Search

അകക്കണ്ണ്

എന്നിലെ ഞാന്‍!

Category

കവിതകള്‍

വില്‍ക്കാനുണ്ട് സത്യങ്ങള്‍


media

ഞങ്ങള്‍ സത്യങ്ങള്‍!
വിശ്വസിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍,
വളച്ചൊടിച്ചാലും നോവാത്തവര്‍,
വഴിയോരത്ത് തെണ്ടേണ്ടി വരുന്നവര്‍,
പരാതികളില്ലാത്തവര്‍, പീഡിതര്‍!

ഞങ്ങള്‍ സത്യങ്ങള്‍!
നിങ്ങളുടെ വായിലെ കളിക്കോപ്പുകള്‍,
ചൂടേറിയ ചര്‍ച്ചയിലെ ബലിയാടുകള്‍,
പരസ്പരബന്ധമില്ലാത്ത നേരമ്പോക്കുകള്‍,
വിവേകത്തെ കീഴ്പ്പെടുത്തുന്ന വൈറസുകള്‍.

ഞങ്ങള്‍ സത്യങ്ങള്‍!
പല പേരില്‍ അറിയപ്പെടുന്നവര്‍,
നിങ്ങള്‍ക്കിഷ്ടമുള്ള രൂപം ധരിക്കുന്നവര്‍,
സ്വന്തം മേല്‍വിലാസം നഷ്ടപ്പെട്ടവര്‍,
അഭിപ്രായസ്വാതന്ത്ര്യമില്ലാത്തവര്‍.

ഞങ്ങള്‍ സത്യങ്ങള്‍!
ടി ആര്‍ പി റേറ്റിംഗ് കൂട്ടുന്നവര്‍,
തകര്‍ന്നു കഴിഞ്ഞും ‘ബ്രേക്കിംഗ്’ ആവാന്‍ വിധിക്കപ്പെട്ടവര്‍,
ആത്മാവില്ലാതെ ടിവിയിലും പത്രത്തിലും മരിച്ചുവീണവര്‍,
നിങ്ങളുടെ സന്തതികള്‍!

ഞങ്ങള്‍ സത്യങ്ങള്‍!
ഞങ്ങളല്ലാതായവര്‍,
വഴിപിഴച്ചുപോയവര്‍,
വില്‍പ്പനച്ചരക്കുകള്‍!

ഞങ്ങള്‍ക്ക് നുണകളോട് അസൂയയാണ്
അവരൊക്കെ എത്ര ഭാഗ്യം ചെയ്തവര്‍!

ദേശസ്നേഹം അഥവാ ദേശഭയം


nationalism-quotes_tagore

എഴുന്നേല്‍ക്കാന്‍ തെല്ലും മടിയില്ലാതിരുന്ന എന്നെ
നിങ്ങള്‍ ബലമായി എഴുന്നേല്‍പ്പിച്ചു

ബഹുമാനിക്കാന്‍ തെല്ലും മടിയില്ലാതിരുന്ന എന്നെ
നിങ്ങള്‍ ബഹുമാനമെന്തെന്ന് തല്ലിപ്പഠിപ്പിച്ചു

വെറുക്കാന്‍ ഒട്ടും ശീലിച്ചിട്ടില്ലാത്ത എന്നില്‍
നിങ്ങള്‍ വെറുപ്പ് കുത്തിവെച്ചു

വ്രണങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത എന്റെ വികാരങ്ങളെ
നിങ്ങള്‍ വ്രണപ്പെടാന്‍ പരിശീലിപ്പിച്ചു

ചോദ്യങ്ങള്‍ ചോദിക്കാന്‍ മുമ്പില്‍ നിന്നിരുന്ന എനിക്ക്
നിങ്ങള്‍ അനുസരണയ്ക്കുള്ള മരുന്ന്‍ തന്നു

സാധാരണക്കാരനു വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന എന്നെ
നിങ്ങള്‍ അതിര്‍ത്തിയില്‍ കൊണ്ടുനിര്‍ത്തി സല്യൂട്ട് ചെയ്യാന്‍ പഠിപ്പിച്ചു

കൂടപ്പിറപ്പിനെപ്പോലും കടിച്ചുകീറാനുള്ള ലൈസെന്‍സായി
നിങ്ങള്‍ ദേശസ്നേഹത്തെ എനിക്ക് മുന്നില്‍ അവതരിപ്പിച്ചു

ഇങ്ങനെ അടിച്ചേല്‍പ്പിയ്ക്കാന്‍ മാത്രം ദേശസ്നേഹം എന്നാണ്
ദേശഭയം എന്ന പേരില്‍ തരംതാഴ്ന്നത്?

യുദ്ധം


war

രാജ്യവും രാജ്യവും തമ്മില്‍ യുദ്ധം ചെയ്തു!
എന്റെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു

സംസ്ഥാനങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്തു!
എന്റെ ഭാഷ സംസാരിക്കുന്നവരെയെല്ലാം ഞാന്‍ എന്റെ ആളുകള്‍ എന്ന് വിളിച്ചു

മതസംഘടനകള്‍ തമ്മില്‍ യുദ്ധം ചെയ്തു!
നെറ്റിയിലെ കുറിയും കഴുത്തിലെ കൊന്തയും ഞാന്‍ വേര്‍തിരിച്ചു കാണാന്‍ തുടങ്ങി

ഗ്രാമങ്ങള്‍ തമ്മിലായി പിന്നെ യുദ്ധം
അന്യഗ്രാമത്തിലെ സാധനങ്ങള്‍ മുഴുവന്‍ ഞാന്‍ തീവെച്ചു നശിപ്പിച്ചു

വീടുകള്‍ തമ്മിലുള്ള യുദ്ധത്തില്‍
വേലികള്‍ വളര്‍ന്ന് മതിലുകളായി!
ഞാന്‍ എറിയുന്ന ബോംബുകള്‍
ആ മതിലുകള്‍ കടന്നു പോകുമെന്ന് ഞാന്‍ ഉറപ്പുവരുത്തി

ആളുകള്‍ തമ്മിലുള്ള യുദ്ധത്തില്‍
മുറികള്‍ രാജ്യങ്ങളായി!
എനിക്ക് ചുറ്റുമുള്ള നാല് ചുമരുകള്‍ക്കുള്ളില്‍
ഞാന്‍ എന്റെ ലോകം സൃഷ്ടിച്ചു

എന്റെ ലോകത്തില്‍ ഞാന്‍ അഭിമാനം കൊണ്ടു,
അതിന്റെ അധിപനായി സ്വയം അവരോധിച്ചു
കാരണം എന്നോട് യുദ്ധം ചെയ്ത് എന്നെത്തന്നെ ജയിക്കാന്‍
അതിനോടകം ഞാന്‍ മറന്നു പോയിരുന്നു

ലോകമോ തറവാട്


world

വസുധൈവ കുടുംബകം
എന്ന് ഞാന്‍ പണ്ടേ കേട്ടിട്ടുണ്ട്
ലോകമേ തറവാട്
എന്നതിനര്‍ത്ഥമെന്നും പഠിച്ചിട്ടുണ്ട്
പക്ഷേ, ഞാനും നീയും ഉള്‍പ്പെടുന്ന ലോകം
എനിക്കും നിനക്കും തറവാടാകുന്നതെങ്ങനെയെന്നു
ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല
ആരും പറഞ്ഞു തന്നിട്ടുമില്ല

ഞാന്‍ രാമനും നീ കൃഷ്ണനും ആകയാല്‍
എനിക്ക് ത്രേതയും നിനക്ക് ദ്വാപരയും
സ്വന്തമായുണ്ടെന്നറിയാം, പക്ഷേ
കലി ഇതുവരെ നമുക്ക് പങ്കിട്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല
എന്തും സ്വന്തമാക്കാനല്ലേ പഠിച്ചിട്ടുള്ളൂ
ഞാനും നീയും

ത്രേതയ്ക്കും ദ്വാപരയ്ക്കും ഇടയ്ക്കൊരു വേലി തീര്‍ത്ത്
നമ്മള്‍ നമ്മുടെ സാമ്രാജ്യങ്ങളില്‍
ഒതുങ്ങിക്കൂടിയെന്നും പറയുക വയ്യ
ദ്വാപരയ്ക്ക് വില കുറയാന്‍ ഞാനും
ത്രേതയ്ക്ക് വില കുറയാന്‍ നീയും കാത്തിരുന്നത്
വെട്ടിപ്പിടിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു

സ്വസാമ്രാജ്യത്തിലെ രാജാക്കന്മാരായി സ്വയം അവരോധിക്കപ്പെട്ടപ്പോഴും
ലോകത്തിനു മുന്നില്‍ നമ്മള്‍ സുഹൃത്തുക്കളായി നടിച്ചു
വേലിക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗേറ്റാണ്
നമ്മുടെ സൗഹൃദത്തിന്റെ ഒരിക്കലും മങ്ങാത്ത സ്മാരകം
ജീവിച്ചു മരിച്ചവര്‍ക്കേ സ്മാരകം പണിയാറുള്ളൂ, പക്ഷേ
ജനിക്കാത്തവനും സ്മാരകം പണിയാമെന്ന് ആ ഗേറ്റ് സാക്ഷ്യപ്പെടുത്തും

ഇങ്ങനെയൊക്കെ നമ്മള്‍ നടിച്ചു കാണിച്ചെങ്കിലും
കയ്യടിക്കാന്‍ വിസമ്മതിച്ച ലോകത്തെ എനിക്ക് പുച്ഛമാണ്
അവന്റെ കയ്യടിക്കായി നമ്മള്‍ കാത്തിരുന്നെന്നു
അവന്‍ കരുതിയെങ്കില്‍ ലോകമേ നീയെത്ര വിഡ്ഢി
നിന്നെ എനിക്ക് എന്റെ തറവാടായി സങ്കല്‍പ്പിക്കാനേ വയ്യ
‘എന്റെ ലോകമേ എനിക്ക് തറവാട്’ എന്നതാണെന്റെ തത്വം

പക്ഷേ ഒരിക്കല്‍ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നടുക്ക്
എന്റെ ത്രേതയുടെ മനുഷ്യ നിര്‍മ്മിത പുല്‍ത്തകിടിയില്‍
രാജാവിനെപ്പോലെ ഒരു സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍
ഇതിലൊന്നിലും താല്‍പര്യമില്ലാത്ത എന്റെ മകന്‍
വീണ്ടും ആ സമസ്യ എനിക്കു മുന്നില്‍ ഇട്ടു തന്നു,
ഇന്നും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത സത്യം

“പണമോ പൊന്നോ ഭൂമിയോ കൊട്ടാരങ്ങളോ ഒന്നും പിടിച്ചടക്കാതെ
മനുഷ്യന്‍ നിരന്തരം യാത്ര ചെയ്തുകൊണ്ടേയിരുന്നാല്‍,
കാഴ്ചകള്‍ കാണാന്‍ അല്ലാതെ ജീവിതങ്ങള്‍ കാണാന്‍, ജീവിക്കാന്‍
അവന്‍ സദാ ചലിച്ചുകൊണ്ടേയിരുന്നാല്‍,
ഇതെന്റെ അത് നിന്റെ എന്ന് വേര്‍തിരിച്ചു കാണാതെ
ഈ ലോകം തന്നെ നമ്മുടെ എന്ന് വിശാലമായി ചിന്തിച്ചു തുടങ്ങിയാല്‍,
സത്യത്തില്‍ അപ്പോഴല്ലേ ലോകം നമുക്ക് തറവാടാകൂ?
അപ്പോഴല്ലേ നമ്മളെല്ലാം ഒന്നാകൂ?”

മനുഷ്യജന്മത്തിന്റെ തന്നെ അടിസ്ഥാനോദ്ദേശ്യം മറന്ന്
എന്തിനോ വേണ്ടി പലതിനും പിറകെ ഓടി
സ്വയം കെട്ടിപ്പടുത്ത സൗധത്തിനു മുന്നില്‍
ഒന്നുമല്ലാതെ നിസ്സഹായനായി നിന്ന ഞാന്‍
ആകാരം കൊണ്ട് ഭീമനെങ്കിലും
ആ വലിയ ചോദ്യം താങ്ങാനാവാതെ
നിലം പതിച്ചപ്പോഴാണ് ഭൂമിയെക്കുറിച്ചോര്‍ത്തത്,
ലോകത്തെക്കുറിച്ചോര്‍ത്തത്, തറവാടിനെക്കുറിച്ചോര്‍ത്തത്

ഞാന്‍ തന്നെ പതിച്ച ടൈല്‍ കാരണം
കൈയ്യില്‍ പിടിക്കാന്‍ ഒരു തരി മണ്ണ് പോലും കിട്ടാതെ
ഞാന്‍ ജീവന്‍ വെടിഞ്ഞതും
എന്റെയെന്നു ഞാന്‍ വിശ്വസിച്ച ത്രേതയും ആകാശഗോപുരങ്ങളും
ഒരു ക്ഷണം കൊണ്ട് എന്റെ കണ്ണില്‍ നിന്ന് മറഞ്ഞതും
ഇന്നും ആര്‍ക്കുമറിയാത്ത ചരിത്രം

ഇന്ന് മറ്റൊരു ലോകത്ത് വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുമ്പോള്‍
ഭൂമിയില്‍ ജീവിക്കാന്‍ ലഭിച്ച അവസരം തുലച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു
എല്ലാം നേടിയെന്നു കരുതി കളഞ്ഞ വര്‍ഷങ്ങളോര്‍ത്ത് ഞാന്‍ പരിതപിക്കുന്നു
തറവാട്ടില്‍ പിറന്ന് പക്ഷേ തറവാട്ടില്‍ ജീവിക്കാന്‍ മറന്നു പോയ
അനേകായിരങ്ങളില്‍ ഒരുവനായി ഞാനും വിസ്മരിക്കപ്പെടും
‘ലോകമോ തറവാടി’ല്‍ നിന്ന് ‘ലോകമേ തറവാടിലേ’യ്ക്കുള്ള ദൂരം
ഒരു ജീവിതമെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തും

മരണവീട്


Image

കൂരിരുട്ടിൽ ഞാനെൻ വീട്ടിലേയ്ക്കുള്ള വഴി തപ്പി
കുന്നോളം സ്നേഹവും കടലോളം സന്തോഷവും നിറച്ചൊരെന്റെ കൊച്ചുവീട്‌
സ്നേഹം തൻ വെള്ളയിൽ സന്തോഷമാം
സപ്തവർണ്ണം ചാലിച്ചൊരെൻ സുന്ദരഗേഹം

ദീർഘയാത്രയിൽ പക്ഷേ വഴികാട്ടിയായി
സൂര്യനെ കൂട്ടുപിടിച്ചിട്ടെന്തായി?
അവശ്യസമയത്തവൻ കൈയ്യൊഴിഞ്ഞിരിക്കുന്നു.
കാതങ്ങളിനിയും താണ്ടാനുണ്ടെൻ വീടെത്താൻ

വഴിതിരഞ്ഞ്‌ തപ്പിത്തടഞ്ഞ കാലുകൾ
വഴുതിവീണതാ ഒരു പാറയിലുടക്കി
“എന്തിനു നീയെൻ വഴി തടയുന്നു?
എനിക്കെന്റെ വീട്ടിൽ വേഗം എത്തേണ്ടതുണ്ട്‌”

കാത്തുവെച്ചപോലെയാ ചോദ്യമെൻ
കാലിൻ തുമ്പിൽ നിന്നടർന്നു വീണു പാറയിൽ…
“എത്ര തവണ നീയെന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയിരിക്കുന്നു!
അന്ന്‌ നീ ചെറുതായിരുന്നു. ഞാനും.”

പാറ തൻ വാക്കുകൾ കാരിരുമ്പിൻ ശക്തിയോടെ
കോറിയെൻ മനസ്സിൽ നീറ്റലായ്‌
കോറിയ ആ ഇടത്തൊരു മുള്ളിൻ തുമ്പ്‌ കൊണ്ട്‌
ചോരയൊഴുകിയൊലിച്ചു സർവ്വവും

“എന്തിനു മുള്ളേ നീയുമെൻ വഴി തടയുന്നു?
എനിക്കെന്റെ വീട്ടിൽ വേഗം എത്തേണ്ടതുണ്ട്‌”
ചോര തൻ ചുവപ്പിൽ ചാലിച്ചൊരാ
ചോദ്യമങ്ങാവർത്തിച്ചു ഞാനും

“എത്ര തവണ നീയെന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയിരിക്കുന്നു!
അന്ന്‌ ഞാൻ ചെറുതായിരുന്നു. നീയും.”
മുള്ളിൻ മറുവാക്കുമിരുട്ടിൻ മുരൾച്ചയും
മെല്ലെയെൻ കൈ കൊണ്ട്‌ വകഞ്ഞു മാറ്റി
കാലുകൊണ്ട്‌ പുറകിലേയ്ക്ക്‌ തള്ളി
ഒടുവിലെൻ വീടിന്റെ പടികൾ കാണായി

തൂവെള്ള വസ്ത്രവും മാലയുമണി-
ഞ്ഞനേകം പേരെന്നെ എതിരേറ്റു
അവർക്ക്‌ പക്ഷേ മരുന്നിന്റെ മണമായിരുന്നു!
അസഹനീയമായ മണം!

ഞാൻ നെറ്റി ചുളിച്ചു, മൂക്കു പൊത്തി
അവരെന്റെ കാതിലാ സ്വകാര്യം പറഞ്ഞു
“പാറയിൽ ദ്വേഷത്തെയൊളിപ്പിച്ചതും
മുള്ളിൽ ദീനത്തെയൊളിപ്പിച്ചതും ഞങ്ങളാണ്‌”

അടിയേറ്റ പോൽ ഞാനവരെ പകച്ചു നോക്കവേ
അകലത്തിൽ അവർക്കു പിന്നിലെൻ വെള്ളവീടിൻ
അഴുക്കുപുരളാത്ത ചുമരിലെ കറുത്ത അക്ഷരങ്ങൾ,
അഴകൊട്ടുമില്ലാത്താ അക്ഷരങ്ങൾ ഞാൻ വായിച്ചു…
“മരണവീട്‌”

പുതുവർഷം – In Memory of Delhi Braveheart


Image

ഇന്നീ പുതുവർഷസന്ധ്യയിൽ
മൂകമായ്‌ ഏകനായ്‌ ഏകനായ്‌
അണയും തിരികളിലഗാധമായ്‌
ആരെയോ തേടുവാൻ നേരമായ്‌

വെൺമേഘമായ്‌ നീ പൊങ്ങുമ്പൊഴും
ഒരു നൂറു ചോദ്യങ്ങളായെൻ മനം
നോവിതിൽ വീണിതാ കേഴുന്നു
നാടിനെയോർത്തിതാ വിങ്ങുന്നു

നീറുന്നൊരോർമ്മയായ്‌ നീ മായുകിൽ
നാണമില്ലേതുമീ ജന്മങ്ങളിൽ
നീതി ചോദിക്കുകിൽ നം നാവിലോ
നാരായണായ നമഃ നാരായണ

പകരുവാൻ കൈയ്യിലില്ലേതും
പകരമായ്‌ എൻ ലജ്ജ മാത്രം

പുതുവർഷമേ ഒന്നോർക്കുക…
പലതുണ്ടിതിൽ ലജ്ജിക്കുവാൻ…
പുതുവർഷമേ ഒന്നോർക്കുക…
പലതുണ്ടിതിൽ ലജ്ജിക്കുവാൻ…

പ്രകൃതിയും മനുഷ്യനും


Image

പച്ചപ്പട്ടുടുത്ത പ്രകൃതിയല്ലോ ഭൂമിയ്ക്ക്‌ പ്രിയങ്കരി
പകലും പാതിരയും പാരിതിന്ന്‌ കാവലാം പ്രകൃതീ
പ്രപഞ്ചസത്യങ്ങളുൾക്കൊള്ളുന്നൊരവനിതൻ പ്രിയതമേ
പൊറുക്കുവാൻ കഴിയുമോ നിനക്കീ മർത്ത്യന്റെ പാപകേളികൾ?

പുണ്യവതിയാം നിന്നെ ഞാൻ പാപപങ്കിലമാക്കിടുമ്പൊഴും
പുഞ്ചിരി തൂകുന്നതെങ്ങനെ നീ ദേവീ?
പാപികൾ പിച്ചിച്ചീന്തിടുമ്പൊഴും പകരമായ്‌
പൂക്കളും പഴങ്ങളും നീ തരുന്നതെന്തിന്‌?

പഞ്ചഭൂതങ്ങൾക്കുമതീതയാമമ്മേ
എൻ കല്‌മഷം ഞാൻ നിന്നിൽ ഇറക്കട്ടെ…
പവിത്രമാമാ പാദങ്ങളൊന്നു പുണരട്ടെ…
തുച്ഛനാം ഞാൻ നിൻ വെറും ദാസനല്ലോ…

_____________________________________________________________________________
അമ്മേടെ ട്യൂഷന്‍ കുട്ട്യോള്‍ക്ക് വേണ്ടി പരിസ്ഥിതിയെപ്പറ്റി ഒരു കുട്ടിക്കവിത വേണമെന്ന് പറഞ്ഞ് എഴുതാനിരുന്നതാ. അവസാനം കുട്ടിക്കവിതയുമായില്ല കട്ടിക്കവിതയുമായില്ല. ഈ പരുവത്തിലായി.. 😉

‘ഉഷ്ണ’ദാതാവ്‌


Image

ജീവന്റെ സത്തയെ ഊറ്റിക്കുടിക്കുന്നൊ-
രൂർജ്ജദാതാവിൻ കേളികൾ
മനുജനെ ഒന്നോടെ ഉന്മൂലനം ചെയ്യാ-
നുടയോനയച്ച ദൂതനോ നീ?
ഭൂമിയെ പൊന്നാടയണിയിച്ചും
പൂക്കളെ ജീവസ്സുറ്റതാക്കിയും
ആഞ്ജനേയൻ തൻ മാമ്പഴമായി വിളങ്ങുന്നൊ-
രർക്കാ ഇക്കുറി നിനക്കിതെന്തുപറ്റി?

പിന്നിടും വഴികളെല്ലാം നിശ്ശേഷം
പൊള്ളിക്കും നിന്റെയീ യാത്ര കണ്ടാൽ
പാരിലെ അഗ്നിപർവതങ്ങളൊന്നടങ്കം
ലാവയൊഴുക്കുന്നപോൽ തോന്നും
ഉലകത്തിനുള്ള നിൻ സംഭാവന
ഊർജ്ജമോ ഉഷ്ണമോ ഇതിലേതെന്നു നീ ചൊല്ലുക
അതോ ഭൂമിയെ കൊന്നുതിന്നുന്ന മനുഷ്യനോടുള്ള
പ്രകൃതി തൻ പ്രതികാരമോ ഇത്‌?
പച്ചപിടിയ്ക്കാനല്ല, കനൽക്കട്ടകളാൽ മനുഷ്യനെ
പഴുപ്പിയ്ക്കുവാനോ പ്രകൃതി നിശ്ചയം?

അങ്ങനെയെങ്കിൽ, ശിക്ഷിച്ചു കൊള്ളുക…
ഈ മാനവരാശിയെ ഒന്നോടെ വേവിച്ച്‌ ഭക്ഷിച്ചു കൊള്ളുക
കുബേരനെന്നോ കുചേലനെന്നോ ഇല്ലാതെ,
പണ്ഡിതനെന്നോ പാമരനെന്നോ ഇല്ലാതെ,
ജാതിയും മതവുമൊന്നും തടസ്സമാവാതെ,
സർവ്വരേയും തീത്തുള്ളികൾ വർഷിച്ച്‌ സംഹരിച്ചു കൊള്ളുക
അമ്മതൻ മാറുപിളർന്ന്‌ ചോര കുടിയ്ക്കുന്ന മക്കളാം
ഞങ്ങളെ ഭൂമീദേവിയ്ക്കിനി വേണ്ട…

നിന്നെത്തേടി


അലയുവാൻ വയ്യിനി എന്നന്തരാത്മാവിൻ
സ്വപ്നത്താൽ നെയ്തൊരാ അനന്തതയിൽ
പലവുരു അലഞ്ഞു ഞാൻ ഭ്രാന്തനെപ്പോലെയാം
മനമെന്നൊരീ മായാമാളികയിൽ
നിഴലും നിലാവും നീ തന്നെയെന്നറികിലും
ഉഴലുന്നു ഞാൻ അഴലിൻ ആഴങ്ങളിൽ

വന്നിടാതെ വാക്ക്‌ തന്നിടാതെ
എന്തിനായ്‌ ഈ സ്നേഹസാഗരം തീർത്തതും
അണയാത്തൊരഗ്നിയിൽ സ്വയം നീറുന്നതും
അതിലേറെയെൻ ഹൃത്തൊടടുക്കുന്നതും
ഒരു വാക്കു ചൊല്ലി ഞാൻ ഒരുനൂറുവാക്കിനായ്‌
രാപ്പകൽതോറും കൊതിക്കുന്നതും

ഈ നീലരജനിയിൽ പാൽനിലാവൊളിയിൽ
എങ്ങു നീ പോയി എൻ ആരോമലേ
പിന്നെയീ ഏകാന്തമാം കൂരിരുട്ടിൻ
കയത്തിൽ പതിച്ചു ഞാൻ പ്രജ്ഞയറ്റ്‌…

Blog at WordPress.com.

Up ↑