടോസ്. ഫ്രീക്ക് ടീംസ് മൊത്തം ടാഗ് കൊണ്ട് മുയല്‍ മുയലൂസിന്റെ ടൈംലൈനില്‍ ഒരു പൊങ്കാല തന്നെ നടത്തിയിട്ടുണ്ട്. ചിലര്‍ സിംഹേന്ദ്രനെ വരെ ടാഗ് ചെയ്തിരിക്കുന്നു.

“അടി സക്കെ. ഒരു SmOkY ReVoLuTiOn. അതാണെന്റെ സ്വപ്നം.” മ്യാവൂ മനസ്സില്‍ ട്വീറ്റ് ചെയ്തു.

ഇതേ സമയം ജെയിലില്‍:

കോണ്‍സ്റ്റബിള്‍ കുറുക്കന്‍ പിള്ള എസ്.ഐ കരടിരാമനോട്: “സാര്‍, ചാനല്‍കാരെക്കൊണ്ട് ഒരു രക്ഷേം ഇല്ല. അവര്‍ വിടുന്ന പ്രശ്നമില്ല. ഫേസ്ബുക്കില്‍ എന്താണ്ടൊക്കെയോ ആരൊക്കെയോ പോസ്റ്റ്‌ ചെയ്തെന്നോ അതിനുത്തരം പറയണെന്നോ ഒക്കെ പറയുന്നു. അവരെ അധികനേരം പിടിച്ചു നിര്‍ത്താന്‍ പറ്റില്ല.”

കരടിരാമന്‍: “എടോ, 66A എടുത്ത് മാറ്റിയതല്ലേ. ഇനി അവമ്മാര്‍ എന്തൊക്കെ പോസ്റ്റിയാലും നമുക്കെന്താ. താന്‍ ഒരു കാര്യം ചെയ്. ആ ചാനല്‍കാരോടൊക്കെ പോയി പറ. എന്നെ ടാഗ് ചെയ്തോണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇടാന്‍. അവര്‍ക്കുള്ള ഉത്തരം ഞാന്‍ അവിടെ കൊടുത്തോളാം.”

കുറുക്കന്‍ പിള്ള പ്ലിംഗ്…….

“സാറേ, എന്റെ ഫോണ്‍ ഒന്ന് തരാവോ? പ്ലീസ്.” ജെയിലില്‍ ഇതുവരെ അട്ടം നോക്കിക്കിടന്നിരുന്ന നമ്മുടെ മുയല്‍ മുയലൂസാണ് അത് ചോദിച്ചത്.

കുറുക്കന്‍ പിള്ള: “മോന്‍ എന്താ ഇത് സുഖവാസകേന്ദ്രം ആണെന്ന് വിചാരിച്ചോ? ഇവ്ടുന്ന്‍ ആരേം വിളിക്കാന്‍ പറ്റുകേല. അതിനു ഞങ്ങള്‍ സമ്മതിക്കുകേല.”

മുയല്‍ മുയലൂസ്: “അയ്യോ സാറേ. ആരേം വിളിക്കാന്‍ ഒന്ന്വല്ല. അങ്ങനെ വിളിച്ചു വരുത്താന്‍ മാത്രം ആരേം എനിക്ക് അറിയേം ഇല്ല. നേരം കുറച്ചായി ഞാന്‍ ഫേസ്ബുക്കില്‍ കേറീട്ട്. ഒന്ന് കേറി നോക്കാനാ. ഒരു സമാധാനം കിട്ട്ണില്ല.”

കരടിരാമന്‍: “എടോ, കൊടുത്തേര്. 66A. ഓര്‍മ്മയുണ്ടല്ലോ? അവന്‍ സോഷ്യല്‍ മീഡിയയില്‍ കേറി എന്തേലും കാട്ടട്ടെ. അവന്‍ ആലൂ കഴിക്കാതെ നോക്ക്വ. അതാ നമ്മടെ ജോലി. ആലൂവിനെ പറ്റി അവന്‍ എന്ത് തോന്ന്യാസം ഇന്‍റര്‍നെറ്റില്‍ എഴുതി വെച്ചാലും നമുക്കൊരു ചുക്കും ഇല്ല.”

കുറുക്കന്‍ പിള്ള ഉടനെ തന്നെ മുയല്‍ മുയലൂസിന്റെ നോട്ട് എടുത്ത് അവന്റെ ഉള്ളം കയ്യില്‍ വെച്ചു കൊടുത്തു. അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നോ? ആവോ.

“ഏതാടാ ഈ ഫോണ്‍”, കുറുക്കന്‍ പിള്ള ചോദിച്ചു.

“നോട്ട്”, മുയല്‍ മുയലൂസിന്റെ റിപ്ലൈ.

“എന്നിട്ട് ഇത് ടെക്സ്റ്റ്‌ പോലുണ്ടല്ലോ”, കുറുക്കന്‍ പിള്ളയുടെ ചളി.

“ഏയ്‌, ടെക്സ്റ്റ്‌ ഇതിനകത്താ സാറേ”, മുയല്‍ മുയലൂസിന്റെ ചളിയിന്മേല്‍ ചളി. (ഫ്രീക്കനോടാ കളി !!)

കൂടുതല്‍ പ്ലിംഗ് ആവാതെ കുറുക്കന്‍ പിള്ള ഫ്രെയിം കാലിയാക്കി.

മുയല്‍ മുയലൂസ് തന്റെ നോട്ടിലെ ക്യാമറ തുറന്നു. എന്നിട്ട് ജെയിലിലെ അഴികളും കരടിരാമനും ടേബിളില്‍ ഇരിക്കുന്ന ആലൂ ചിപ്സും ബാക്ക്ഗ്രൗണ്ടില്‍ വരുന്ന രീതിയില്‍ ഒരു സെല്‍ഫി അങ്ങ് കാച്ചി. എന്നിട്ട് നേരെ ഫേസ്ബുക്കില്‍ ഇട്ട് മൊത്തം ഫ്രീക്ക് ടീംസിനെയും അങ്ങ് ടാഗ് ചെയ്തു. പ്ലസ്‌ ഏതാനും ഹാഷ് ടാഗും. #JailSelfie #OrePwoli #AlooBan #AlooChips #WontGiveItBack #JailBharoAndolan

അനിയത്തിയെ സ്കൂളില്‍ നിന്ന് കൂട്ടാന്‍ വേണ്ടി ഓഡിയും ഓടിച്ചു പൊയ്ക്കൊണ്ടിരുന്ന മ്യാവൂ പോപ്സീന്‍സ് നോട്ടിഫിക്കേഷന്‍ കണ്ടതും ടപ്പേന്ന് വണ്ടി നിര്‍ത്തി. അവന്‍ പ്രതീക്ഷിച്ചത് തന്നെ നടന്നിരിക്കുന്നു. മുയല്‍ മുയലൂസിന്റെ ‘ജെയില്‍ സെല്‍ഫി’. സെല്‍ഫി കണ്ടതും അവന്‍ മനസ്സാ വിധിയെഴുതി. “ഇത് വൈറല്‍ ആവും!!”

പറഞ്ഞു തീര്‍ന്നില്ല. അവന്‍ നോക്കിയിരിക്കെ തന്നെ 50 ലൈക്‌ വീണു. പിന്നെ നടന്നത് ചരിത്രമായിരുന്നു. 2 മണിക്കൂര്‍ കൊണ്ട് 500! 5 മണിക്കൂര്‍ കൊണ്ട് 1000!! മ്യാവൂ പോപ്സീന്സും അണ്ണാന്‍ സ്മോകീസും തുടങ്ങി ഇക്കണ്ട ഫ്രീക്കന്മാര്‍ മുഴുവന്‍ വിചാരിച്ചിട്ടും നടക്കാത്ത കാര്യം മുയല്‍ മുയലൂസ് ഒറ്റ ദിവസം കൊണ്ട് ഒരു ജെയില്‍ മുറിയ്ക്കകത്തിരുന്ന് സാധിച്ചിരിക്കുന്നു. മ്യാവൂ ഇതെങ്ങനെ സഹിക്കും! “മ്യാവൂ…..”

സംഗതി വൈറല്‍ ആയതോടെ ജന്തുലോകത്തെ ജന്തുക്കള്‍ ഉണര്‍ന്നു. ചാനല്‍ ചര്‍ച്ചകള്‍, കിഴങ്ങത്തപ്പന്റെ ക്ഷേത്രത്തിനു മുന്നില്‍ കരിങ്കൊടികള്‍, We Love Aloo കൂട്ടായ്മകള്‍ എല്ലാം കൂടി നാട്ടില്‍ ജന്തുക്കള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയമായി. ടേബിളിലെ ആലൂ ചിപ്സിന്റെ പൊതി കണ്ട് താന്‍ ചിപ്സ് കഴിച്ചു എന്ന ആരോപണം ഉയര്‍ന്നത് മൂലം എസ്.ഐ കരടിരാമന് സസ്പെന്‍ഷന്‍ വരെ കിട്ടി. ജെയിലില്‍ തന്നെ ആണെങ്കിലും മുയല്‍ മുയലൂസിന് വലിയ തിരക്കായിരുന്നു. ജെയിലില്‍ വന്ന് പുള്ളിയുടെ ഇന്റര്‍വ്യൂ നടത്താന്‍ ചാനലുകള്‍ മത്സരിച്ചു. “ആലൂ എന്റെ ഇഷ്ട ഭക്ഷണം ആണ്, ഞാന്‍ അത് ഇനിയും കഴിക്കും” എന്ന് മുയല്‍ മുയലൂസ് തുറന്നടിക്കുന്ന ഇന്റര്‍വ്യൂ അടങ്ങുന്ന ‘Janthu’s Son’ എന്ന വീഡിയോയും വൈറല്‍ ആയി. അതും രാജ്യത്ത് നിരോധിക്കാന്‍ സിംഹേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരവ് അതിന്റെ വഴിക്ക് പോയി. വീഡിയോ അതിന്റെയും!

സര്‍ക്കാരിനെതിരെ പലതരം പ്രതിഷേധങ്ങള്‍ നടന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് മ്യാവൂ പോപ്സീന്സിന്റെ നേതൃത്വത്തില്‍ ജന്തുര്‍ മന്തുറില്‍ നടന്ന നിരാഹാരസമരമായിരുന്നു. സമരം തുടങ്ങി പത്താം ദിവസം ജന്തുരാജാവായ സിംഹേന്ദ്രന്‍ നേരിട്ട് സമരവേദി സന്ദര്‍ശിക്കാനെത്തി. ജന്തുക്കളുടെയും മ്വൊഞ്ചന്‍മാരുടെയും കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളും കൂക്കുവിളികളുമാണ് അദ്ദേഹത്തെ എതിരേറ്റത്. സമരക്കാരുമായി ഏറെ നേരത്തെ ചര്‍ച്ചയ്ക്കു ശേഷം മുയല്‍ മുയലൂസിനെ ഉടനെ വിട്ടയയ്ക്കാമെന്നും, ഉരുളക്കിഴങ്ങ് നിരോധനം മാറ്റാമെന്നും സിംഹേന്ദ്രന്‍ പബ്ലിക്കിന് വാക്ക് നല്‍കി. കരഘോഷത്തോടെയാണ് അവര്‍ അതിനെ സ്വീകരിച്ചത്. “ജന്തുവാധിപത്യം വാഴട്ടെ”, “ഫ്രീക്കന്മാര്‍ റോക്കുന്നു” തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ആകാശം മുട്ടെ ഉയര്‍ന്നു പറന്നു. ഒരു ക്ലൈമാക്സ്‌ രംഗം എന്ന പോലെ ഇടിവെട്ടി മഴയും പെയ്തു. ജന്തുക്കള്‍ ഒന്നടങ്കം ആഘോഷിച്ചു. ആനന്ദനൃത്തം ചവിട്ടി !!

റീവൈന്‍ഡ്:

നല്ലൊരു ചിക്കന്‍ ലവറായ സിംഹേന്ദ്രന്‍ സമരവേദിയിലേക്ക് വരുന്ന വഴിയാണ് പുതിയ JFC (Janthucky Fried Chicken) ഔട്ട്‌ലെറ്റ്‌ കണ്ടത്. കൊതി സഹിക്കാന്‍ പറ്റാതെ അദ്ദേഹം തന്റെ ലിമോയിലേക്ക് ഒരു പ്ലേറ്റ് ഓര്‍ഡര്‍ ചെയ്തു വരുത്തി. ഒപ്പം അതീവ രഹസ്യമായി ഫ്രഞ്ച് ഫ്രൈസും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഓന്ത് പോപ്സീന്‍സ് ആയിരുന്നു JFCയിലെ സപ്ലയര്‍. ഓന്‍ നല്ല ഈസി ആയിട്ട്, സെര്‍വ് ചെയ്ത പ്ലേറ്റില്‍ ഒരു ഹിഡന്‍ ക്യാമറ വെച്ച് ഫുള്‍ HD വീഡിയോ അങ്ങ് പിടിച്ചു. ഉടനെ വാട്സാപ്പില്‍ ഫ്രീക്കന്മാരുടെ ഗ്രൂപ്പില്‍ പോസ്റ്റും ചെയ്തു.

ജന്തുര്‍ മന്തുറില്‍ എത്തിയ സിംഹേന്ദ്രന്‍ സമരക്കാരുടെ കയ്യില്‍ തന്റെ വീഡിയോ കണ്ട് ഞെട്ടി. മാനം പോവുന്ന കേസ് ആയതുകൊണ്ട് ഗത്യന്തരമില്ലാതെ അവരുടെ ആവശ്യങ്ങള്‍ സിംഹേന്ദ്രന്‍ സശ്രദ്ധം കേട്ടു. ആവശ്യങ്ങള്‍ ഇവയായിരുന്നു:

  1. മുയല്‍ മുയലൂസിനെ ഉടന്‍ വിട്ടയയ്ക്കുക
  2. ഉരുളക്കിഴങ്ങിനു മേലുള്ള നിരോധനം എടുത്ത് കളയുക
  3. തന്റെ പേരിന്റെ രണ്ടാം ഭാഗം PopZeinZ എന്നാക്കി ഫേസ്ബുക്കില്‍ PopZeinZ Familyയില്‍ അംഗമാവുക.

എപ്പിലോഗ്:

വാക്ക് പറഞ്ഞ പോലെ PopZeinZ Familyയില്‍ അംഗമായ സിംഹേന്ദ്രന്‍ ഫ്രീക്കിസം തലയ്ക്കു പിടിച്ച് ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന തന്റെ സെല്‍ഫി FB പ്രൊഫൈല്‍ പിക്ക് ആക്കി അപ്ഡേറ്റ് ചെയ്തു. ഒപ്പം ഡിസ്ക്രിപ്ഷനില്‍ ഇങ്ങനെ എഴുതി.

“Broizz, plzz lyk moi profyl pwic ❤ ❤ ”

സ്വപ്നങ്ങൾക്ക് പിറകെ


DSC05943editd

ഇന്ന് ഓഗസ്റ്റ് 10. IOCL ഓർമ്മദിനം!

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഞാൻ എന്റെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും സുപ്രധാന തീരുമാനമെടുത്തത്. ഒരുപാട് ഹരിയ്ക്കലും ഗുണിയ്ക്കലും കഴിഞ്ഞാണ് തീരുമാനമെടുത്തതെങ്കിലും ഹരണവും ഗുണനവും അക്കങ്ങൾ തമ്മിലുള്ള കളികൾ മാത്രമാണെന്ന് എന്നെ ഓർമ്മിപ്പിച്ച ഒരു വർഷം കടന്നുപോയിരിക്കുന്നു. ഒരിക്കൽ എന്റെ അച്ഛൻ പറയുകയുണ്ടായി, “23ആം വയസ്സിൽ നിന്നെ പിടിച്ച് കെട്ടിച്ചിരുന്നെങ്കിൽ നീ ഒരിടത്ത് സെറ്റിൽ ആയേനെ, എത്ര നന്നായേനെ” എന്ന്. അച്ഛൻ അത് കളിയായി പറഞ്ഞതാണെങ്കിലും ‘ചീത്ത’യാവാനാണ് എന്റെ നിയോഗമെന്ന് എനിക്ക് നന്നായറിയാം. മണ്ടത്തരം, വട്ട്, ഭ്രാന്ത് എന്നൊക്കെ എന്റെ തീരുമാനത്തെ വിശേഷിപ്പിച്ച പലരും ഇന്നും എന്റെ ചുറ്റുമുണ്ട്. അവരെക്കാൾ വലിയ മണ്ടന്മാർ ഈ ലോകത്ത് വേറെയില്ല എന്നറിയാതെ അവർ ജീവിക്കുന്നു. പാവങ്ങൾ!!

RM MovieRaga
This is a comment I got on the Movieraga page of Rear Mirror. I don’t know who wrote this but I’m pretty sure that it’s someone who knows me very well. This means a lot to me. I don’t wanna know who you are. Pls stay anonymous!

നിങ്ങൾ ഒരു കടുവയെ കൂട്ടിലടയ്ക്കുന്നു. അതിനു നാല് നേരവും വയറു നിറയെ ആഹാരം കൊടുക്കുന്നു. കൂട് മോടി പിടിപ്പിക്കുന്നു. അതിനു വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു. ഒരിക്കൽ കടുവ കൂട് പൊളിച്ച് പുറത്തു കടക്കുന്നു. ഒറ്റയ്ക്ക് വേട്ടയാടാൻ ആരംഭിക്കുന്നു. ഓടുന്നു. ചാടുന്നു. പരിക്ക് പറ്റുന്നു. വീണ്ടും ഓടുന്നു. ചാടുന്നു. ഇര പിടിക്കുന്നു. പക്ഷെ എന്നും കടുവ തന്റെ കൂടിനെപ്പറ്റി ഓർക്കും. താൻ ചിന്തിച്ചു കൂട്ടിയതും തനിക്ക് പലതും ചെയ്യാനുള്ള ഊർജ്ജം തന്നതും ആ കൂടാണെന്ന് നന്ദിയോടെ സ്മരിക്കും!

ഓഗസ്റ്റ് 10നെക്കുറിച്ച് രണ്ടു വാക്കെഴുതുമ്പോൾ പരദീപിനെപ്പറ്റി ഞാൻ പറയാതിരിക്കുന്നതെങ്ങനെ. നാല് വർഷത്തെ കോളേജ് ജീവിതം എന്നെ എത്ര മാറ്റിമറിച്ചോ അതിന്റെ നൂറു മടങ്ങാണ് പരദീപ് നാല് വർഷം കൊണ്ട് എന്നിലുണ്ടാക്കിയ മാറ്റം! This is not your destiny എന്ന് എന്നെ സദാ ഓർമ്മിപ്പിയ്ക്കാൻ എനിക്കൊരു സുഹൃത്ത് വേണമായിരുന്നു. അതായിരുന്നു പരദീപ്! എനിക്ക് എന്നോട് തന്നെ സംവദിയ്ക്കാൻ ഇതിലും നല്ലൊരു സ്ഥലം എന്റെ ജീവിതത്തിൽ വേറെ കിട്ടിയിട്ടില്ല എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. എനിക്ക് എന്നെത്തന്നെ മനസ്സിലാക്കിത്തന്നതും ഞാൻ കാണാതെ പോയ പലതിനെയും കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചതും എന്റെ ജീവിതത്തിലെ priorities മൊത്തം മാറ്റിമറിച്ചതും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള kick തന്നതും ഒക്കെ പരദീപ് തന്നെ!

Paradip

പ്ളസ് ടുവിനു പഠിക്കുമ്പോൾ തുടങ്ങിയ ശീലമായിരുന്നു ഒറ്റയ്ക്ക് സംസാരിക്കുക എന്നത്. ആദ്യം കണ്ണാടിയിൽ നോക്കിയായിരുന്നു സംസാരം. പിന്നെപ്പിന്നെ കണ്ണാടി വേണ്ടാതായി. പരദീപിലെ 1107 B ക്വാർട്ടറിലെ കണ്ണാടിയിൽ പൊടിപിടിച്ചു, Soliloquy ഞാൻ തുടർന്നു. വീട്ടിലെ കസേര, മേശ, ലാപ്ടോപ്, ഫാൻ, കട്ടിൽ, തലയണ എല്ലാം ഞാൻ സ്ഥിരം സംസാരിക്കുന്ന എന്റെ സുഹൃത്തുക്കളായി. സ്വയം ശകാരിക്കലും ഉപദേശിക്കലും ആശ്വസിപ്പിക്കലും എല്ലാം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നു. What is the best self-improvement tool എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും soliloquy എന്ന്. ആർക്കും ധൈര്യമായി പരീക്ഷിച്ചു നോക്കാം. 🙂

ഒരു ഓർമ്മദിനത്തിൽ പറയേണ്ടതിനെക്കാൾ കൂടുതൽ ഓർമ്മകൾ പങ്കുവെച്ചു കഴിഞ്ഞു. ടണ്‍ കണക്കിന് ഓർമ്മകൾ ഇനിയും കിടക്കുന്നു പറയാൻ. പക്ഷെ അതെല്ലാം നെഞ്ചിനകത്ത് തന്നെയാണ് ഇരിക്കേണ്ടത്. ഞാൻ എപ്പോഴും കരുതുന്ന പോലെ We live to make memories. ഓർമ്മകൾ ഉണ്ടാക്കാൻ വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ അതിനു സ്വപ്നങ്ങളുടെ അകമ്പടി കൂടിയുണ്ടെങ്കിലോ? സ്വപ്നങ്ങളെ അങ്ങനെ വെറുതെ കൂടെക്കൂട്ടാൻ പറ്റില്ല. പിറകേ പോകണം. മറ്റു പലരെയും പോലെ ഞാനും എന്റെ സ്വപ്നങ്ങൾക്ക് പിറകെയാണ്!! കാലിടറിയേക്കാം, പരാജയപ്പെട്ടേക്കാം. പക്ഷേ എഴുന്നേൽക്കും. വീണ്ടും നടക്കും. അങ്ങറ്റം വരെ!

ഭ്രാന്തൻ


Bhranthan

വഴിയോരത്തെ ഓവുചാലിനരികിൽ അയാളെ കണ്ടപ്പോൾ എല്ലാവരെയും പോലെ ഞാനും ഒന്ന് ശ്രദ്ധിച്ചു. പിന്നെ അറപ്പ് കൊണ്ടോ അതൊന്നും എന്നെ അലട്ടാത്തത് കൊണ്ടോ ഞാൻ മുഖം തിരിച്ച് എനിക്കിഷ്ടമുള്ള പലതിലേക്കും കണ്ണോടിച്ചു. നിമിഷങ്ങൾ കടന്നു പോയെങ്കിലും ബസ് ഒന്നും വരാത്തത് കൊണ്ട് എന്റെ കാഴ്ചകൾ അധികം വൈകാതെ അയാളിലേക്ക് തന്നെ ചുരുങ്ങി. അഴുക്കു പുരണ്ട് മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന അയാൾ ഇടക്കിടക്ക് പുറപ്പെടുവിച്ച വിചിത്ര ശബ്ദങ്ങൾ അവിടെ നിന്നിരുന്നവരെ മുഴുവൻ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അയാളുടെ വായടയ്ക്കാനായിട്ടെങ്കിലും ആളുകൾ അയാളുടെ മുന്നിൽ ചില്ലറത്തുട്ടുകൾ ഇടാൻ തുടങ്ങി. ഓരോ തുട്ട് മടിയിൽ വീഴുമ്പോഴും ആർത്തിയോടെ അതെടുക്കാൻ ശ്രമിക്കാതെ അയാൾ മുകളിലേക്ക് നോക്കി ഉറക്കെ ചിരിച്ചു. ആളുകളിൽ ഇത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയാണ് ചെയ്തതെങ്കിലും ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത് അപ്പോഴാണ്‌.

ഒന്ന്, രണ്ടു, മൂന്ന് ഒരുപാട് തുട്ടുകൾ വീണു. എന്റെ ഒരു ബസും പോയി. പക്ഷെ അയാൾ മുകളിലേക്ക് നോക്കി ചിരിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. തന്റെ മടിയിൽ വീണ ഓരോ തുട്ടുകൾക്കും അയാൾ ദൈവത്തോട് നന്ദി പറയുകയാണെന്ന് എനിക്ക് തോന്നി. അയാളുടെ ദൈവം അങ്ങ് ദൂരെ ചക്രവാളങ്ങൾക്കപ്പുറത്താണ്. ദൈവത്തെ കണ്ട നിർവൃതിയിൽ ആണോ അയാൾ ചിരിക്കുന്നത്? പെട്ടെന്ന് ഞാൻ അയാളുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു. സൂര്യരശ്മികളിലൂടെ ചക്രവാളങ്ങളെ എന്നിലേക്കെത്തിക്കാൻ ആ കണ്ണുകൾ വെമ്പൽ കൊള്ളുകയാണെന്ന് എനിക്ക് തോന്നി. അവിടെ, ആ കണ്ണുകളിൽ, ഞാൻ എന്റെ ദൈവത്തെ കണ്ടു. ചക്രവാളങ്ങൾക്കിപ്പുറത്തെ ദൈവം! കൃഷ്ണമണിക്കുള്ളിലെ കുഞ്ഞുദൈവം!

ദൈവത്തെ കണ്ട നിർവൃതിയിൽ നിയന്ത്രണം വിട്ട് ഞാനും അറിയാതെ ചിരിച്ചു പോയി. ചുറ്റുമുള്ളവരുടെ ശ്രദ്ധ എന്നിലേക്കായി. രൂക്ഷമായ നോട്ടങ്ങളെ നേരിടാൻ എനിക്ക് തെല്ലും ചമ്മലുണ്ടായില്ല. അവർക്കിടയിലെ പുതിയ ഭ്രാന്തനായി ഞാൻ ബസ്‌ കാത്ത് അവിടെത്തന്നെ നിന്നു!

 

തടിക്കഷ്ണങ്ങൾ


Image

കാറ്റ്‌ കൊള്ളാനായി പുഴയുടെ തീരത്ത്‌ ചെന്നിരിയ്ക്കയായിരുനു ഞാൻ. അങ്ങകലെ എന്തോ ഒന്ന്‌ ഓളങ്ങൾക്കൊപ്പം പൊങ്ങുകയും താഴുകയും ചെയ്യുന്നത്‌ കണ്ടു. എന്താണത്‌? പതുക്കെപ്പതുക്കെ അതെന്റെ അരികിലേയ്ക്ക്‌ ഒഴുകി വന്നു. ഒരു വലിയ തടിക്കഷ്ണം! വെള്ളത്തിനെ തുളച്ചുകയറാൻ ശക്തിയുണ്ടായിട്ടും വെള്ളത്തിൽ സ്വയം സമർപ്പിച്ച്‌ ഭാരമില്ലാതെ ഒഴുകി നടക്കുന്ന തടിക്കഷ്ണം. നിയന്ത്രിക്കാൻ ആരുമില്ലാതെ, ഒഴുക്കിന്റെ ദിശ മാറുമോ എന്ന ഭയമില്ലാതെ, തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ലാതെ, തനിക്കു മുന്നിലെ കാഴ്ചകൾ ഓരോന്നും കണ്ടാസ്വദിക്കുന്ന തടിക്കഷ്ണം!

തടിക്കഷ്ണത്തിനു മുകളിൽ ആണി കൊണ്ടടിച്ച മൂന്നു പാടുകൾ കണ്ട ഞാൻ എന്റെ സംശയം അതിനോട്‌ ചോദിച്ചു, “നിന്റെ മേലുണ്ടായിരുന്ന ആണികൾ എവിടെ?” തടിക്കഷ്ണം പറഞ്ഞു, “അവയ്ക്കൊന്നും വെള്ളത്തിലെ ഭാരമില്ലായ്മ മനസ്സിലാക്കാൻ കഴിഞ്ഞില്ല”. എന്റെ സംശയം അപ്പോഴും തീർന്നില്ല. “അപ്പോൾ ആണികൾ നീയുമായി ബന്ധിപ്പിച്ച മറ്റ്‌ തടിക്കഷ്ണങ്ങളോ?”, ഞാൻ ചോദിച്ചു. മറുപടിയായി ഒരു പുഞ്ചിരി മാത്രം തന്ന്‌ തടിക്കഷ്ണം തന്റെ യാത്ര തുടർന്നു.

ചെറിയ ഓളങ്ങൾ ഒന്നിനു പുറകെ ഒന്നായി തടിക്കഷ്ണത്തെ കരയിലേയ്ക്ക്‌ തള്ളാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും പാറക്കെട്ടുകളിൽത്തട്ടി അത്‌ ഒഴുക്കിലേയ്ക്ക്‌ തന്നെ മടങ്ങിക്കൊണ്ടിരുന്നു. രണ്ട്‌ കൈകളും വിടർത്തി മലർന്നു കിടന്ന്‌ ആകാശത്തേയ്ക്ക്‌ നോക്കി എല്ലാം മറന്ന്‌ ചിരിക്കുകയാണ്‌ അത്‌ എന്നെനിക്കു തോന്നി. അമ്പരപ്പ്‌ മാറും മുമ്പേ ഞാൻ വീണ്ടും അകലേയ്ക്ക്‌ നോക്കി. അതാ വരുന്നു മറ്റൊരു തടിക്കഷ്ണം!

ആയിരത്തിൽ ഒരുവൻ


Image

” ഒരു മനുഷ്യനിൽത്തന്നെ ഒരുപാട് മനുഷ്യരുണ്ട് ” – Fernando Pessoa (Portuguese Poet)

” ദൈവവും ചെകുത്താനും സത്യസന്ധനും തെമ്മാടിയും ദയാലുവും കാമവെറിയനും വിശാലഹൃദയനും സ്വാർത്ഥനും സംഗീതജ്ഞനും സാഹിത്യകാരനും എഞ്ചിനീയറും ഈ അനോണിമസ്സും എല്ലാം ഞാൻ തന്നെ ” – Anonymous

ഒരു ദൂരയാത്ര കഴിഞ്ഞ്‌ മടങ്ങുകയാണ്‌ ഞാൻ. കൂടെ അവളും ഉണ്ട്‌ . ഒരു ദുഃസ്വപ്നം പോലെയാണ്‌ അത്‌ സംഭവിച്ചത്‌ . കണ്ണ്‌ തുറന്നപ്പോൾ കൂരാക്കൂരിരുട്ട്‌ . നീട്ടിപ്പിടിച്ചാൽ വിരലിനെപ്പോലും വിഴുങ്ങിക്കളയുന്ന അന്ധകാരം. ഉന്നം വെച്ച്‌ നടക്കാനായി ചന്ദ്രന്റെ വെളിച്ചം പോലുമില്ല. ഓക്സിജൻ വലിച്ചെടുക്കാനും കാർബൺ ഡയോക്സൈഡ്‌ പുറത്തുവിടാനുമായി എനിക്കും അവൾക്കും പുറമെ വേറെയാരും ചുറ്റുവട്ടത്തൊന്നുമില്ല. “പേടിയാവുന്നു” എന്ന ഒറ്റ വാക്ക്‌ കൊണ്ട്‌ അവൾ എന്റെ ഹൃദയമിടിപ്പ്‌ ഡബിൾ വോളിയത്തിലാക്കി. ഒന്നും എന്നെ ഏശിയിട്ടില്ല എന്ന്‌ വരുത്തിത്തീർക്കാനായി അവളുടെ കൈ പിടിച്ച്‌ ഞാൻ മുന്നോട്ട്‌ നടന്നു. ഉള്ളിലെ പേടി മറച്ചുവെച്ചുകൊണ്ട്‌ എന്നിലില്ലാത്ത ധീരത അവളുടെ നെഞ്ചിലേയ്ക്ക്‌ പകർന്നു കൊടുക്കാനായി ഞാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

കുറച്ചു ദൂരം നടന്നപ്പോൾ ചന്ദ്രന്റെ ഒരു കൊച്ചവതാരം പോലെ കുറച്ച്‌ വെളിച്ചം ഞങ്ങൾക്ക്‌ വീണുകിട്ടി. ഒരു ലോഡ്ജിൽ നിന്നായിരുന്നു കുഞ്ഞുചന്ദ്രൻ പ്രകാശം പരത്തിക്കൊണ്ടിരുന്നത്‌ . അർദ്ധരാത്രിയിലെ യാത്ര അത്ര പന്തിയല്ലാത്തതുകൊണ്ട്‌ അവളെയും കൂട്ടി അന്ന്‌ രാത്രി ആ ലോഡ്ജിൽ തങ്ങാമെന്ന്‌ ഞാൻ കണക്കുകൂട്ടി. അവൾക്കും മറ്റൊരഭിപ്രായമില്ലായിരുന്നു. എന്നാൽ കുഞ്ഞുചന്ദ്രന്റെ വെളിച്ചത്തെക്കാളേറെ ഞങ്ങളെ വരവേറ്റത്‌ ഒരു പറ്റം കഴുകന്മാരുടെ തൊട്ടാൽ വിരൽ മുറിയുന്ന നോട്ടങ്ങളായിരുന്നു. നോട്ടങ്ങളൊന്നും അവളുടെ ദേഹത്ത്‌ തട്ടാതിരിക്കാനായി ഞാൻ സ്വന്തം ശരീരം കൊണ്ട്‌ അവയെല്ലാം തടുത്തുകൊണ്ടിരുന്നു. അവിടെ മുറിയെടുക്കുന്നത്‌ പോയിട്ട്‌ നിൽക്കുന്നതു പോലും അപകടമാണെന്ന്‌ മനസ്സിലാക്കി തറയിലും ദേഹത്തും തട്ടിച്ചിതറിയ ഏതാനും ചോദ്യങ്ങളെ അവഗണിച്ച്‌ ഞാൻ അപ്പോൾത്തന്നെ അവളെയും കൂട്ടി തിരിച്ചു നടന്നു.

അന്ധകാരം അപ്പോഴും ഞങ്ങളെ വിഴുങ്ങാനായി വാ പൊളിച്ച്‌ നിൽക്കുന്നുണ്ടായിരുന്നു. ഒരായിരം ചോദ്യങ്ങളടങ്ങിയ അവളുടെ ഭയം കലർന്ന ദയനീയ നോട്ടത്തെ ചെറുത്തുനിൽക്കാനായി ഞാനവളുടെ കൈ മുറുകെപ്പിടിച്ചു. പേടി കൊണ്ടോ അതോ തണുപ്പ്‌ കൊണ്ടോ ഞങ്ങളുടെ രണ്ടുപേരുടെയും കൈകൾ മരവിച്ചിരുന്നു.

ഒന്നോ രണ്ടോ കിലോമീറ്റർ മുന്നോട്ട്‌ നടന്നപ്പോൾ ആശ്വാസത്തിന്റെ ഒരു ചെറുതിരി കൊളുത്തിക്കൊണ്ട്‌ ഒരാൾ എതിരെ വരുന്നത്‌ ഞങ്ങൾ കണ്ടു. ഏറ്റവും അടുത്തുള്ള കവലയിലേയ്ക്ക്‌ 5 കിലോമീറ്റർ ദൂരമുണ്ടെന്നും അസ്സമയം ആയതുകൊണ്ട്‌ അവിടെച്ചെന്നാലും ഒരോട്ടോ പോലും കിട്ടാൻ സാധ്യതയില്ലെന്നും പറഞ്ഞ്‌ കത്തിച്ച ചെറുതിരി അയാൾ തന്നെ ഊതിക്കെടുത്തി. എവിടെ നിന്ന്‌ വരുന്നു, എങ്ങനെ ഇവിടെയെത്തി എന്നു തുടങ്ങിയുള്ള ഏതാനും അനാവശ്യ ചോദ്യങ്ങൾ അന്ധകാരത്തിന്റെ തുറന്ന വായിലേയ്ക്ക്‌ തിരിച്ചുവിട്ടുകൊണ്ട്‌ ഞങ്ങൾ നടത്തം തുടർന്നു. അപ്പോഴേയ്ക്കും മരവിപ്പ്‌ കൈയ്യിൽ നിന്നും നടന്നു കയറി ഹൃദയത്തിനുള്ളിൽ ഇരിപ്പുറപ്പിച്ചിരുന്നു.

നാലിൽക്കൂടുതൽ ചെരുപ്പുകൾ റോഡിലുരയുന്ന ശബ്ദം കേട്ട്‌ ഞാൻ ഇടങ്കണ്ണിട്ട്‌ തിരിഞ്ഞുനോക്കി. മൂന്നാലു പേർ ഞങ്ങളെ പിന്തുടരുന്നതാണ്‌ ഞാൻ കണ്ടത്‌ . എല്ലാവർക്കും എന്റെ അതേ മുഖച്ഛായയാണെന്നത്‌ എന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ കൈകൾ അവളുടെ കണ്ണുകളെ പുറകോട്ട്‌ തിരിയുന്നതിൽ നിന്നും വിലക്കുന്നതിൽ വിജയിച്ചെങ്കിലും എന്റെ മനസ്സ്‌ ഭയത്തോടും കാലുകൾ റോഡിനോടും കൂടുതൽ ശക്തിയോടെ മല്ലിട്ടുകൊണ്ടിരുന്നു. പക്ഷേ, ഞൊടിയിടയിൽ മൂന്ന്‌ വൈശാഖുമാർ മുപ്പതായി! മുപ്പത്‌ മുന്നൂറായി! എന്റെ കൈകളും പരാജയപ്പെട്ടു തുടങ്ങി.

അടുത്ത നിമിഷം കുറേയാളുകൾ മുന്നിൽ നിന്നും നടന്നടുക്കുന്നത്‌ കാണാനായി. എന്റെ ക്ലോണുകളായിരുന്നു അവരും. ദൈന്യതയും അമ്പരപ്പും ആരാണ്‌ മുമ്പൻ എന്ന ഇഞ്ചോടിഞ്ച്‌ പോരാട്ടം അവളുടെ കണ്ണുകളിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഇനി മുന്നോട്ടാഞ്ഞിട്ട്‌ കാര്യമില്ല എന്ന്‌ സ്വയം മനസ്സിലാക്കിയതു പോലെ കാലുകൾ റോഡുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ഹൃദയമിടിപ്പ്‌ പൂർവ്വാധികം ശക്തിയോടെ ‘നാക്കുമുക്കി’നെ വെല്ലുമാറ്‌ വേഗത്തിൽ തുടർന്നുകൊണ്ടിരുന്നു.

ഒടുവിൽ ആയിരം വൈശാഖുമാർ ഒന്നിച്ച്‌ ഞങ്ങളെ വളഞ്ഞു. അപ്പോഴാണ്‌ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്‌ . ഒരാൾക്ക്‌ എന്നെക്കാൾ വലിയ കണ്ണുകളാണുള്ളത്‌, ഒരാൾക്ക്‌ വലിയ കഴുത്ത്‌, ഒരാൾക്ക്‌ വലിയ ചെവികൾ, മറ്റൊരാൾക്ക്‌ വലിയ കൈകൾ, വേറൊരാൾക്ക്‌ വലിയ നെഞ്ചിൻകൂട്‌ ! എല്ലാവരും ചേർന്നുള്ള തിരക്കിൽപ്പെട്ട്‌ എനിക്ക്‌ അവളുടെ കൈയ്യിനുമേലുള്ള പിടി വിടേണ്ടിവെന്നെങ്കിലും അവൾ അവളുടെ വലതുകൈ കൊണ്ട്‌ എന്റെ ഇടതു കൈയ്യിൽ വിടാതെ പിടിച്ചിരുന്നു. പെട്ടെന്നേറ്റ ആഘാതമായി ആയിരത്തിൽ ഒരുവന്റെ ഇരുമ്പുമുഷ്ടി എന്റെ നെഞ്ചിൻകൂട്‌ തകർത്ത്‌ നിർത്താതെ മിടിച്ച്‌ കിതയ്ക്കുന്ന ഹൃദയത്തെ പുറത്തെടുത്തു. മറ്റൊരുവന്റെ ആഞ്ഞുള്ള പ്രഹരം എന്റെ തലയോട്ടിയെ രണ്ടായി പിളർത്ത്‌ തലച്ചോറിനെ പുറത്തെടുത്തു. പുറകിലുള്ളവർ തങ്ങളാലാവും വിധം ശ്രമിച്ചിട്ടും എന്റെ കൈയ്യിനു മേലുള്ള അവളുടെ പിടുത്തം വിടുവിയ്ക്കാനായില്ല. തലച്ചോറും ഹൃദയവും നഷ്ടപ്പെട്ട ഞാൻ ഗ്രഹണത്തിനായി ചന്ദ്രൻ വന്നടുക്കുമ്പോൾ വെറുതേ നിന്നുകൊടുക്കുന്ന സൂര്യനെപ്പോലെ ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുകയായിരുന്നു.

ഒരുപാട്‌ നേരം ശക്തിയോടെ പിടിച്ചു നിന്ന്‌ ഒടുക്കം വൈശാഖുമാരുടെ കൈക്കരുത്തിന്‌ വഴങ്ങി അവൾക്ക്‌ കൈയ്യിലെ പിടുത്തം വിടേണ്ടിവന്നെങ്കിലും എന്റെ നീട്ടിപ്പിടിച്ച വിരലുകളിലൊന്നിൽ അവൾക്ക്‌ പിടി കിട്ടി. എന്റെ ഇടതു കൈയ്യിലെ മോതിരമിടാത്ത മോതിരവിരലായിരുന്നു അത്‌ . പെട്ടെന്നേതോ ശക്തി ആവാഹിച്ച പോലെ ആയിരങ്ങളൊരുമിച്ച്‌ തൊണ്ട പൊട്ടുമാറുച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച്‌ എന്റെ ചെവിയ്ക്കുള്ളിൽ കുത്തിനിറയ്ക്കാൻ തുടങ്ങി.

“അറാറാ നാക്കുമുക്ക്‌ നാക്കുമുക്ക്‌ നാക്കുമുക്ക്‌ …”

പെട്ടെന്ന്‌ ഞാൻ ഞെട്ടിയെഴുന്നേറ്റു. മൊബൈലിൽ അലാറം നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. സമയമാണെങ്കിൽ 8:30 കഴിഞ്ഞു. ഇന്നും പതിവുപോലെ ഓഫീസിൽ പോകാൻ വൈകിയിരിക്കുന്നു. പല്ല്‌ തേയ്ക്കാനായി ബ്രഷും എടുത്ത്‌ ധൃതി പിടിച്ച്‌ ഓടിയ ഞാൻ കാൽ വഴുതി കൈയ്യും കുത്തി വീണു. ഓർക്കാപ്പുറത്ത്‌ നിലത്തുവീണ കൈകളെ സൂക്ഷിച്ചു നോക്കിയ എനിക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇടതു കൈയ്യിൽ വെറും നാല്‌ വിരലുകൾ. മോതിരവിരൽ നിന്നിരുന്ന സ്ഥലത്ത്‌ ഇപ്പോൾ വെറും ശൂന്യത മാത്രം!

Blog at WordPress.com.

Up ↑