ഭിക്ഷ യാചിക്കുന്ന പിഞ്ഞാണത്തിൽ ഒരു ചില്ലറത്തുട്ട്‌ ഇട്ടു കൊടുത്ത അമ്മയോട്‌ അയാൾ പറഞ്ഞു, “ഇടി, മഴ, പെരും മഴ… പേടിയ്ക്കണ്ട ട്ടോ.” വീടിന്റെ ഉമ്മറപ്പടിയിൽ നിന്നിരുന്ന ഏഴാം ക്ലാസ്സുകാരനായ ഞാൻ ചിരി അടക്കാൻ പാടുപെട്ടു. എന്തോ ശബ്ദം കേട്ട്‌ അയാളുടെ കൈയ്യിലേയ്ക്ക്‌ ശ്രദ്ധിച്ച ഞങ്ങൾ ഞെട്ടിപ്പോയി. ആന്റിനയൊക്കെ പിടിപ്പിച്ച ഒരു കുഞ്ഞു ടി.വി! ഏകദേശം മൂന്നിഞ്ച്‌ നീളവും നാലിഞ്ച്‌ വീതിയും ഉള്ള ഡിസ്പ്ലെ ആണതിന്‌. അതിൽ വാർത്തകൾ കേൾക്കുകയായിരുന്നു അയാൾ. ഇതെവിടുന്നു കിട്ടി എന്ന എന്റെ അമ്മയുടെ ചോദ്യത്തിന്‌ പുഴുപ്പല്ലുകൾ കാട്ടിയുള്ള തന്റെ സ്വതസിദ്ധമായ ചിരിയായിരുന്നു അയാളുടെ മറുപടി. പോവുന്നതിനു മുമ്പ്‌ ടിവി സ്ക്രീനിലേയ്ക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ അയാൾ വീണ്ടും പറഞ്ഞു, “മഴ, പെരും മഴ… പേടിയ്ക്കണ്ട ട്ടോ.” എനിക്കും അമ്മയ്ക്കും അന്നു മുഴുവൻ ഇരുന്ന ചിരിയ്ക്കാൻ അതു ധാരാളമായിരുന്നു! ഇടിയും മഴയും വരുമ്പോൾ പരസ്പരം ‘പേടിയ്ക്കണ്ട ട്ടോ’ എന്ന്‌ ഞങ്ങൾ പറയാൻ തുടങ്ങിയതും അന്നു മുതലാണ്‌….!!.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആ കഥാപാത്രത്തെക്കുറിച്ച്‌ കൂടുതൽ അറിഞ്ഞു. എല്ലാ വീടുകളിലും ഇതേ ‘മുന്നറിയിപ്പു’തന്നെയാണത്രേ അയാൾ കൊടുക്കുന്നത്‌.. എമിലിയിൽ നിന്നും കൽപ്പറ്റ ടൌണിലേയ്ക്ക്‌ പോവുന്ന വഴിയിലുള്ള ചുമരുകളിലും വാട്ടർ ടാങ്കിനു മുകളിലും ‘ഇടി, മഴ, പെരുമഴ’ എന്നൊക്കെ ചോക്ക്‌ കൊണ്ട്‌ എഴുതിയിട്ടുമുണ്ട്‌…….. അടിയിൽ സിഗ്നേച്ചർ പോലെ ‘സലാമത്ത്‌ കൽപ്പറ്റ’യും! എമിലിക്കാർ അയാളെ അങ്ങനെതന്നെയാണ്‌ വിളിക്കുന്നത്‌ എന്ന്‌ എന്റെ സുഹൃത്തും അയൽവാസിയുമായ അമ്പിളിയാണ്‌ എന്നോട്‌ പറഞ്ഞത്‌. നല്ല രസികൻ പേര്‌! അയാൾ അയാൾക്കുതന്നെ ഇട്ടതാണ്‌. കുഞ്ഞന്‌ വിമൽകുമാർ പോലെ!

വർഷങ്ങൾ കുറേ കടന്നുപോയി. ഞങ്ങൾ വീടൊഴിഞ്ഞ്‌ നാട്ടിലേയ്ക്ക്‌ പോരുകയും ചെയ്തു. വരാനുള്ളത്‌ വഴിയിൽ തങ്ങില്ല എന്നവണ്ണം പല മഹാദുരന്തങ്ങൾക്കും നമ്മൾ സാക്ഷിയായി. ബോക്സിങ്‌ ഡേ സുനാമിയും ജപ്പാനിലെ തുടർച്ചയായ ഭൂചലനങ്ങളും സുനാമിയും അങ്ങിങ്ങായി ചുഴലിക്കാറ്റ്‌ വിതച്ച കെടുതിയും തായ്‌ലന്റിലെ പ്രളയവും എല്ലാം നമ്മൾ കണ്ടു, പത്രങ്ങളിലൂടെയും ടിവിയിലൂടെയും അറിഞ്ഞു, അഥവാ ഒരു ചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ പുറത്തേയ്ക്ക്‌ കളഞ്ഞു. മഹാദുരന്തങ്ങൾ കേവലം ജപ്പാനിലും ഇന്തോനേഷ്യയിലും മാത്രമേ നടക്കൂ എന്നുറച്ചുവിശ്വസിക്കുന്ന നമുക്ക്‌ ഇതല്ലാതെ പിന്നെന്തു ചെയ്യാൻ കഴിയും അല്ലേ? സത്യത്തിൽ ഇതിനുവേണ്ടിത്തന്നെയല്ലേ ദൈവം നമുക്ക്‌ രണ്ട്‌ ചെവികൾ തന്നിട്ടുള്ളത്‌? പക്ഷേ, ഒന്ന്‌ നമ്മൾ എല്ലാവരും മറന്നു. രണ്ട്‌ ചെവികൾ തന്ന ദൈവം നമുക്ക്‌ രണ്ട്‌ കണ്ണുകളും പോരാത്തതിന്‌ ‘ബൈനോക്കുലർ വിഷനും’ തന്നിട്ടുണ്ട്‌. ഒരു കണ്ണിന്‌ മറുകണ്ണിനെ ഒരിക്കലും കബളിപ്പിക്കാനാവില്ല. കബളിപ്പിക്കപ്പെടുന്നതോ പാവം വായാണ്‌. കണ്ണുകൾ തുറന്ന്‌ എല്ലാം കണ്ടാലും ആവശ്യത്തിന്‌ വാ തുറന്നില്ലെങ്കിൽ തീർന്നില്ലേ കഥ!

അങ്ങനെ ആവശ്യത്തിന്‌ മാത്രം വാ തുറന്നിരുന്ന സലാമത്ത്‌ കൽപ്പറ്റ സൂചിപ്പിച്ച വിപത്തുകളെല്ലാം ഇപ്പോൾ കഴിഞ്ഞുപോയതോ ഇനി വരാനിരിക്കുന്നതോ ആയിരിക്കാം. വൻ വിപത്തുകളെപ്പറ്റി സൂചിപ്പിയ്ക്കുമ്പോഴും ഒടുവിൽ ‘പേടിയ്ക്കണ്ട ട്ടോ’ എന്ന്‌ പറയാൻ അയാൾ മറന്നിരുന്നില്ല. ആമിർ ഖാന്റെ AAL IZZ WELL പ്രയോഗം പോലെ! സത്യം പറഞ്ഞാൽ അത്രയെങ്കിലും അയാൾക്ക്‌ പറയാൻ കഴിഞ്ഞല്ലോ. ‘അമ്മ’യും ‘അച്ഛനും’ ‘ഗുരുദേവനു’മടക്കം ഇക്കണ്ട ആൾദൈവങ്ങളെല്ലം ഉണ്ടായിട്ടും ആർക്കും ഒരു വിപത്ത്‌ പോലും പ്രവചിക്കാൻ കഴിഞ്ഞില്ലല്ലോ! അതിനു വേണം വാ!

ഇപ്പോൾ എമിലിയിൽ പോവുമ്പോഴൊന്നും സലാമത്ത്‌ കൽപ്പറ്റയെ കാണാറില്ല. അയാൾ അവിടെയുണ്ടോ ഇല്ലയോ എന്ന്‌ എനിക്കറിയുകയുമില്ല. എന്നാൽ അയാൾ പറയാറുള്ള വാക്കുകൾ എപ്പോഴും മനസ്സിൽ അതുപോലെ കിടക്കും. ഓരോ ദുരന്തങ്ങൾ നടക്കുമ്പോഴും ഞാനതോർക്കുകയും ചെയ്യും. അത്‌ പ്രകൃതിദുരന്തമായാലും മനുഷ്യദുരന്തമായാലും! എന്താണീ പ്രകൃതിദുരന്തം? പ്രകൃതിയെ കുത്തിയും നോവിച്ചും മനുഷ്യൻ വ്രണപ്പെടുത്തുമ്പോൾ സ്വാഭാവികമായി പ്രകൃതി പ്രതികരിച്ചുപോകുന്നു. സത്യത്തിൽ രണ്ടും മനുഷ്യദുരന്തം തന്നെ. ആദ്യത്തേത്‌ പ്രവചിക്കാൻ സലാമത്ത്‌ കൽപ്പറ്റ വേണം, രണ്ടാമത്തേതിന്‌ പ്രവചനം ആവശ്യമില്ല. പ്രവചനം ആവശ്യമില്ലെങ്കിൽ പിന്നെ ദുരന്തങ്ങൾ എങ്ങനെയുണ്ടാവുന്നു? അതിനുദാഹരണമാണ്‌ പെരുമൺ ദുരന്തവും തട്ടേക്കാട്‌ ബോട്ടപകടവുമൊക്കെ. മനുഷ്യന്റെ ഒരു ചെറിയ പിഴവു മൂലം ഉണ്ടായവ. പിഴവ്‌ തിരുത്താൻ സമയം കിട്ടിയില്ല എന്നതായിരുന്നു ദുരന്തത്തിന്‌ വഴിവെച്ചത്‌. എന്നാൽ സമയം കിട്ടിയാലോ? കിട്ടിയ സമയം പിഴവ്‌ തിരുത്തുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്ത്‌ കളയും. അല്ലേ??

999 വർഷത്തെ കരാർ ഒപ്പിടുന്നതു വഴി ഇവിടെ പിഴവ്‌ സംഭവിച്ചു കഴിഞ്ഞു. തിരുത്താനുള്ള സമയം ഇപ്പോഴും പോയ്ക്കൊണ്ടിരിക്കുന്നു! വിള്ളൽ ഉണ്ടോ ഇല്ലയോ, ബാക്കി ഡാമുകൾ എങ്ങനെ നിലനിൽക്കുന്നു, ഇതൊന്നും ഇവിടെ പരിഗണിക്കേണ്ട കാര്യങ്ങളല്ല. പുതിയ ഡാമിനായി ആരും മുറവിളി കൂട്ടുന്നുമില്ല. സുരക്ഷയ്ക്കായാണ്‌ മുറവിളി. വാ തുറക്കേണ്ടത്‌ വായില്ലാക്കുന്നിലപ്പനാണ്‌. തുറപ്പിക്കേണ്ടത്‌ അനവസരത്തിൽ മാത്രം വാ തുറക്കുന്ന നമ്മുടെ മന്ത്രിമാരും! ചിന്തിക്കേണ്ടത്‌ നമ്മളാണ്‌. സലാമത്ത്‌ കൽപ്പറ്റയെപ്പോലെ ആവശ്യത്തിന്‌ വാ തുറക്കണോ എന്ന്‌.

മാധ്യമങ്ങൾക്ക്‌ ന്യൂസ്‌ വാല്യു വേണം. മന്ത്രിമാർക്ക്‌ പിറവവും! നമുക്കോ???