ഒഴുകുന്നൊരരുവിപോൽ
കളകളം മൂളുമീ
വഴിനീളെ വീഴുന്ന
ജലകണങ്ങൾ

മനസ്സിൻ തന്ത്രികൾ
അറിയാതെ മീട്ടുമീ
മഴനൂലിലലിയുന്നൊ-
രെൻ സ്വരങ്ങൾ

ഹൃദയം തുറന്നൊന്നു പാടി
മഴയിൽക്കുതിർന്നൊരെൻ പ്രണയം
മൃദുവാം തലോടലായ്‌ മാറി
അഴകെഴും നിൻ ആദിതാളം

ഉതിരുകയാണ്‌ വാക്കുകൾ പോൽ
പൊഴിയുകയാണ്‌ പൂക്കൾ പോൽ
ഇനിയുമെത്താത്ത തീരങ്ങൾ തേടി
ഇനിയുമൊടുങ്ങാത്ത സ്നേഹത്തിനായി
അവൾ പെയ്യുകയാണ്‌
എന്നുള്ളിലെ കുളിർമഴയായി

വിരഹിണിയാം പ്രണയിനി
പുണരുവാൻ വന്നതോ
തരളമാമനുരാഗം
അരുളാൻ തുനിഞ്ഞതോ
കനിവാർന്ന അവനിയെ
ചുംബിക്കാൻ വന്നതോ
അതോ ഋതുഭേദങ്ങൾക്കു
വഴിമാറിയതോ

പറയില്ല ഞാനെന്ന സന്ദേശം
തെളിയുന്നു നിൻ കുളിർത്തുള്ളിയിൽ
എവിടെയെൻ കണ്മണിയെന്നു ഞാൻ നോക്കവേ
വർണ്ണങ്ങളേഴുമെൻ മിഴികളിൽ പതിച്ചു
വിരഹത്തിൻ വ്യഥയിലാണ്ടുപോകാതെൻ കാമിനി
മാരിവില്ലിൻ നിറങ്ങളായ്‌ പരിണമിച്ചു