Search

അകക്കണ്ണ്

എന്നിലെ ഞാന്‍!

കുടുംബത്തിൽ കയറ്റാൻ പറ്റുന്ന പെൺകുട്ടി


ഒരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു
അവളെ ജീവനായ അച്ഛനും അമ്മയും ഉണ്ടായിരുന്നു
അവരൊരു യന്ത്രം വാങ്ങി വെച്ചിരുന്നു
അതവൾക്ക് ജ്യേഷ്ഠനെപ്പോലെയായിരുന്നു

പെൺകുട്ടി വളർന്നു
അവൾ പുസ്തകങ്ങൾ വായിച്ചു,
നാനാലിംഗത്തിലുള്ള സുഹൃത്തുക്കളെ കണ്ടെത്തി
എന്നാൽ അവരോടൊപ്പം നടന്നാൽ അവരെപ്പോലെയാവുമെന്ന്
യന്ത്രം താക്കീത് ചെയ്തു

പെൺകുട്ടി വളർന്നു
അവൾ യാത്രകളെ സ്നേഹിച്ചു തുടങ്ങി,
അർത്ഥമുള്ള സംവാദങ്ങളിലേർപ്പെട്ടു
എന്നാൽ ഒരിക്കലും ഒരു പെണ്ണ് തനിയെ യാത്ര ചെയ്യരുതെന്ന്
വീടിനകം വിടാത്ത യന്ത്രം കൽപ്പിച്ചു

പെൺകുട്ടി വളർന്നു
അവൾ ഒന്നല്ല പല തവണ പ്രണയിച്ചു,
ഇഷ്ടമുള്ള ആളെ മനസ്സിലാക്കാൻ ശ്രമിച്ചു
എന്നാൽ ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വത്ത് അവളുടെ പാതിവ്രത്യമാണെന്ന്
യന്ത്രം അവളെ സദാ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു

പെൺകുട്ടി വളർന്നു
അവൾ ഇഷ്ടമുള്ള വിഷയമെടുത്ത് പഠിച്ചു,
പതുക്കെ ചിറകുകൾ വിരിച്ചു
എന്നാൽ “സമയ”ത്തിന് വിവാഹം കഴിച്ചില്ലെങ്കിൽ
വിവാഹമേ നടക്കില്ലെന്ന് യന്ത്രം അവളെ പറഞ്ഞു പഠിപ്പിച്ചു

പെൺകുട്ടി വളർന്നു
അവൾ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ
ആർജ്ജവമുള്ള പെണ്ണുങ്ങളുമായി കൂട്ടുകൂടി
പെണ്ണൊരുപടി താഴെ നിന്നാലേ കുടുംബം പുലരൂ
എന്ന് യന്ത്രം അവളെ പറഞ്ഞു മനസ്സിലാക്കി

പെൺകുട്ടി വളർന്നു
അവൾ ഇഷ്ടമുള്ള ഉടുപ്പുകൾ ഇട്ടു,
ആരെയും കൂസാതെ നടന്നു
അതൊന്നും നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നും
ഭർതൃവീട്ടുകാർക്ക് അതിഷ്ടമല്ലെന്നും യന്ത്രം അവളെ ഉപദേശിച്ചു

പെൺകുട്ടി വളർന്നു
അവൾ സ്വയം നേടിയ ജോലി ചെയ്യാനായി
ദൂരദേശത്തേയ്ക് പോകാനാഗ്രഹിച്ചു
ഭർത്താവിനെ നോക്കാത്ത, മാതൃത്വം ആഗ്രഹിക്കാത്ത
കുടുംബിനി ഉത്തമയല്ലെന്ന് പറഞ്ഞ് യന്ത്രം അവളെ വിലക്കി

പെൺകുട്ടി വളർന്നു
അവൾക്കൊരു പെൺകുഞ്ഞ് ജനിച്ചു
മകളെയും കൂട്ടി അവൾ യാത്ര ചെയ്യാൻ ആഗ്രഹിച്ചു
പെണ്ണിന്റെ ജോലി വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കലാണെന്ന് പറഞ്ഞ്
യന്ത്രം അവളെ നിലയ്ക്കു നിർത്തി

പെൺകുട്ടി വളർന്നു
മകളെ അവൾ യന്ത്രത്തിന്റെ കണ്ണിൽപ്പെടാതെ വളർത്തി
നീ അത്രയ്ക്ക് വളർന്നോ എന്ന് യന്ത്രം ക്ഷുഭിതനായി!
എന്നെ എപ്പോഴാണ് വളരാൻ വിട്ടത് എന്നവൾ തിരിച്ചു ചോദിച്ചു
ആദ്യമായി യന്ത്രത്തിന് അഭിമാനക്ഷതമേറ്റു

പെൺകുട്ടിയുടെ പെൺകുട്ടി വളർന്നു
അവൾ കുടുംബത്തിൽ കയറ്റാൻ പറ്റുന്ന
പെൺകുട്ടിയായി വളരാത്തതിൽ യന്ത്രം രോഷാകുലനായി
തല തെറിച്ചവളെന്നും വേശ്യയെന്നും വിളിച്ച്
അവളെ “ചെറുതാക്കാൻ” ശ്രമിച്ച് സ്വയം ചെറുതായി

അമ്മയും മകളും വളർന്നു
അവരൊന്നിച്ചൊരു യാത്ര പുറപ്പെട്ടു
കുടുംബത്തിൽ കയറ്റാൻ പറ്റാത്തത്ര വലിപ്പത്തിൽ
അവർ വളർന്നു കൊണ്ടേയിരുന്നു
സംസ്കാരം കാത്തുസൂക്ഷിക്കാനാവാതെ യന്ത്രം ഉഴറി

അമ്മയുടെയും മകളുടെയും
യാത്ര അവസാനിച്ചതേയില്ല!
യന്ത്രമൊട്ടു വളർന്നതുമില്ല!

അവരുടെ ‘സൗഖ്യ’ത്തിന് ഒരു വയസ്സ്


കശ്‌മീരിനും അവിടുത്തെ ആളുകൾക്കും ‘സൗഖ്യ’മാണെന്നും ‘ഇന്ത്യ ഒന്നായെ’ന്നും പറഞ്ഞ് നമ്മൾ ആഘോഷിക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷം.
2019 ഓഗസ്റ്റ് 5. അതിനു ശേഷം CAA NRC യ്ക്ക് എതിരെയുള്ള പ്രതിഷേധസമരങ്ങൾ രാജ്യമൊട്ടാകെ പടർന്നു പിടിച്ചു. പിന്നീട് ലോകത്തെത്തന്നെ സ്തംഭിപ്പിച്ച് കോവിഡ് വന്നു. എന്നിട്ടെന്ത് സംഭവിച്ചു? വൈറസിനെ വേട്ടയാടേണ്ട സർക്കാർ ആക്ടിവിസ്റ്റുകളെ വേട്ടയാടുന്നു, പ്രൊഫസർമാരെ വേട്ടയാടുന്നു, എഴുത്തുകാരെ വേട്ടയാടുന്നു, ചുരുക്കത്തിൽ പറഞ്ഞാൽ ചിന്തിക്കാൻ ശേഷിയുള്ള ഏതൊരു ഇന്ത്യൻ പൗരനെയും വേട്ടയാടുന്നു. എങ്കിലും നമ്മൾ ഒരു കൂട്ടം ‘ദേശസ്നേഹികൾ’ ഇന്ന് കശ്മീരിനെ ഇന്ത്യയോട് ‘ചേർത്ത’ത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കും. നമ്മളെ സംബന്ധിച്ചിടത്തോളം അവർക്ക് ഇപ്പോഴും സൗഖ്യമാണ്.

സൗഖ്യം മൈര്!

സൗഖ്യം // സ്പോക്കൺ വേർഡ്

അവർക്ക് സൗഖ്യമാണ്!
പ്രതികരിക്കാൻ പറ്റാതിരിക്കുന്നിടത്തോളം കാലം
അവർക്ക് സൗഖ്യമാണ്!
വായ മൂടിക്കെട്ടിയതും തടങ്കലിൽ വെച്ചതും എല്ലാം
അവരുടെ സുഖത്തിനു വേണ്ടിയാണ്
അവരുടെ അവകാശങ്ങളും ബന്ധങ്ങളും വിച്‌ഛേദിച്ചത്
അവരുടെ തന്നെ സുരക്ഷയ്ക്കു വേണ്ടിയാണ്
അവർക്ക് സൗഖ്യമാണ്!
സത്യം വിളിച്ചു പറയാൻ പറ്റാത്തിടത്തോളം കാലം,
പ്രതിഷേധസ്വരങ്ങൾക്ക് ഉയരാൻ അനുവാദമില്ലാത്തിടത്തോളം കാലം,
സ്വാതന്ത്ര്യത്തിന്റെ ചുരുണ്ട മുഷ്ടികളിൽ വിലങ്ങുള്ളിടത്തോളം കാലം
അവർക്ക് സൗഖ്യമാണ്!
അവരുടെ കൊടി നമ്മുടേതാക്കിയത്
അവരുടെ തന്നെ നന്മയ്ക്കു വേണ്ടിയാണ്
അവരുടെ ഭൂമി നമുക്ക് പകുത്തെടുക്കാൻ പാകത്തിലാക്കിയതോ?
രാജ്യത്തിൻറെ പുരോഗതിയ്ക്കു വേണ്ടിയാണ്
അവർക്ക് സൗഖ്യമാണ്!
കാരണം അവരിപ്പോൾ നമുക്ക് സ്വന്തമാണ്!

നല്ല കുട്ടി സിൻഡ്രോം


ഞാനൊരു നല്ല കുട്ടിയായിരുന്നു
അനുസരണയായിരുന്നു കൂട്ട്
പേടിയും വിശ്വാസവും ആവോളം,
തൊണ്ടയിൽ കുരുങ്ങിക്കിടന്ന ചോദ്യങ്ങൾ അനവധി

ഞാനൊരു നല്ല കുട്ടിയായിരുന്നു
മിടുക്കനായിരുന്നു പഠനത്തിൽ
ജോലി തന്നെ ജീവിതവിജയമെന്നും
ആവർത്തനം തന്നെ ജീവിതമെന്നും
അതിനാൽ ഇതു തന്നെ സുരക്ഷിതമെന്നും കരുതിപ്പോന്നു

ഞാനൊരു നല്ല കുട്ടിയായിരുന്നു
പാട്ട് പാടി ജീവിക്കാനാവില്ലെന്ന് എന്നെ ആരോ പഠിപ്പിച്ചിരുന്നു
എന്നാലത് ദൈവീകമാണെന്നും പാരലലായി കൊണ്ടുനടക്കണമെന്നുമുള്ള
ഉപദേശവും ഞാൻ ശിരസ്സാവഹിച്ചിരുന്നു
കല കൊണ്ട് മാത്രം കലത്തിൽ കഞ്ഞി വേവില്ലെന്ന് എന്നെ ധരിപ്പിക്കാൻ
എനിക്ക് ചുറ്റും ധാരാളം ജീവിതങ്ങളുണ്ടായിരുന്നു

ഞാനൊരു നല്ല കുട്ടിയായിരുന്നു
മുതിർന്നവരോട് ബഹുമാനം ‘കാണിക്കാൻ’ ഞാൻ പരിശീലിച്ചിരുന്നു
ആദ്യം കയ്ച്ചാലും പിന്നെ മധുരിയ്ക്കുന്ന നെല്ലിക്കയോട് പ്രിയമായിരുന്നു
വിവാഹവും സന്താനോൽപ്പാദനവും എല്ലാരും ചെയ്യേണ്ടതാണെന്നും
‘അതിന്റേതായ’ സമയത്ത് എല്ലാം ചെയ്തില്ലെങ്കിൽ കുഴപ്പമാണെന്നും ധരിച്ചിരുന്നു
പെണ്ണിനെ പോറ്റുന്നവനാണ്‌ ആണെന്ന് പഠിച്ചു വെച്ചിരുന്നു
സർക്കാർ ജോലിയായാൽ ജീവിതം സുഭദ്രമാണെന്നും കരുതിയിരുന്നു

ഞാനൊരു നല്ല കുട്ടിയായിരുന്നു
ജീവിതത്തിന്റെ നാലുപാടും സ്ത്രീവിരുദ്ധതയും ജെൻഡർ പോലീസിങ്ങും
പഴകി ജീർണ്ണിച്ചിരിക്കുന്നത് കാണാനുള്ള കണ്ണെനിക്കില്ലായിരുന്നു
പകരം എല്ലാറ്റിലുമുള്ള ‘നല്ലത്’ മാത്രം കാണുന്ന ഉത്തമപുത്രനായിരുന്നു
‘ദുശ്ശീലങ്ങളേ’തുമില്ലാത്ത ഐഡിയൽ ജീവിതം ഇരുപത്തിയൊന്നാം വയസ്സിൽ-
ത്തന്നെ നേട്ടങ്ങളുടെ പാരമ്യത്തിലെത്തിച്ചിരുന്നു
എന്നിട്ടും ചോദ്യങ്ങൾ ചോദിക്കാതെ, വിനയം കൈ വിടാതെ നിന്നത്
‘നല്ല കുട്ടി’ എന്ന ലേബലിന് വേണ്ടിയായിരുന്നു

എന്നിട്ടും എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?
അനുസരണയില്ലാതായപ്പോഴോ?
ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോഴോ?
ഏറ്റവും സുരക്ഷിതമെന്ന് കരുതിയ വഴിയിൽ നിന്ന്
തിരിഞ്ഞു നടന്നുതുടങ്ങിയപ്പോഴോ?

എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?
സ്ത്രീവിരുദ്ധവും ജാതീയവുമായ തമാശകളെയും പദപ്രയോഗങ്ങളെയും
വീട്ടിൽ വരെ എതിർത്തു തുടങ്ങിയപ്പോഴോ?
“ഇപ്പൊ നിനക്കിതൊന്നും പറഞ്ഞാ മനസ്സിലാവൂല,
എന്റെ പ്രായം എത്തട്ടെ” എന്ന കൂടുതൽ ഓണം ഉണ്ടവരുടെ
ഒതുക്കിനിർത്തുന്ന നയത്തോട് മല്ലിട്ടു തുടങ്ങിയപ്പോഴോ?

എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?
ജോലി നേടാനല്ല അറിയാനാണ് പഠിക്കുന്നതെന്ന്
പറയാനും പ്രചരിപ്പിക്കാനും തുടങ്ങിയപ്പോഴോ?
ഹൈസ്കൂളിൽ ഉള്ളറിയാതെ പഠിച്ച ചരിത്രപാഠങ്ങൾ പലതും
യാത്ര ചെയ്തും ആളുകളോട് സംവദിച്ചും
ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചു തുടങ്ങിയപ്പോഴോ?
വിവാഹവും വിവാഹാനന്തരം പരസ്പരം ‘അഡ്ജസ്റ്റ്’ ചെയ്തുള്ള ജീവിതവും
സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണെന്നും,
അങ്ങനെ വിട്ടുവീഴ്ച ചെയ്താലേ കുടുംബഭദ്രത ഉണ്ടാവൂ എന്ന ധാരണ
മനുഷ്യവിരുദ്ധമാണെന്നും തുറന്നടിച്ചു പറയാൻ തുടങ്ങിയപ്പോഴോ?
ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും വേണ്ട ഒന്നാണ് ഫെമിനിസം എന്ന്
കിട്ടുന്ന വേദിയിലെല്ലാം വാദിച്ചു തുടങ്ങിയപ്പോഴോ?

എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?
ചുറ്റുമുള്ള യാഥാർഥ്യത്തെയും ജീവിതങ്ങളെയും ഉൾക്കൊണ്ട്
വാക്കിലും പ്രവൃത്തിയിലും പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരുവനും
കലാകാരനാണെന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോഴോ?

അതോ, ഇത്ര വരികൾ വേണം, കാവ്യഭംഗി വേണം,
മഴ വേണം, പുഴ വേണം എന്നൊന്നും കരുതാതെ
പറയാനുള്ളതെന്തും പറയാൻ, നിയമങ്ങൾ പാലിക്കാതെയും
കവിതയ്ക്ക് നിലകൊള്ളാം എന്ന് മനസ്സിലാക്കി
ഈ കവിത ആവേശത്തോടെ ചൊല്ലിത്തുടങ്ങുമ്പോഴോ?
എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?

കലയോ കലാകാരനോ?


15581657-seamless-patterns-black-white-01

കോഴിയോ കോഴിമുട്ടയോ എന്ന പോലെ അത്ര കുഴപ്പിയ്ക്കുന്ന ചോദ്യമൊന്നുമല്ല. ഒരേയൊരു കാര്യം ഓര്‍ത്താല്‍ മതി. അപ്പോള്‍ ഉത്തരം കിട്ടും. കലാസൃഷ്ടിയ്ക്കാണോ കലാകാരനാണോ ആസ്വാദകരുടെ സപ്പോര്‍ട്ട് ഇല്ലാതെ നിലനില്പ്പില്ലാത്തത്? തീര്‍ച്ചയായും കലാകാരനാണ്. കല, അത് കാലാതീതമാണെങ്കില്‍ (ടൈംലെസ്സ്) ഒന്നും ചെയ്യാതെ തന്നെ നിലനില്‍ക്കും. പക്ഷേ നമ്മള്‍ മണ്ടശിരോമണികള്‍ എന്നും എപ്പോഴും കലാകാരന് പിറകെ മാത്രമേ ഓടിയിട്ടുള്ളൂ. ഒരാള്‍ ഒരു പാട്ടിറക്കിയാല്‍ ആ പാട്ടിനെ മനസ്സിലാക്കുന്നതിനെക്കാള്‍ നമുക്ക് ഉത്സാഹം ആ പാട്ടിലൂടെ അയാളെ മനസ്സിലാക്കുന്നതിലാണ്. അങ്ങനെ അയാള്‍ക്ക് നമ്മള്‍ ഒരു ഇമേജും പതിച്ചു കൊടുക്കും. ആ ഇമേജിന്റെ പേരിലാണ് അയാളുടെ രണ്ടാമത്തെ പാട്ടിനെ നമ്മള്‍ അറിയുക, അളക്കുക! ഇതെല്ലം അയാള്‍ നമ്മളെക്കൊണ്ട് ചെയ്യിക്കുന്നതാണോ? അല്ലേയല്ല! “മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോയി” പോലെയുള്ള പ്രയോഗങ്ങളെല്ലാം അങ്ങനെ വന്നതാണ്. വിഗ്രഹം ഉണ്ടാക്കാന്‍ ഒരിക്കലും അയാള്‍ നമ്മളോട് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

ഒരുദാഹരണം പറയാം. വിശ്വാസികള്‍ വിശ്വസിക്കുന്നത് ദൈവമാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ചത് എന്നാണല്ലോ. അങ്ങനെയെങ്കില്‍ ദൈവം കലാകാരനും പ്രപഞ്ചം അയാളുടെ കലയും ആകുന്നു. നമ്മള്‍ പ്രപഞ്ചത്തെ/പ്രകൃതിയെ ആരാധിക്കണം എന്നാണ് പാവം ദൈവം പോലും ആഗ്രഹിക്കുന്നത്. കാരണം ഏതൊരു നല്ല കലാകാരനും അയാളുടെ കല എല്ലാവരിലേയ്ക്കും എത്തണം എന്നേ ആഗ്രഹിക്കാറുള്ളൂ, അല്ലാതെ അയാളെ എല്ലാവരും പൂവിട്ടു പൂജിക്കണം എന്നല്ല. എന്നാല്‍ നമ്മള്‍ ചെയ്യുന്നതെന്താ? പ്രപഞ്ചം എന്ന കലാസൃഷ്ടിയെ അവിടെ ഉപേക്ഷിച്ച് ദൈവം എന്ന കലാകാരന്റെ പിറകെ പായുന്നു. സത്യത്തില്‍ ദൈവം ഈസ് ഫെഡ് അപ്പ്‌ വിത്ത്‌ അസ്‌! അങ്ങേരിത് പറഞ്ഞ് മടുത്തതാ. നമ്മള്‍ പക്ഷേ ഒരിക്കലും അനുസരിക്കില്ല.

ഇനിയെങ്കിലും നമുക്ക് ശ്രമിക്കാവുന്ന ഒരു കാര്യമാണ്, ആര്‍ട്ടിനെ ആര്‍ട്ടിസ്റ്റില്‍ നിന്ന്‍ ഡിറ്റാച്ഡ് ആയി കാണാന്‍. ഈ പറയുന്ന പോലെ അത്ര എളുപ്പമല്ല ഇത് ചെയ്യാന്‍. ആദ്യം ഈ വിഗ്രഹം ഉണ്ടാക്കല്‍ പരിപാടിയൊക്കെയങ്ങ് മാറ്റിവെയ്ക്കണം. ഈ “സ്റ്റാര്‍ സ്ട്രക്ക്” എന്ന അവസ്ഥയൊക്കെ വെറും സൂപ്പര്‍ഫീഷ്യല്‍ മാത്രമാണെന്ന് തിരിച്ചറിയണം. നമ്മള്‍ തന്നെ ക്രിയേറ്റ് ചെയ്യുന്ന കുറച്ച് നേരത്തേയ്ക്കുള്ള ആനന്ദമാണതെന്ന് മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു. എന്നിട്ട് ആരെങ്കിലും “art or the artist?” എന്ന്‍ ചോദിച്ചാല്‍ ഒരു സംശയവും കൂടാതെയങ്ങ് പറഞ്ഞേക്കണം, “art, always!” എന്ന്‍.

പുറകോട്ട് നടത്തുന്ന ആചാരങ്ങള്‍ // രാജസ്ഥാന്‍ //


parched_child marriage

ജൈസല്‍മേറില്‍ നിന്ന്‍ ജോധ്പൂരിലേയ്ക്ക് പോകവേ ബസ്സില്‍ വെച്ചാണ് ഞങ്ങള്‍ അതുവരെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ആ അപൂര്‍വ്വ കാഴ്ച കണ്ടത്. 15 വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കാത്ത ഒരു പയ്യന്‍, 12 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. രണ്ടു പേരും കിരീടം പോലെ എന്തോ അണിഞ്ഞിട്ടുണ്ട്. പല വര്‍ണ്ണങ്ങളില്‍ ഉള്ള ഷോളും ധരിച്ചിരിക്കുന്നു. പോരാത്തതിന് തിളങ്ങുന്ന കുപ്പായവും. എന്റെ സുഹൃത്ത് മിഥുനാണ് “ഇതതല്ലേ” എന്ന സംശയഭാവത്തില്‍ എന്നെ നോക്കിയത്. ആദ്യം വിശ്വസിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും “ഇതത്” തന്നെ എന്ന്‍ വൈകാതെ ഞങ്ങള്‍ക്ക് മനസ്സിലായി.
“പാര്‍ച്ഡ്” കണ്ട പരിജ്ഞാനം വെച്ച് രാജസ്ഥാനില്‍ ഇതൊന്നും അത്ര അപൂര്‍വ്വമാവില്ല എന്നും ഊഹിച്ചു. ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയ നിമിഷമായിരുന്നെങ്കിലും തല്ല് കിട്ടുമെന്ന് കരുതി മാത്രം അതിനു മുതിര്‍ന്നില്ല.

(2017ന്റെ ഒടുക്കം നടത്തിയ രാജസ്ഥാന്‍ യാത്രയില്‍ നിന്ന്‍)

Picture Courtesy: “Parched” by Leena Yadav

ലുക്ക്‌-ഗുഡ് മിറര്‍


look good mirror

ഹോട്ടലിലെ വാഷ്‌റൂമില്‍ കൈ കഴുകിയ ശേഷം തല പൊന്തിച്ചു നോക്കിയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. അര മണിക്കൂര്‍ മുമ്പ് വീട്ടിലെ കണ്ണാടിയില്‍ കണ്ട ഞാനേ അല്ല. സുന്ദരനായിരിക്കുന്നു! സ്വാഭാവികമായും കുറച്ച് സന്തോഷമൊക്കെ തോന്നി. ഒന്നുകൂടി സ്വന്തം സൗന്ദര്യം കണ്ടാസ്വദിച്ച് കുറച്ച് വെള്ളം തളിച്ച് മുടി മിനുക്കി, മൂന്നാല് അസ്സല്‍ നാര്‍സിസ്സിസ്റ്റിക്ക് പോസുകള്‍ ചെയ്ത് കാണിച്ച ശേഷം ഞാന്‍ വാഷ്‌റൂമിന് പുറത്തിറങ്ങി. അങ്ങ് ദൂരെയുള്ള ടേബിളില്‍ ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ ഞാന്‍ സ്വയം കൂടുതല്‍ സുന്ദരനായെന്ന അപ്പോള്‍ പതിച്ചു കിട്ടിയ എക്സ്ട്രാ കോണ്‍ഫിഡെന്‍സിന്റെ ബലത്തില്‍ നോക്കി. ഊണ് പറയാനിരുന്ന ഞാന്‍ ബിരിയാണിയും പറഞ്ഞു. മൊത്തത്തില്‍ മനസ്സിനും വയറിനും സുഖം കിട്ടി.

പറഞ്ഞു വന്നത് വാഷ്‌റൂമില്‍ വെച്ച് എന്നെ സന്തോഷിപ്പിച്ച ആ കണ്ണാടിയെക്കുറിച്ചാണ്. പൊതുവെ ഷോപ്പിംഗ്‌ മാളുകളുടെ വാഷ്‌റൂമിലാണ് ഇങ്ങനെ ആളുകളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്ന കണ്ണാടികള്‍ ഞാന്‍ കണ്ടിട്ടുള്ളത്. കണ്ണാടി സെല്‍ഫികള്‍ ഒരുപാട് വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. സത്യത്തില്‍ ഈ “ലുക്ക്‌-ഗുഡ്” കണ്ണാടികള്‍ നമ്മുടെ കോണ്ഫിഡെന്‍സ് ലെവല്‍ നമ്മളറിയാതെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മോശം ദിവസത്തിലൂടെ കടന്ന് പോകുന്ന ഒരാളുടെ മൂഡ്‌ വരെ നന്നാക്കുന്നു. എല്ലാറ്റിലുമുപരി നമുക്ക് ഒരു “ഇമ്പോര്‍ട്ടന്റ് ഫീല്‍” തരുന്നു.

ഒരു ലുക്ക്‌-ഗുഡ് മിറര്‍ പോലെയായിരിക്കണം നമ്മളോരോരുത്തരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളോട് സംസാരിക്കുന്നവരുടെ കോണ്ഫിഡെന്‍സ് ബൂസ്റ്റ്‌ ചെയ്യാന്‍ നമുക്ക് കഴിയണം. അയാളുടെ അതുവരെയുള്ള മോശം മൂഡ്‌ മാറ്റി മുഖത്തൊരു ചിരി വിടര്‍ത്താന്‍ നമുക്ക് കഴിയണം. മറ്റാരും കൊടുക്കാത്ത അത്ര ഇമ്പോര്‍ടന്‍സ് അയാള്‍ക്കുണ്ടെന്ന്‍ ഫീല്‍ ചെയ്യിക്കാനും കഴിയണം.

പറയാന്‍ വളരെ എളുപ്പമാണ്. ചിലര്‍ക്കൊക്കെ ഇത് ചെയ്യാനും എളുപ്പമാണ്. ചെയ്തുകൊണ്ടേയിരിയ്ക്കുക എന്നതാണ് വിഷമം പിടിച്ച പണി. ഇതുവരെ ശ്രമിച്ചു നോക്കിയിട്ടില്ലെങ്കില്‍ ഇന്ന് തന്നെ തുടങ്ങിക്കോളൂ.

വില്‍ക്കാനുണ്ട് സത്യങ്ങള്‍


media

ഞങ്ങള്‍ സത്യങ്ങള്‍!
വിശ്വസിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍,
വളച്ചൊടിച്ചാലും നോവാത്തവര്‍,
വഴിയോരത്ത് തെണ്ടേണ്ടി വരുന്നവര്‍,
പരാതികളില്ലാത്തവര്‍, പീഡിതര്‍!

ഞങ്ങള്‍ സത്യങ്ങള്‍!
നിങ്ങളുടെ വായിലെ കളിക്കോപ്പുകള്‍,
ചൂടേറിയ ചര്‍ച്ചയിലെ ബലിയാടുകള്‍,
പരസ്പരബന്ധമില്ലാത്ത നേരമ്പോക്കുകള്‍,
വിവേകത്തെ കീഴ്പ്പെടുത്തുന്ന വൈറസുകള്‍.

ഞങ്ങള്‍ സത്യങ്ങള്‍!
പല പേരില്‍ അറിയപ്പെടുന്നവര്‍,
നിങ്ങള്‍ക്കിഷ്ടമുള്ള രൂപം ധരിക്കുന്നവര്‍,
സ്വന്തം മേല്‍വിലാസം നഷ്ടപ്പെട്ടവര്‍,
അഭിപ്രായസ്വാതന്ത്ര്യമില്ലാത്തവര്‍.

ഞങ്ങള്‍ സത്യങ്ങള്‍!
ടി ആര്‍ പി റേറ്റിംഗ് കൂട്ടുന്നവര്‍,
തകര്‍ന്നു കഴിഞ്ഞും ‘ബ്രേക്കിംഗ്’ ആവാന്‍ വിധിക്കപ്പെട്ടവര്‍,
ആത്മാവില്ലാതെ ടിവിയിലും പത്രത്തിലും മരിച്ചുവീണവര്‍,
നിങ്ങളുടെ സന്തതികള്‍!

ഞങ്ങള്‍ സത്യങ്ങള്‍!
ഞങ്ങളല്ലാതായവര്‍,
വഴിപിഴച്ചുപോയവര്‍,
വില്‍പ്പനച്ചരക്കുകള്‍!

ഞങ്ങള്‍ക്ക് നുണകളോട് അസൂയയാണ്
അവരൊക്കെ എത്ര ഭാഗ്യം ചെയ്തവര്‍!

ദേശസ്നേഹം അഥവാ ദേശഭയം


nationalism-quotes_tagore

എഴുന്നേല്‍ക്കാന്‍ തെല്ലും മടിയില്ലാതിരുന്ന എന്നെ
നിങ്ങള്‍ ബലമായി എഴുന്നേല്‍പ്പിച്ചു

ബഹുമാനിക്കാന്‍ തെല്ലും മടിയില്ലാതിരുന്ന എന്നെ
നിങ്ങള്‍ ബഹുമാനമെന്തെന്ന് തല്ലിപ്പഠിപ്പിച്ചു

വെറുക്കാന്‍ ഒട്ടും ശീലിച്ചിട്ടില്ലാത്ത എന്നില്‍
നിങ്ങള്‍ വെറുപ്പ് കുത്തിവെച്ചു

വ്രണങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത എന്റെ വികാരങ്ങളെ
നിങ്ങള്‍ വ്രണപ്പെടാന്‍ പരിശീലിപ്പിച്ചു

ചോദ്യങ്ങള്‍ ചോദിക്കാന്‍ മുമ്പില്‍ നിന്നിരുന്ന എനിക്ക്
നിങ്ങള്‍ അനുസരണയ്ക്കുള്ള മരുന്ന്‍ തന്നു

സാധാരണക്കാരനു വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന എന്നെ
നിങ്ങള്‍ അതിര്‍ത്തിയില്‍ കൊണ്ടുനിര്‍ത്തി സല്യൂട്ട് ചെയ്യാന്‍ പഠിപ്പിച്ചു

കൂടപ്പിറപ്പിനെപ്പോലും കടിച്ചുകീറാനുള്ള ലൈസെന്‍സായി
നിങ്ങള്‍ ദേശസ്നേഹത്തെ എനിക്ക് മുന്നില്‍ അവതരിപ്പിച്ചു

ഇങ്ങനെ അടിച്ചേല്‍പ്പിയ്ക്കാന്‍ മാത്രം ദേശസ്നേഹം എന്നാണ്
ദേശഭയം എന്ന പേരില്‍ തരംതാഴ്ന്നത്?

യുദ്ധം


war

രാജ്യവും രാജ്യവും തമ്മില്‍ യുദ്ധം ചെയ്തു!
എന്റെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു

സംസ്ഥാനങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്തു!
എന്റെ ഭാഷ സംസാരിക്കുന്നവരെയെല്ലാം ഞാന്‍ എന്റെ ആളുകള്‍ എന്ന് വിളിച്ചു

മതസംഘടനകള്‍ തമ്മില്‍ യുദ്ധം ചെയ്തു!
നെറ്റിയിലെ കുറിയും കഴുത്തിലെ കൊന്തയും ഞാന്‍ വേര്‍തിരിച്ചു കാണാന്‍ തുടങ്ങി

ഗ്രാമങ്ങള്‍ തമ്മിലായി പിന്നെ യുദ്ധം
അന്യഗ്രാമത്തിലെ സാധനങ്ങള്‍ മുഴുവന്‍ ഞാന്‍ തീവെച്ചു നശിപ്പിച്ചു

വീടുകള്‍ തമ്മിലുള്ള യുദ്ധത്തില്‍
വേലികള്‍ വളര്‍ന്ന് മതിലുകളായി!
ഞാന്‍ എറിയുന്ന ബോംബുകള്‍
ആ മതിലുകള്‍ കടന്നു പോകുമെന്ന് ഞാന്‍ ഉറപ്പുവരുത്തി

ആളുകള്‍ തമ്മിലുള്ള യുദ്ധത്തില്‍
മുറികള്‍ രാജ്യങ്ങളായി!
എനിക്ക് ചുറ്റുമുള്ള നാല് ചുമരുകള്‍ക്കുള്ളില്‍
ഞാന്‍ എന്റെ ലോകം സൃഷ്ടിച്ചു

എന്റെ ലോകത്തില്‍ ഞാന്‍ അഭിമാനം കൊണ്ടു,
അതിന്റെ അധിപനായി സ്വയം അവരോധിച്ചു
കാരണം എന്നോട് യുദ്ധം ചെയ്ത് എന്നെത്തന്നെ ജയിക്കാന്‍
അതിനോടകം ഞാന്‍ മറന്നു പോയിരുന്നു

Create a free website or blog at WordPress.com.

Up ↑