Image

കൂരിരുട്ടിൽ ഞാനെൻ വീട്ടിലേയ്ക്കുള്ള വഴി തപ്പി
കുന്നോളം സ്നേഹവും കടലോളം സന്തോഷവും നിറച്ചൊരെന്റെ കൊച്ചുവീട്‌
സ്നേഹം തൻ വെള്ളയിൽ സന്തോഷമാം
സപ്തവർണ്ണം ചാലിച്ചൊരെൻ സുന്ദരഗേഹം

ദീർഘയാത്രയിൽ പക്ഷേ വഴികാട്ടിയായി
സൂര്യനെ കൂട്ടുപിടിച്ചിട്ടെന്തായി?
അവശ്യസമയത്തവൻ കൈയ്യൊഴിഞ്ഞിരിക്കുന്നു.
കാതങ്ങളിനിയും താണ്ടാനുണ്ടെൻ വീടെത്താൻ

വഴിതിരഞ്ഞ്‌ തപ്പിത്തടഞ്ഞ കാലുകൾ
വഴുതിവീണതാ ഒരു പാറയിലുടക്കി
“എന്തിനു നീയെൻ വഴി തടയുന്നു?
എനിക്കെന്റെ വീട്ടിൽ വേഗം എത്തേണ്ടതുണ്ട്‌”

കാത്തുവെച്ചപോലെയാ ചോദ്യമെൻ
കാലിൻ തുമ്പിൽ നിന്നടർന്നു വീണു പാറയിൽ…
“എത്ര തവണ നീയെന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയിരിക്കുന്നു!
അന്ന്‌ നീ ചെറുതായിരുന്നു. ഞാനും.”

പാറ തൻ വാക്കുകൾ കാരിരുമ്പിൻ ശക്തിയോടെ
കോറിയെൻ മനസ്സിൽ നീറ്റലായ്‌
കോറിയ ആ ഇടത്തൊരു മുള്ളിൻ തുമ്പ്‌ കൊണ്ട്‌
ചോരയൊഴുകിയൊലിച്ചു സർവ്വവും

“എന്തിനു മുള്ളേ നീയുമെൻ വഴി തടയുന്നു?
എനിക്കെന്റെ വീട്ടിൽ വേഗം എത്തേണ്ടതുണ്ട്‌”
ചോര തൻ ചുവപ്പിൽ ചാലിച്ചൊരാ
ചോദ്യമങ്ങാവർത്തിച്ചു ഞാനും

“എത്ര തവണ നീയെന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയിരിക്കുന്നു!
അന്ന്‌ ഞാൻ ചെറുതായിരുന്നു. നീയും.”
മുള്ളിൻ മറുവാക്കുമിരുട്ടിൻ മുരൾച്ചയും
മെല്ലെയെൻ കൈ കൊണ്ട്‌ വകഞ്ഞു മാറ്റി
കാലുകൊണ്ട്‌ പുറകിലേയ്ക്ക്‌ തള്ളി
ഒടുവിലെൻ വീടിന്റെ പടികൾ കാണായി

തൂവെള്ള വസ്ത്രവും മാലയുമണി-
ഞ്ഞനേകം പേരെന്നെ എതിരേറ്റു
അവർക്ക്‌ പക്ഷേ മരുന്നിന്റെ മണമായിരുന്നു!
അസഹനീയമായ മണം!

ഞാൻ നെറ്റി ചുളിച്ചു, മൂക്കു പൊത്തി
അവരെന്റെ കാതിലാ സ്വകാര്യം പറഞ്ഞു
“പാറയിൽ ദ്വേഷത്തെയൊളിപ്പിച്ചതും
മുള്ളിൽ ദീനത്തെയൊളിപ്പിച്ചതും ഞങ്ങളാണ്‌”

അടിയേറ്റ പോൽ ഞാനവരെ പകച്ചു നോക്കവേ
അകലത്തിൽ അവർക്കു പിന്നിലെൻ വെള്ളവീടിൻ
അഴുക്കുപുരളാത്ത ചുമരിലെ കറുത്ത അക്ഷരങ്ങൾ,
അഴകൊട്ടുമില്ലാത്താ അക്ഷരങ്ങൾ ഞാൻ വായിച്ചു…
“മരണവീട്‌”