Search

അകക്കണ്ണ്

എന്നിലെ ഞാന്‍!

Tag

malayalam

ലോകമോ തറവാട്


world

വസുധൈവ കുടുംബകം
എന്ന് ഞാന്‍ പണ്ടേ കേട്ടിട്ടുണ്ട്
ലോകമേ തറവാട്
എന്നതിനര്‍ത്ഥമെന്നും പഠിച്ചിട്ടുണ്ട്
പക്ഷേ, ഞാനും നീയും ഉള്‍പ്പെടുന്ന ലോകം
എനിക്കും നിനക്കും തറവാടാകുന്നതെങ്ങനെയെന്നു
ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല
ആരും പറഞ്ഞു തന്നിട്ടുമില്ല

ഞാന്‍ രാമനും നീ കൃഷ്ണനും ആകയാല്‍
എനിക്ക് ത്രേതയും നിനക്ക് ദ്വാപരയും
സ്വന്തമായുണ്ടെന്നറിയാം, പക്ഷേ
കലി ഇതുവരെ നമുക്ക് പങ്കിട്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല
എന്തും സ്വന്തമാക്കാനല്ലേ പഠിച്ചിട്ടുള്ളൂ
ഞാനും നീയും

ത്രേതയ്ക്കും ദ്വാപരയ്ക്കും ഇടയ്ക്കൊരു വേലി തീര്‍ത്ത്
നമ്മള്‍ നമ്മുടെ സാമ്രാജ്യങ്ങളില്‍
ഒതുങ്ങിക്കൂടിയെന്നും പറയുക വയ്യ
ദ്വാപരയ്ക്ക് വില കുറയാന്‍ ഞാനും
ത്രേതയ്ക്ക് വില കുറയാന്‍ നീയും കാത്തിരുന്നത്
വെട്ടിപ്പിടിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു

സ്വസാമ്രാജ്യത്തിലെ രാജാക്കന്മാരായി സ്വയം അവരോധിക്കപ്പെട്ടപ്പോഴും
ലോകത്തിനു മുന്നില്‍ നമ്മള്‍ സുഹൃത്തുക്കളായി നടിച്ചു
വേലിക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗേറ്റാണ്
നമ്മുടെ സൗഹൃദത്തിന്റെ ഒരിക്കലും മങ്ങാത്ത സ്മാരകം
ജീവിച്ചു മരിച്ചവര്‍ക്കേ സ്മാരകം പണിയാറുള്ളൂ, പക്ഷേ
ജനിക്കാത്തവനും സ്മാരകം പണിയാമെന്ന് ആ ഗേറ്റ് സാക്ഷ്യപ്പെടുത്തും

ഇങ്ങനെയൊക്കെ നമ്മള്‍ നടിച്ചു കാണിച്ചെങ്കിലും
കയ്യടിക്കാന്‍ വിസമ്മതിച്ച ലോകത്തെ എനിക്ക് പുച്ഛമാണ്
അവന്റെ കയ്യടിക്കായി നമ്മള്‍ കാത്തിരുന്നെന്നു
അവന്‍ കരുതിയെങ്കില്‍ ലോകമേ നീയെത്ര വിഡ്ഢി
നിന്നെ എനിക്ക് എന്റെ തറവാടായി സങ്കല്‍പ്പിക്കാനേ വയ്യ
‘എന്റെ ലോകമേ എനിക്ക് തറവാട്’ എന്നതാണെന്റെ തത്വം

പക്ഷേ ഒരിക്കല്‍ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നടുക്ക്
എന്റെ ത്രേതയുടെ മനുഷ്യ നിര്‍മ്മിത പുല്‍ത്തകിടിയില്‍
രാജാവിനെപ്പോലെ ഒരു സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍
ഇതിലൊന്നിലും താല്‍പര്യമില്ലാത്ത എന്റെ മകന്‍
വീണ്ടും ആ സമസ്യ എനിക്കു മുന്നില്‍ ഇട്ടു തന്നു,
ഇന്നും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത സത്യം

“പണമോ പൊന്നോ ഭൂമിയോ കൊട്ടാരങ്ങളോ ഒന്നും പിടിച്ചടക്കാതെ
മനുഷ്യന്‍ നിരന്തരം യാത്ര ചെയ്തുകൊണ്ടേയിരുന്നാല്‍,
കാഴ്ചകള്‍ കാണാന്‍ അല്ലാതെ ജീവിതങ്ങള്‍ കാണാന്‍, ജീവിക്കാന്‍
അവന്‍ സദാ ചലിച്ചുകൊണ്ടേയിരുന്നാല്‍,
ഇതെന്റെ അത് നിന്റെ എന്ന് വേര്‍തിരിച്ചു കാണാതെ
ഈ ലോകം തന്നെ നമ്മുടെ എന്ന് വിശാലമായി ചിന്തിച്ചു തുടങ്ങിയാല്‍,
സത്യത്തില്‍ അപ്പോഴല്ലേ ലോകം നമുക്ക് തറവാടാകൂ?
അപ്പോഴല്ലേ നമ്മളെല്ലാം ഒന്നാകൂ?”

മനുഷ്യജന്മത്തിന്റെ തന്നെ അടിസ്ഥാനോദ്ദേശ്യം മറന്ന്
എന്തിനോ വേണ്ടി പലതിനും പിറകെ ഓടി
സ്വയം കെട്ടിപ്പടുത്ത സൗധത്തിനു മുന്നില്‍
ഒന്നുമല്ലാതെ നിസ്സഹായനായി നിന്ന ഞാന്‍
ആകാരം കൊണ്ട് ഭീമനെങ്കിലും
ആ വലിയ ചോദ്യം താങ്ങാനാവാതെ
നിലം പതിച്ചപ്പോഴാണ് ഭൂമിയെക്കുറിച്ചോര്‍ത്തത്,
ലോകത്തെക്കുറിച്ചോര്‍ത്തത്, തറവാടിനെക്കുറിച്ചോര്‍ത്തത്

ഞാന്‍ തന്നെ പതിച്ച ടൈല്‍ കാരണം
കൈയ്യില്‍ പിടിക്കാന്‍ ഒരു തരി മണ്ണ് പോലും കിട്ടാതെ
ഞാന്‍ ജീവന്‍ വെടിഞ്ഞതും
എന്റെയെന്നു ഞാന്‍ വിശ്വസിച്ച ത്രേതയും ആകാശഗോപുരങ്ങളും
ഒരു ക്ഷണം കൊണ്ട് എന്റെ കണ്ണില്‍ നിന്ന് മറഞ്ഞതും
ഇന്നും ആര്‍ക്കുമറിയാത്ത ചരിത്രം

ഇന്ന് മറ്റൊരു ലോകത്ത് വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുമ്പോള്‍
ഭൂമിയില്‍ ജീവിക്കാന്‍ ലഭിച്ച അവസരം തുലച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു
എല്ലാം നേടിയെന്നു കരുതി കളഞ്ഞ വര്‍ഷങ്ങളോര്‍ത്ത് ഞാന്‍ പരിതപിക്കുന്നു
തറവാട്ടില്‍ പിറന്ന് പക്ഷേ തറവാട്ടില്‍ ജീവിക്കാന്‍ മറന്നു പോയ
അനേകായിരങ്ങളില്‍ ഒരുവനായി ഞാനും വിസ്മരിക്കപ്പെടും
‘ലോകമോ തറവാടി’ല്‍ നിന്ന് ‘ലോകമേ തറവാടിലേ’യ്ക്കുള്ള ദൂരം
ഒരു ജീവിതമെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തും

ഉരുളക്കിഴങ്ങ് നിരോധനം


AlooBan
ജന്തുരാജാവായ ശ്രീ. സിംഹേന്ദ്രനാണ് ആ വാര്‍ത്ത‍ തന്റെ നാട്ടിലെ ജനങ്ങളെ അറിയിച്ചത്. “ജന്തുസ്ഥാനില്‍ ഉരുളക്കിഴങ്ങ് നിരോധിച്ചിരിക്കുന്നു. ഉരുളക്കിഴങ്ങ് പറിയ്ക്കാനോ പാകം ചെയ്യാനോ പാകം ചെയ്തു കഴിക്കാനോ പാടുള്ളതല്ല.” പിടിക്കപ്പെട്ടാല്‍ 5 വര്‍ഷം കഠിന തടവും പിഴയും.

ജന്തുസ്ഥാന്റെ തലസ്ഥാന നഗരിയില്‍ ജനിച്ചു വളര്‍ന്ന്, കത്തുന്ന പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ന്യൂ ജനറേഷന്‍ പയ്യന്‍ (അഥവാ ചങ്ക്) മുയല്‍ മുയലൂസിന് (www.facebook.com/muyal.muyaluzz) ഈ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഓര്‍മ്മ വെച്ച കാലം മുതല്‍ തന്റെ നാക്കിന് രുചി പകര്‍ന്നിരുന്ന ‘ആലൂ പറാഠാ’, ‘ആലൂ മട്ടര്‍’, ‘ആലൂ ഗോബി’, ‘ആലൂ ചോപ്’, ‘ആലൂ ഭുജിയ’, പോരാത്തതിന് ചങ്ക്സിന്റെ പ്രിയപ്പെട്ട ‘ഫ്രഞ്ച് ഫ്രൈസ്’ എന്നിവ ഇല്ലാത്ത ജീവിതം മലയാളിക്ക് ബീഫ് ചില്ലി ഇല്ലാത്ത ഹോട്ടല്‍ പോലെയാണെന്ന് അവന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ പോലും ഇട്ടു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയാന്‍ അവന്‍ ഉടന്‍ തന്നെ പത്രം തുറന്നു നോക്കി (ഓണ്‍ലൈന്‍). വാര്‍ത്ത‍ ഇപ്രകാരമായിരുന്നു.

“രാജ്യത്ത് ഉരുളക്കിഴങ്ങ് മുറിക്കുന്നതിനും വേവിച്ച് ഭക്ഷിക്കുന്നതിനും നിരോധനം. ഒരു സംസ്ഥാനത്തില്‍ തുടങ്ങി മുഴുവന്‍ സംസ്ഥാനങ്ങളിലും നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജെ.ജെ.പി (ജന്തുലോക ജന്തു പാര്‍ട്ടി) അറിയിച്ചു. കുറ്റം ചെയ്‌താല്‍ 5 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

ജന്തുമഹാസഭ സര്‍ക്കാരിന്റെ ഈ തീരുമാനം ശരിവെച്ചു. ജന്തുസ്ഥാനിലെ ജന്തുക്കള്‍ പിതാവായി കരുതുന്ന കിഴങ്ങത്തപ്പനെ ഒരു തരത്തിലും നോവിക്കുന്നത് ജന്തുസംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും, വെട്ടിക്കൊല്ലുകയല്ല ഉരുളക്കിഴങ്ങുകളെ പാലും തേനും ഒഴിച്ച് പൂജിക്കുകയാണ് വേണ്ടതെന്നും സഭ അഭിപ്രായപ്പെട്ടു. കിഴങ്ങുപിതാവിനോടുള്ള ബഹുമാനസൂചകമായി ‘കിഴങ്ങന്‍’ എന്ന് ഒരാളെ വിളിക്കുന്നതും നിയമപരമായി കുറ്റകരമാക്കി. ജന്തുവികാരം വ്രണപ്പെടും എന്നുള്ളതുകൊണ്ടാണ് ഇതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.”

നനഞ്ഞ മിഴികളോടെ പത്രം മടക്കി വെച്ച (മിനിമൈസ് മിനിമൈസ്!!) മുയല്‍ മുയലൂസ് ചൂടേറിയ ചര്‍ച്ചകള്‍ക്കായി ജന്തു വിഷന്‍ ചാനല്‍ വെച്ചു നോക്കി. അവിടെ ജന്തുമഹാസഭാതലവന്‍ ശ്രീ. പുലികേശനും, ജന്തുവികാരം എന്ത് വില കൊടുത്തും തന്റെ ഉള്ളം കൈ കൊണ്ട് വ്രണപ്പെടാതെ സൂക്ഷിക്കുന്ന ശ്രീ. ശ്വാനല്‍ ഈശ്വറും, പ്രശസ്ത ആലൂ ഗവേഷകന്‍ ശ്രീ. ആലൂഷ്യസ് ഗോണ്‍സാല്‍വെസും, സ്വതന്ത്ര ചിന്തകന്‍ ശ്രീ. ജിറാഫ് ജെഫ്രി ജോസഫും കൂട്ടസംവാദത്തിലായിരുന്നു.

പുലികേശന്‍: “വളരെ ശരിയായ തീരുമാനം ആണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ജന്തുപുരാണപ്രകാരം കിഴങ്ങിനെ പിതാവായാണ് കണക്കാക്കപ്പെടുന്നത്. സ്വന്തം പിതാവിനെ ആരെങ്കിലും വേവിച്ച് തിന്നുവോ? മാത്രവുമല്ല, മാതാവായി കരുതുന്ന മധുരക്കിഴങ്ങിനെക്കൂടി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണം എന്നാണ് എന്റെ അഭിപ്രായം.”

ആലൂഷ്യസ് ഗോണ്‍സാല്‍വെസ്: “കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനും പ്രോട്ടീനും ജന്തുക്കള്‍ക്ക് വേണ്ടിയുള്ളതാണ്. അതിനെ പിതാവെന്നോ മാതാവെന്നോ വിളിച്ച് ഉള്ള ആഹാരം കൂടി കളയരുത്.”

ജിറാഫ് ജെഫ്രി ജോസഫ്‌: “ശ്രീ. പുലികേശന്‍, താങ്കളുടെ സ്വന്തം പിതാവ് ഇപ്പോള്‍ ഏത് കാഴ്ചബംഗ്ലാവിലാണെന്ന് ഒന്ന് പറയാമോ? ജന്തുക്കള്‍ എല്ലാം ഒന്ന് അറിയട്ടെ.”

പുലികേശന്‍: *ബീപ് ബീപ് ബീപ്* (Connection Lost)

ശ്വാനല്‍ ഈശ്വറിന്റെ ‘കുര’ പതിവുപോലെ മുയല്‍ മുയലൂസ് മ്യൂട്ട് ആക്കി ആ വിലപ്പെട്ട സമയം കുറച്ച് ആലൂ ചിപ്സ് കഴിച്ച് രണ്ടു വളി വിട്ടു. എന്നിട്ട് ‘ആത്മഗതിച്ചു’.

“ഹോ, ഈ സുഖം വല്ലോം ഇവമ്മാര്‍ക്ക് പറഞ്ഞാ മനസ്സിലാവോ. കിഴങ്ങന്മാര്‍!”

പിറ്റേന്ന്:

പത്ര വാര്‍ത്ത‍:

“ഒരു കിലോ ആലൂ ചിപ്സ് കണ്ടെടുത്തു; യുവാവ് പിടിയില്‍”

വാര്‍ത്ത‍ വായിച്ച മുയല്‍ മുയലൂസിന്റെ FB ഫ്രണ്ട്-കം-ബ്രോയി മ്യാവൂ പോപ്സീന്‍സ് (www.facebook.com/myavoo.popzeinz) വാ പൊളിച്ച് അന്ധാളിച്ചിരുന്നു. ഇന്നലെ വരെ “broii, plzz lyk moi profyl pwic” എന്ന് FB ഇല്‍ മെസ്സേജ് ഇട്ട കക്ഷിയാ. ഇന്നിതാ ജെയിലില്‍.

“എന്റെ SmOkY ഭഗവാനേ”. മ്യാവൂ തലയില്‍ കൈ വെച്ചു. എന്നിട്ട് ഉടനെ FB തുറന്ന് മുയല്‍ മുയലൂസിന്റെ പ്രൊഫൈലില്‍ കയറി നോക്കി. വല്ല ജെയില്‍ സെല്‍ഫിയും ഇട്ടിട്ടുണ്ടോ എന്ന് അറിയണമല്ലോ. ഭാഗ്യത്തിന് ഒന്നും ഇല്ലായിരുന്നു. പകരം കണ്ടത് ആലൂ ചിപ്സിന്റെയും മറ്റും ഫോട്ടോസ്. ഫ്രീക്ക് ടീംസ് മൊത്തം ടാഗ് കൊണ്ട് മുയല്‍ മുയലൂസിന്റെ ടൈംലൈനില്‍ ഒരു പൊങ്കാല തന്നെ നടത്തിയിട്ടുണ്ട്. ചിലര്‍ സിംഹേന്ദ്രനെ വരെ ടാഗ് ചെയ്തിരിക്കുന്നു.

“അടി സക്കെ. ഒരു SmOkY ReVoLuTiOn. അതാണെന്റെ സ്വപ്നം.” മ്യാവൂ മനസ്സില്‍ ട്വീറ്റ് ചെയ്തു.

ഇതേ സമയം ജെയിലില്‍:

കോണ്‍സ്റ്റബിള്‍ കുറുക്കന്‍ പിള്ള എസ്.ഐ കരടിരാമനോട്: “സാര്‍, ചാനല്‍കാരെക്കൊണ്ട് ഒരു രക്ഷേം ഇല്ല. അവര്‍ വിടുന്ന പ്രശ്നമില്ല. ഫേസ്ബുക്കില്‍ എന്താണ്ടൊക്കെയോ ആരൊക്കെയോ പോസ്റ്റ്‌ ചെയ്തെന്നോ അതിനുത്തരം പറയണെന്നോ ഒക്കെ പറയുന്നു. അവരെ അധികനേരം പിടിച്ചു നിര്‍ത്താന്‍ പറ്റില്ല.”

കരടിരാമന്‍: “എടോ, 66A എടുത്ത് മാറ്റിയതല്ലേ. ഇനി അവമ്മാര്‍ എന്തൊക്കെ പോസ്റ്റിയാലും നമുക്കെന്താ. താന്‍ ഒരു കാര്യം ചെയ്. ആ ചാനല്‍കാരോടൊക്കെ പോയി പറ. എന്നെ ടാഗ് ചെയ്തോണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇടാന്‍. അവര്‍ക്കുള്ള ഉത്തരം ഞാന്‍ അവിടെ കൊടുത്തോളാം.”

കുറുക്കന്‍ പിള്ള പ്ലിംഗ്…….

“സാറേ, എന്റെ ഫോണ്‍ ഒന്ന് തരാവോ? പ്ലീസ്.” ജെയിലില്‍ ഇതുവരെ അട്ടം നോക്കിക്കിടന്നിരുന്ന നമ്മുടെ മുയല്‍ മുയലൂസാണ് അത് ചോദിച്ചത്.

കുറുക്കന്‍ പിള്ള: “മോന്‍ എന്താ ഇത് സുഖവാസകേന്ദ്രം ആണെന്ന് വിചാരിച്ചോ? ഇവ്ടുന്ന്‍ ആരേം വിളിക്കാന്‍ പറ്റുകേല. അതിനു ഞങ്ങള്‍ സമ്മതിക്കുകേല.”

മുയല്‍ മുയലൂസ്: “അയ്യോ സാറേ. ആരേം വിളിക്കാന്‍ ഒന്ന്വല്ല. അങ്ങനെ വിളിച്ചു വരുത്താന്‍ മാത്രം ആരേം എനിക്ക് അറിയേം ഇല്ല. നേരം കുറച്ചായി ഞാന്‍ ഫേസ്ബുക്കില്‍ കേറീട്ട്. ഒന്ന് കേറി നോക്കാനാ. ഒരു സമാധാനം കിട്ട്ണില്ല.”

കരടിരാമന്‍: “എടോ, കൊടുത്തേര്. 66A. ഓര്‍മ്മയുണ്ടല്ലോ? അവന്‍ സോഷ്യല്‍ മീഡിയയില്‍ കേറി എന്തേലും കാട്ടട്ടെ. അവന്‍ ആലൂ കഴിക്കാതെ നോക്ക്വ. അതാ നമ്മടെ ജോലി. ആലൂവിനെ പറ്റി അവന്‍ എന്ത് തോന്ന്യാസം ഇന്‍റര്‍നെറ്റില്‍ എഴുതി വെച്ചാലും നമുക്കൊരു ചുക്കും ഇല്ല.”

കുറുക്കന്‍ പിള്ള ഉടനെ തന്നെ മുയല്‍ മുയലൂസിന്റെ നോട്ട് എടുത്ത് അവന്റെ ഉള്ളം കയ്യില്‍ വെച്ചു കൊടുത്തു. അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നോ? ആവോ.

“ഏതാടാ ഈ ഫോണ്‍”, കുറുക്കന്‍ പിള്ള ചോദിച്ചു.

“നോട്ട്”, മുയല്‍ മുയലൂസിന്റെ റിപ്ലൈ.

“എന്നിട്ട് ഇത് ടെക്സ്റ്റ്‌ പോലുണ്ടല്ലോ”, കുറുക്കന്‍ പിള്ളയുടെ ചളി.

“ഏയ്‌, ടെക്സ്റ്റ്‌ ഇതിനകത്താ സാറേ”, മുയല്‍ മുയലൂസിന്റെ ചളിയിന്മേല്‍ ചളി. (ഫ്രീക്കനോടാ കളി !!)

കൂടുതല്‍ പ്ലിംഗ് ആവാതെ കുറുക്കന്‍ പിള്ള ഫ്രെയിം കാലിയാക്കി.

മുയല്‍ മുയലൂസ് തന്റെ നോട്ടിലെ ക്യാമറ തുറന്നു. എന്നിട്ട് ജെയിലിലെ അഴികളും കരടിരാമനും ടേബിളില്‍ ഇരിക്കുന്ന ആലൂ ചിപ്സും ബാക്ക്ഗ്രൗണ്ടില്‍ വരുന്ന രീതിയില്‍ ഒരു സെല്‍ഫി അങ്ങ് കാച്ചി. എന്നിട്ട് നേരെ ഫേസ്ബുക്കില്‍ ഇട്ട് മൊത്തം ഫ്രീക്ക് ടീംസിനെയും അങ്ങ് ടാഗ് ചെയ്തു. പ്ലസ്‌ ഏതാനും ഹാഷ് ടാഗും. #JailSelfie #OrePwoli #AlooBan #AlooChips #WontGiveItBack #JailBharoAndolan

അനിയത്തിയെ സ്കൂളില്‍ നിന്ന് കൂട്ടാന്‍ വേണ്ടി ഓഡിയും ഓടിച്ചു പൊയ്ക്കൊണ്ടിരുന്ന മ്യാവൂ പോപ്സീന്‍സ് നോട്ടിഫിക്കേഷന്‍ കണ്ടതും ടപ്പേന്ന് വണ്ടി നിര്‍ത്തി. അവന്‍ പ്രതീക്ഷിച്ചത് തന്നെ നടന്നിരിക്കുന്നു. മുയല്‍ മുയലൂസിന്റെ ‘ജെയില്‍ സെല്‍ഫി’. സെല്‍ഫി കണ്ടതും അവന്‍ മനസ്സാ വിധിയെഴുതി. “ഇത് വൈറല്‍ ആവും!!”

പറഞ്ഞു തീര്‍ന്നില്ല. അവന്‍ നോക്കിയിരിക്കെ തന്നെ 50 ലൈക്‌ വീണു. പിന്നെ നടന്നത് ചരിത്രമായിരുന്നു. 2 മണിക്കൂര്‍ കൊണ്ട് 500! 5 മണിക്കൂര്‍ കൊണ്ട് 1000!! മ്യാവൂ പോപ്സീന്സും അണ്ണാന്‍ സ്മോകീസും തുടങ്ങി ഇക്കണ്ട ഫ്രീക്കന്മാര്‍ മുഴുവന്‍ വിചാരിച്ചിട്ടും നടക്കാത്ത കാര്യം മുയല്‍ മുയലൂസ് ഒറ്റ ദിവസം കൊണ്ട് ഒരു ജെയില്‍ മുറിയ്ക്കകത്തിരുന്ന് സാധിച്ചിരിക്കുന്നു. മ്യാവൂ ഇതെങ്ങനെ സഹിക്കും! “മ്യാവൂ…..”

സംഗതി വൈറല്‍ ആയതോടെ ജന്തുലോകത്തെ ജന്തുക്കള്‍ ഉണര്‍ന്നു. ചാനല്‍ ചര്‍ച്ചകള്‍, കിഴങ്ങത്തപ്പന്റെ ക്ഷേത്രത്തിനു മുന്നില്‍ കരിങ്കൊടികള്‍, We Love Aloo കൂട്ടായ്മകള്‍ എല്ലാം കൂടി നാട്ടില്‍ ജന്തുക്കള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയമായി. ടേബിളിലെ ആലൂ ചിപ്സിന്റെ പൊതി കണ്ട് താന്‍ ചിപ്സ് കഴിച്ചു എന്ന ആരോപണം ഉയര്‍ന്നത് മൂലം എസ്.ഐ കരടിരാമന് സസ്പെന്‍ഷന്‍ വരെ കിട്ടി. ജെയിലില്‍ തന്നെ ആണെങ്കിലും മുയല്‍ മുയലൂസിന് വലിയ തിരക്കായിരുന്നു. ജെയിലില്‍ വന്ന് പുള്ളിയുടെ ഇന്റര്‍വ്യൂ നടത്താന്‍ ചാനലുകള്‍ മത്സരിച്ചു. “ആലൂ എന്റെ ഇഷ്ട ഭക്ഷണം ആണ്, ഞാന്‍ അത് ഇനിയും കഴിക്കും” എന്ന് മുയല്‍ മുയലൂസ് തുറന്നടിക്കുന്ന ഇന്റര്‍വ്യൂ അടങ്ങുന്ന ‘Janthu’s Son’ എന്ന വീഡിയോയും വൈറല്‍ ആയി. അതും രാജ്യത്ത് നിരോധിക്കാന്‍ സിംഹേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരവ് അതിന്റെ വഴിക്ക് പോയി. വീഡിയോ അതിന്റെയും!

സര്‍ക്കാരിനെതിരെ പലതരം പ്രതിഷേധങ്ങള്‍ നടന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് മ്യാവൂ പോപ്സീന്സിന്റെ നേതൃത്വത്തില്‍ ജന്തുര്‍ മന്തുറില്‍ നടന്ന നിരാഹാരസമരമായിരുന്നു. സമരം തുടങ്ങി പത്താം ദിവസം ജന്തുരാജാവായ സിംഹേന്ദ്രന്‍ നേരിട്ട് സമരവേദി സന്ദര്‍ശിക്കാനെത്തി. ജന്തുക്കളുടെയും മ്വൊഞ്ചന്‍മാരുടെയും കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളും കൂക്കുവിളികളുമാണ് അദ്ദേഹത്തെ എതിരേറ്റത്. സമരക്കാരുമായി ഏറെ നേരത്തെ ചര്‍ച്ചയ്ക്കു ശേഷം മുയല്‍ മുയലൂസിനെ ഉടനെ വിട്ടയയ്ക്കാമെന്നും, ഉരുളക്കിഴങ്ങ് നിരോധനം മാറ്റാമെന്നും സിംഹേന്ദ്രന്‍ പബ്ലിക്കിന് വാക്ക് നല്‍കി. കരഘോഷത്തോടെയാണ് അവര്‍ അതിനെ സ്വീകരിച്ചത്. “ജന്തുവാധിപത്യം വാഴട്ടെ”, “ഫ്രീക്കന്മാര്‍ റോക്കുന്നു” തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ആകാശം മുട്ടെ ഉയര്‍ന്നു പറന്നു. ഒരു ക്ലൈമാക്സ്‌ രംഗം എന്ന പോലെ ഇടിവെട്ടി മഴയും പെയ്തു. ജന്തുക്കള്‍ ഒന്നടങ്കം ആഘോഷിച്ചു. ആനന്ദനൃത്തം ചവിട്ടി !!

റീവൈന്‍ഡ്:

നല്ലൊരു ചിക്കന്‍ ലവറായ സിംഹേന്ദ്രന്‍ സമരവേദിയിലേക്ക് വരുന്ന വഴിയാണ് പുതിയ JFC (Janthucky Fried Chicken) ഔട്ട്‌ലെറ്റ്‌ കണ്ടത്. കൊതി സഹിക്കാന്‍ പറ്റാതെ അദ്ദേഹം തന്റെ ലിമോയിലേക്ക് ഒരു പ്ലേറ്റ് ഓര്‍ഡര്‍ ചെയ്തു വരുത്തി. ഒപ്പം അതീവ രഹസ്യമായി ഫ്രഞ്ച് ഫ്രൈസും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഓന്ത് പോപ്സീന്‍സ് ആയിരുന്നു JFCയിലെ സപ്ലയര്‍. ഓന്‍ നല്ല ഈസി ആയിട്ട്, സെര്‍വ് ചെയ്ത പ്ലേറ്റില്‍ ഒരു ഹിഡന്‍ ക്യാമറ വെച്ച് ഫുള്‍ HD വീഡിയോ അങ്ങ് പിടിച്ചു. ഉടനെ വാട്സാപ്പില്‍ ഫ്രീക്കന്മാരുടെ ഗ്രൂപ്പില്‍ പോസ്റ്റും ചെയ്തു.

ജന്തുര്‍ മന്തുറില്‍ എത്തിയ സിംഹേന്ദ്രന്‍ സമരക്കാരുടെ കയ്യില്‍ തന്റെ വീഡിയോ കണ്ട് ഞെട്ടി. മാനം പോവുന്ന കേസ് ആയതുകൊണ്ട് ഗത്യന്തരമില്ലാതെ അവരുടെ ആവശ്യങ്ങള്‍ സിംഹേന്ദ്രന്‍ സശ്രദ്ധം കേട്ടു. ആവശ്യങ്ങള്‍ ഇവയായിരുന്നു:

  1. മുയല്‍ മുയലൂസിനെ ഉടന്‍ വിട്ടയയ്ക്കുക
  2. ഉരുളക്കിഴങ്ങിനു മേലുള്ള നിരോധനം എടുത്ത് കളയുക
  3. തന്റെ പേരിന്റെ രണ്ടാം ഭാഗം PopZeinZ എന്നാക്കി ഫേസ്ബുക്കില്‍ PopZeinZ Familyയില്‍ അംഗമാവുക.

എപ്പിലോഗ്:

വാക്ക് പറഞ്ഞ പോലെ PopZeinZ Familyയില്‍ അംഗമായ സിംഹേന്ദ്രന്‍ ഫ്രീക്കിസം തലയ്ക്കു പിടിച്ച് ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന തന്റെ സെല്‍ഫി FB പ്രൊഫൈല്‍ പിക്ക് ആക്കി അപ്ഡേറ്റ് ചെയ്തു. ഒപ്പം ഡിസ്ക്രിപ്ഷനില്‍ ഇങ്ങനെ എഴുതി.

“Broizz, plzz lyk moi profyl pwic ❤ ❤ ”

ഭ്രാന്തൻ


Bhranthan

വഴിയോരത്തെ ഓവുചാലിനരികിൽ അയാളെ കണ്ടപ്പോൾ എല്ലാവരെയും പോലെ ഞാനും ഒന്ന് ശ്രദ്ധിച്ചു. പിന്നെ അറപ്പ് കൊണ്ടോ അതൊന്നും എന്നെ അലട്ടാത്തത് കൊണ്ടോ ഞാൻ മുഖം തിരിച്ച് എനിക്കിഷ്ടമുള്ള പലതിലേക്കും കണ്ണോടിച്ചു. നിമിഷങ്ങൾ കടന്നു പോയെങ്കിലും ബസ് ഒന്നും വരാത്തത് കൊണ്ട് എന്റെ കാഴ്ചകൾ അധികം വൈകാതെ അയാളിലേക്ക് തന്നെ ചുരുങ്ങി. അഴുക്കു പുരണ്ട് മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന അയാൾ ഇടക്കിടക്ക് പുറപ്പെടുവിച്ച വിചിത്ര ശബ്ദങ്ങൾ അവിടെ നിന്നിരുന്നവരെ മുഴുവൻ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അയാളുടെ വായടയ്ക്കാനായിട്ടെങ്കിലും ആളുകൾ അയാളുടെ മുന്നിൽ ചില്ലറത്തുട്ടുകൾ ഇടാൻ തുടങ്ങി. ഓരോ തുട്ട് മടിയിൽ വീഴുമ്പോഴും ആർത്തിയോടെ അതെടുക്കാൻ ശ്രമിക്കാതെ അയാൾ മുകളിലേക്ക് നോക്കി ഉറക്കെ ചിരിച്ചു. ആളുകളിൽ ഇത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയാണ് ചെയ്തതെങ്കിലും ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത് അപ്പോഴാണ്‌.

ഒന്ന്, രണ്ടു, മൂന്ന് ഒരുപാട് തുട്ടുകൾ വീണു. എന്റെ ഒരു ബസും പോയി. പക്ഷെ അയാൾ മുകളിലേക്ക് നോക്കി ചിരിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. തന്റെ മടിയിൽ വീണ ഓരോ തുട്ടുകൾക്കും അയാൾ ദൈവത്തോട് നന്ദി പറയുകയാണെന്ന് എനിക്ക് തോന്നി. അയാളുടെ ദൈവം അങ്ങ് ദൂരെ ചക്രവാളങ്ങൾക്കപ്പുറത്താണ്. ദൈവത്തെ കണ്ട നിർവൃതിയിൽ ആണോ അയാൾ ചിരിക്കുന്നത്? പെട്ടെന്ന് ഞാൻ അയാളുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു. സൂര്യരശ്മികളിലൂടെ ചക്രവാളങ്ങളെ എന്നിലേക്കെത്തിക്കാൻ ആ കണ്ണുകൾ വെമ്പൽ കൊള്ളുകയാണെന്ന് എനിക്ക് തോന്നി. അവിടെ, ആ കണ്ണുകളിൽ, ഞാൻ എന്റെ ദൈവത്തെ കണ്ടു. ചക്രവാളങ്ങൾക്കിപ്പുറത്തെ ദൈവം! കൃഷ്ണമണിക്കുള്ളിലെ കുഞ്ഞുദൈവം!

ദൈവത്തെ കണ്ട നിർവൃതിയിൽ നിയന്ത്രണം വിട്ട് ഞാനും അറിയാതെ ചിരിച്ചു പോയി. ചുറ്റുമുള്ളവരുടെ ശ്രദ്ധ എന്നിലേക്കായി. രൂക്ഷമായ നോട്ടങ്ങളെ നേരിടാൻ എനിക്ക് തെല്ലും ചമ്മലുണ്ടായില്ല. അവർക്കിടയിലെ പുതിയ ഭ്രാന്തനായി ഞാൻ ബസ്‌ കാത്ത് അവിടെത്തന്നെ നിന്നു!

 

മരണവീട്


Image

കൂരിരുട്ടിൽ ഞാനെൻ വീട്ടിലേയ്ക്കുള്ള വഴി തപ്പി
കുന്നോളം സ്നേഹവും കടലോളം സന്തോഷവും നിറച്ചൊരെന്റെ കൊച്ചുവീട്‌
സ്നേഹം തൻ വെള്ളയിൽ സന്തോഷമാം
സപ്തവർണ്ണം ചാലിച്ചൊരെൻ സുന്ദരഗേഹം

ദീർഘയാത്രയിൽ പക്ഷേ വഴികാട്ടിയായി
സൂര്യനെ കൂട്ടുപിടിച്ചിട്ടെന്തായി?
അവശ്യസമയത്തവൻ കൈയ്യൊഴിഞ്ഞിരിക്കുന്നു.
കാതങ്ങളിനിയും താണ്ടാനുണ്ടെൻ വീടെത്താൻ

വഴിതിരഞ്ഞ്‌ തപ്പിത്തടഞ്ഞ കാലുകൾ
വഴുതിവീണതാ ഒരു പാറയിലുടക്കി
“എന്തിനു നീയെൻ വഴി തടയുന്നു?
എനിക്കെന്റെ വീട്ടിൽ വേഗം എത്തേണ്ടതുണ്ട്‌”

കാത്തുവെച്ചപോലെയാ ചോദ്യമെൻ
കാലിൻ തുമ്പിൽ നിന്നടർന്നു വീണു പാറയിൽ…
“എത്ര തവണ നീയെന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയിരിക്കുന്നു!
അന്ന്‌ നീ ചെറുതായിരുന്നു. ഞാനും.”

പാറ തൻ വാക്കുകൾ കാരിരുമ്പിൻ ശക്തിയോടെ
കോറിയെൻ മനസ്സിൽ നീറ്റലായ്‌
കോറിയ ആ ഇടത്തൊരു മുള്ളിൻ തുമ്പ്‌ കൊണ്ട്‌
ചോരയൊഴുകിയൊലിച്ചു സർവ്വവും

“എന്തിനു മുള്ളേ നീയുമെൻ വഴി തടയുന്നു?
എനിക്കെന്റെ വീട്ടിൽ വേഗം എത്തേണ്ടതുണ്ട്‌”
ചോര തൻ ചുവപ്പിൽ ചാലിച്ചൊരാ
ചോദ്യമങ്ങാവർത്തിച്ചു ഞാനും

“എത്ര തവണ നീയെന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയിരിക്കുന്നു!
അന്ന്‌ ഞാൻ ചെറുതായിരുന്നു. നീയും.”
മുള്ളിൻ മറുവാക്കുമിരുട്ടിൻ മുരൾച്ചയും
മെല്ലെയെൻ കൈ കൊണ്ട്‌ വകഞ്ഞു മാറ്റി
കാലുകൊണ്ട്‌ പുറകിലേയ്ക്ക്‌ തള്ളി
ഒടുവിലെൻ വീടിന്റെ പടികൾ കാണായി

തൂവെള്ള വസ്ത്രവും മാലയുമണി-
ഞ്ഞനേകം പേരെന്നെ എതിരേറ്റു
അവർക്ക്‌ പക്ഷേ മരുന്നിന്റെ മണമായിരുന്നു!
അസഹനീയമായ മണം!

ഞാൻ നെറ്റി ചുളിച്ചു, മൂക്കു പൊത്തി
അവരെന്റെ കാതിലാ സ്വകാര്യം പറഞ്ഞു
“പാറയിൽ ദ്വേഷത്തെയൊളിപ്പിച്ചതും
മുള്ളിൽ ദീനത്തെയൊളിപ്പിച്ചതും ഞങ്ങളാണ്‌”

അടിയേറ്റ പോൽ ഞാനവരെ പകച്ചു നോക്കവേ
അകലത്തിൽ അവർക്കു പിന്നിലെൻ വെള്ളവീടിൻ
അഴുക്കുപുരളാത്ത ചുമരിലെ കറുത്ത അക്ഷരങ്ങൾ,
അഴകൊട്ടുമില്ലാത്താ അക്ഷരങ്ങൾ ഞാൻ വായിച്ചു…
“മരണവീട്‌”

തടിക്കഷ്ണങ്ങൾ


Image

കാറ്റ്‌ കൊള്ളാനായി പുഴയുടെ തീരത്ത്‌ ചെന്നിരിയ്ക്കയായിരുനു ഞാൻ. അങ്ങകലെ എന്തോ ഒന്ന്‌ ഓളങ്ങൾക്കൊപ്പം പൊങ്ങുകയും താഴുകയും ചെയ്യുന്നത്‌ കണ്ടു. എന്താണത്‌? പതുക്കെപ്പതുക്കെ അതെന്റെ അരികിലേയ്ക്ക്‌ ഒഴുകി വന്നു. ഒരു വലിയ തടിക്കഷ്ണം! വെള്ളത്തിനെ തുളച്ചുകയറാൻ ശക്തിയുണ്ടായിട്ടും വെള്ളത്തിൽ സ്വയം സമർപ്പിച്ച്‌ ഭാരമില്ലാതെ ഒഴുകി നടക്കുന്ന തടിക്കഷ്ണം. നിയന്ത്രിക്കാൻ ആരുമില്ലാതെ, ഒഴുക്കിന്റെ ദിശ മാറുമോ എന്ന ഭയമില്ലാതെ, തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ലാതെ, തനിക്കു മുന്നിലെ കാഴ്ചകൾ ഓരോന്നും കണ്ടാസ്വദിക്കുന്ന തടിക്കഷ്ണം!

തടിക്കഷ്ണത്തിനു മുകളിൽ ആണി കൊണ്ടടിച്ച മൂന്നു പാടുകൾ കണ്ട ഞാൻ എന്റെ സംശയം അതിനോട്‌ ചോദിച്ചു, “നിന്റെ മേലുണ്ടായിരുന്ന ആണികൾ എവിടെ?” തടിക്കഷ്ണം പറഞ്ഞു, “അവയ്ക്കൊന്നും വെള്ളത്തിലെ ഭാരമില്ലായ്മ മനസ്സിലാക്കാൻ കഴിഞ്ഞില്ല”. എന്റെ സംശയം അപ്പോഴും തീർന്നില്ല. “അപ്പോൾ ആണികൾ നീയുമായി ബന്ധിപ്പിച്ച മറ്റ്‌ തടിക്കഷ്ണങ്ങളോ?”, ഞാൻ ചോദിച്ചു. മറുപടിയായി ഒരു പുഞ്ചിരി മാത്രം തന്ന്‌ തടിക്കഷ്ണം തന്റെ യാത്ര തുടർന്നു.

ചെറിയ ഓളങ്ങൾ ഒന്നിനു പുറകെ ഒന്നായി തടിക്കഷ്ണത്തെ കരയിലേയ്ക്ക്‌ തള്ളാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും പാറക്കെട്ടുകളിൽത്തട്ടി അത്‌ ഒഴുക്കിലേയ്ക്ക്‌ തന്നെ മടങ്ങിക്കൊണ്ടിരുന്നു. രണ്ട്‌ കൈകളും വിടർത്തി മലർന്നു കിടന്ന്‌ ആകാശത്തേയ്ക്ക്‌ നോക്കി എല്ലാം മറന്ന്‌ ചിരിക്കുകയാണ്‌ അത്‌ എന്നെനിക്കു തോന്നി. അമ്പരപ്പ്‌ മാറും മുമ്പേ ഞാൻ വീണ്ടും അകലേയ്ക്ക്‌ നോക്കി. അതാ വരുന്നു മറ്റൊരു തടിക്കഷ്ണം!

ആയിരത്തിൽ ഒരുവൻ


Image

” ഒരു മനുഷ്യനിൽത്തന്നെ ഒരുപാട് മനുഷ്യരുണ്ട് ” – Fernando Pessoa (Portuguese Poet)

” ദൈവവും ചെകുത്താനും സത്യസന്ധനും തെമ്മാടിയും ദയാലുവും കാമവെറിയനും വിശാലഹൃദയനും സ്വാർത്ഥനും സംഗീതജ്ഞനും സാഹിത്യകാരനും എഞ്ചിനീയറും ഈ അനോണിമസ്സും എല്ലാം ഞാൻ തന്നെ ” – Anonymous

ഒരു ദൂരയാത്ര കഴിഞ്ഞ്‌ മടങ്ങുകയാണ്‌ ഞാൻ. കൂടെ അവളും ഉണ്ട്‌ . ഒരു ദുഃസ്വപ്നം പോലെയാണ്‌ അത്‌ സംഭവിച്ചത്‌ . കണ്ണ്‌ തുറന്നപ്പോൾ കൂരാക്കൂരിരുട്ട്‌ . നീട്ടിപ്പിടിച്ചാൽ വിരലിനെപ്പോലും വിഴുങ്ങിക്കളയുന്ന അന്ധകാരം. ഉന്നം വെച്ച്‌ നടക്കാനായി ചന്ദ്രന്റെ വെളിച്ചം പോലുമില്ല. ഓക്സിജൻ വലിച്ചെടുക്കാനും കാർബൺ ഡയോക്സൈഡ്‌ പുറത്തുവിടാനുമായി എനിക്കും അവൾക്കും പുറമെ വേറെയാരും ചുറ്റുവട്ടത്തൊന്നുമില്ല. “പേടിയാവുന്നു” എന്ന ഒറ്റ വാക്ക്‌ കൊണ്ട്‌ അവൾ എന്റെ ഹൃദയമിടിപ്പ്‌ ഡബിൾ വോളിയത്തിലാക്കി. ഒന്നും എന്നെ ഏശിയിട്ടില്ല എന്ന്‌ വരുത്തിത്തീർക്കാനായി അവളുടെ കൈ പിടിച്ച്‌ ഞാൻ മുന്നോട്ട്‌ നടന്നു. ഉള്ളിലെ പേടി മറച്ചുവെച്ചുകൊണ്ട്‌ എന്നിലില്ലാത്ത ധീരത അവളുടെ നെഞ്ചിലേയ്ക്ക്‌ പകർന്നു കൊടുക്കാനായി ഞാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

കുറച്ചു ദൂരം നടന്നപ്പോൾ ചന്ദ്രന്റെ ഒരു കൊച്ചവതാരം പോലെ കുറച്ച്‌ വെളിച്ചം ഞങ്ങൾക്ക്‌ വീണുകിട്ടി. ഒരു ലോഡ്ജിൽ നിന്നായിരുന്നു കുഞ്ഞുചന്ദ്രൻ പ്രകാശം പരത്തിക്കൊണ്ടിരുന്നത്‌ . അർദ്ധരാത്രിയിലെ യാത്ര അത്ര പന്തിയല്ലാത്തതുകൊണ്ട്‌ അവളെയും കൂട്ടി അന്ന്‌ രാത്രി ആ ലോഡ്ജിൽ തങ്ങാമെന്ന്‌ ഞാൻ കണക്കുകൂട്ടി. അവൾക്കും മറ്റൊരഭിപ്രായമില്ലായിരുന്നു. എന്നാൽ കുഞ്ഞുചന്ദ്രന്റെ വെളിച്ചത്തെക്കാളേറെ ഞങ്ങളെ വരവേറ്റത്‌ ഒരു പറ്റം കഴുകന്മാരുടെ തൊട്ടാൽ വിരൽ മുറിയുന്ന നോട്ടങ്ങളായിരുന്നു. നോട്ടങ്ങളൊന്നും അവളുടെ ദേഹത്ത്‌ തട്ടാതിരിക്കാനായി ഞാൻ സ്വന്തം ശരീരം കൊണ്ട്‌ അവയെല്ലാം തടുത്തുകൊണ്ടിരുന്നു. അവിടെ മുറിയെടുക്കുന്നത്‌ പോയിട്ട്‌ നിൽക്കുന്നതു പോലും അപകടമാണെന്ന്‌ മനസ്സിലാക്കി തറയിലും ദേഹത്തും തട്ടിച്ചിതറിയ ഏതാനും ചോദ്യങ്ങളെ അവഗണിച്ച്‌ ഞാൻ അപ്പോൾത്തന്നെ അവളെയും കൂട്ടി തിരിച്ചു നടന്നു.

അന്ധകാരം അപ്പോഴും ഞങ്ങളെ വിഴുങ്ങാനായി വാ പൊളിച്ച്‌ നിൽക്കുന്നുണ്ടായിരുന്നു. ഒരായിരം ചോദ്യങ്ങളടങ്ങിയ അവളുടെ ഭയം കലർന്ന ദയനീയ നോട്ടത്തെ ചെറുത്തുനിൽക്കാനായി ഞാനവളുടെ കൈ മുറുകെപ്പിടിച്ചു. പേടി കൊണ്ടോ അതോ തണുപ്പ്‌ കൊണ്ടോ ഞങ്ങളുടെ രണ്ടുപേരുടെയും കൈകൾ മരവിച്ചിരുന്നു.

ഒന്നോ രണ്ടോ കിലോമീറ്റർ മുന്നോട്ട്‌ നടന്നപ്പോൾ ആശ്വാസത്തിന്റെ ഒരു ചെറുതിരി കൊളുത്തിക്കൊണ്ട്‌ ഒരാൾ എതിരെ വരുന്നത്‌ ഞങ്ങൾ കണ്ടു. ഏറ്റവും അടുത്തുള്ള കവലയിലേയ്ക്ക്‌ 5 കിലോമീറ്റർ ദൂരമുണ്ടെന്നും അസ്സമയം ആയതുകൊണ്ട്‌ അവിടെച്ചെന്നാലും ഒരോട്ടോ പോലും കിട്ടാൻ സാധ്യതയില്ലെന്നും പറഞ്ഞ്‌ കത്തിച്ച ചെറുതിരി അയാൾ തന്നെ ഊതിക്കെടുത്തി. എവിടെ നിന്ന്‌ വരുന്നു, എങ്ങനെ ഇവിടെയെത്തി എന്നു തുടങ്ങിയുള്ള ഏതാനും അനാവശ്യ ചോദ്യങ്ങൾ അന്ധകാരത്തിന്റെ തുറന്ന വായിലേയ്ക്ക്‌ തിരിച്ചുവിട്ടുകൊണ്ട്‌ ഞങ്ങൾ നടത്തം തുടർന്നു. അപ്പോഴേയ്ക്കും മരവിപ്പ്‌ കൈയ്യിൽ നിന്നും നടന്നു കയറി ഹൃദയത്തിനുള്ളിൽ ഇരിപ്പുറപ്പിച്ചിരുന്നു.

നാലിൽക്കൂടുതൽ ചെരുപ്പുകൾ റോഡിലുരയുന്ന ശബ്ദം കേട്ട്‌ ഞാൻ ഇടങ്കണ്ണിട്ട്‌ തിരിഞ്ഞുനോക്കി. മൂന്നാലു പേർ ഞങ്ങളെ പിന്തുടരുന്നതാണ്‌ ഞാൻ കണ്ടത്‌ . എല്ലാവർക്കും എന്റെ അതേ മുഖച്ഛായയാണെന്നത്‌ എന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ കൈകൾ അവളുടെ കണ്ണുകളെ പുറകോട്ട്‌ തിരിയുന്നതിൽ നിന്നും വിലക്കുന്നതിൽ വിജയിച്ചെങ്കിലും എന്റെ മനസ്സ്‌ ഭയത്തോടും കാലുകൾ റോഡിനോടും കൂടുതൽ ശക്തിയോടെ മല്ലിട്ടുകൊണ്ടിരുന്നു. പക്ഷേ, ഞൊടിയിടയിൽ മൂന്ന്‌ വൈശാഖുമാർ മുപ്പതായി! മുപ്പത്‌ മുന്നൂറായി! എന്റെ കൈകളും പരാജയപ്പെട്ടു തുടങ്ങി.

അടുത്ത നിമിഷം കുറേയാളുകൾ മുന്നിൽ നിന്നും നടന്നടുക്കുന്നത്‌ കാണാനായി. എന്റെ ക്ലോണുകളായിരുന്നു അവരും. ദൈന്യതയും അമ്പരപ്പും ആരാണ്‌ മുമ്പൻ എന്ന ഇഞ്ചോടിഞ്ച്‌ പോരാട്ടം അവളുടെ കണ്ണുകളിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഇനി മുന്നോട്ടാഞ്ഞിട്ട്‌ കാര്യമില്ല എന്ന്‌ സ്വയം മനസ്സിലാക്കിയതു പോലെ കാലുകൾ റോഡുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ഹൃദയമിടിപ്പ്‌ പൂർവ്വാധികം ശക്തിയോടെ ‘നാക്കുമുക്കി’നെ വെല്ലുമാറ്‌ വേഗത്തിൽ തുടർന്നുകൊണ്ടിരുന്നു.

ഒടുവിൽ ആയിരം വൈശാഖുമാർ ഒന്നിച്ച്‌ ഞങ്ങളെ വളഞ്ഞു. അപ്പോഴാണ്‌ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്‌ . ഒരാൾക്ക്‌ എന്നെക്കാൾ വലിയ കണ്ണുകളാണുള്ളത്‌, ഒരാൾക്ക്‌ വലിയ കഴുത്ത്‌, ഒരാൾക്ക്‌ വലിയ ചെവികൾ, മറ്റൊരാൾക്ക്‌ വലിയ കൈകൾ, വേറൊരാൾക്ക്‌ വലിയ നെഞ്ചിൻകൂട്‌ ! എല്ലാവരും ചേർന്നുള്ള തിരക്കിൽപ്പെട്ട്‌ എനിക്ക്‌ അവളുടെ കൈയ്യിനുമേലുള്ള പിടി വിടേണ്ടിവെന്നെങ്കിലും അവൾ അവളുടെ വലതുകൈ കൊണ്ട്‌ എന്റെ ഇടതു കൈയ്യിൽ വിടാതെ പിടിച്ചിരുന്നു. പെട്ടെന്നേറ്റ ആഘാതമായി ആയിരത്തിൽ ഒരുവന്റെ ഇരുമ്പുമുഷ്ടി എന്റെ നെഞ്ചിൻകൂട്‌ തകർത്ത്‌ നിർത്താതെ മിടിച്ച്‌ കിതയ്ക്കുന്ന ഹൃദയത്തെ പുറത്തെടുത്തു. മറ്റൊരുവന്റെ ആഞ്ഞുള്ള പ്രഹരം എന്റെ തലയോട്ടിയെ രണ്ടായി പിളർത്ത്‌ തലച്ചോറിനെ പുറത്തെടുത്തു. പുറകിലുള്ളവർ തങ്ങളാലാവും വിധം ശ്രമിച്ചിട്ടും എന്റെ കൈയ്യിനു മേലുള്ള അവളുടെ പിടുത്തം വിടുവിയ്ക്കാനായില്ല. തലച്ചോറും ഹൃദയവും നഷ്ടപ്പെട്ട ഞാൻ ഗ്രഹണത്തിനായി ചന്ദ്രൻ വന്നടുക്കുമ്പോൾ വെറുതേ നിന്നുകൊടുക്കുന്ന സൂര്യനെപ്പോലെ ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുകയായിരുന്നു.

ഒരുപാട്‌ നേരം ശക്തിയോടെ പിടിച്ചു നിന്ന്‌ ഒടുക്കം വൈശാഖുമാരുടെ കൈക്കരുത്തിന്‌ വഴങ്ങി അവൾക്ക്‌ കൈയ്യിലെ പിടുത്തം വിടേണ്ടിവന്നെങ്കിലും എന്റെ നീട്ടിപ്പിടിച്ച വിരലുകളിലൊന്നിൽ അവൾക്ക്‌ പിടി കിട്ടി. എന്റെ ഇടതു കൈയ്യിലെ മോതിരമിടാത്ത മോതിരവിരലായിരുന്നു അത്‌ . പെട്ടെന്നേതോ ശക്തി ആവാഹിച്ച പോലെ ആയിരങ്ങളൊരുമിച്ച്‌ തൊണ്ട പൊട്ടുമാറുച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച്‌ എന്റെ ചെവിയ്ക്കുള്ളിൽ കുത്തിനിറയ്ക്കാൻ തുടങ്ങി.

“അറാറാ നാക്കുമുക്ക്‌ നാക്കുമുക്ക്‌ നാക്കുമുക്ക്‌ …”

പെട്ടെന്ന്‌ ഞാൻ ഞെട്ടിയെഴുന്നേറ്റു. മൊബൈലിൽ അലാറം നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. സമയമാണെങ്കിൽ 8:30 കഴിഞ്ഞു. ഇന്നും പതിവുപോലെ ഓഫീസിൽ പോകാൻ വൈകിയിരിക്കുന്നു. പല്ല്‌ തേയ്ക്കാനായി ബ്രഷും എടുത്ത്‌ ധൃതി പിടിച്ച്‌ ഓടിയ ഞാൻ കാൽ വഴുതി കൈയ്യും കുത്തി വീണു. ഓർക്കാപ്പുറത്ത്‌ നിലത്തുവീണ കൈകളെ സൂക്ഷിച്ചു നോക്കിയ എനിക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇടതു കൈയ്യിൽ വെറും നാല്‌ വിരലുകൾ. മോതിരവിരൽ നിന്നിരുന്ന സ്ഥലത്ത്‌ ഇപ്പോൾ വെറും ശൂന്യത മാത്രം!

പുതുവർഷം – In Memory of Delhi Braveheart


Image

ഇന്നീ പുതുവർഷസന്ധ്യയിൽ
മൂകമായ്‌ ഏകനായ്‌ ഏകനായ്‌
അണയും തിരികളിലഗാധമായ്‌
ആരെയോ തേടുവാൻ നേരമായ്‌

വെൺമേഘമായ്‌ നീ പൊങ്ങുമ്പൊഴും
ഒരു നൂറു ചോദ്യങ്ങളായെൻ മനം
നോവിതിൽ വീണിതാ കേഴുന്നു
നാടിനെയോർത്തിതാ വിങ്ങുന്നു

നീറുന്നൊരോർമ്മയായ്‌ നീ മായുകിൽ
നാണമില്ലേതുമീ ജന്മങ്ങളിൽ
നീതി ചോദിക്കുകിൽ നം നാവിലോ
നാരായണായ നമഃ നാരായണ

പകരുവാൻ കൈയ്യിലില്ലേതും
പകരമായ്‌ എൻ ലജ്ജ മാത്രം

പുതുവർഷമേ ഒന്നോർക്കുക…
പലതുണ്ടിതിൽ ലജ്ജിക്കുവാൻ…
പുതുവർഷമേ ഒന്നോർക്കുക…
പലതുണ്ടിതിൽ ലജ്ജിക്കുവാൻ…

Blog at WordPress.com.

Up ↑